Trisha | തൃഷ ഇനി ക്യാമറയ്ക്ക് മുന്നിലുണ്ടാവില്ലേ? സിനിമ വിടുന്നുവെന്ന പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ!
- Published by:Sneha Reghu
- news18-malayalam
Last Updated:
കഴിഞ്ഞ മൂന്ന് മാസമായി താരം പുതിയ ചിത്രങ്ങളിലൊന്നും കരാറൊപ്പിട്ടിട്ടില്ല
42-ാം വയസ്സിലും തെന്നിന്ത്യയിലെ മുൻനിര നായികയായി തുടരുന്ന തൃഷയ്ക്ക് ആരാധകർ നൽകുന്ന സ്നേഹം സമാനതകളില്ലാത്തതാണ്. എന്നാൽ സിനിമാ പ്രേമികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ട് താരം അഭിനയരംഗം വിടാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വർഷങ്ങളായി നീണ്ടുനിൽക്കുന്ന കരിയറിൽ അവിസ്മരണീയമായ വേഷങ്ങൾ ചെയ്ത തൃഷ, വ്യക്തിപരമായ കാരണങ്ങളാലോ അതോ പുതിയ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണോ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത് എന്ന ചർച്ചകൾ സജീവമാണ്. തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന ഈ വാർത്തയ്ക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പരിശോധിക്കാം.
advertisement
1999-ൽ പുറത്തിറങ്ങിയ 'ജോഡി' എന്ന ചിത്രത്തിൽ നടി സിമ്രാന്റെ സുഹൃത്തായി ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് തൃഷ ക്യാമറയ്ക്ക് മുന്നിലെത്തിയത്. എന്നാൽ ഒരു നായിക എന്ന നിലയിൽ തൃഷയുടെ ജൈത്രയാത്ര ആരംഭിക്കുന്നത് 2002-ലാണ്. അമീർ സംവിധാനം ചെയ്ത 'മൗനം പേസിയാതെ' എന്ന ചിത്രത്തിലൂടെ സൂര്യയുടെ നായികയായി തൃഷ കോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരം പിന്നീട് തമിഴ് സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറുകയായിരുന്നു.
advertisement
തമിഴ് സിനിമയിൽ 'മനസെല്ലാം', 'സാമി', 'ലേസ ലേസ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കവർന്ന തൃഷ, 2003-ൽ 'നീ മനസ്സു നാക്കു തെലുസു' എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമാലോകത്തേക്ക് ചുവടുവെക്കുന്നത്. എന്നാൽ തൃഷയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായത് 2004-ൽ പുറത്തിറങ്ങിയ 'ഗില്ലി' എന്ന മെഗാ ഹിറ്റ് ചിത്രമാണ്. വിജയ് നായകനായ ഈ ചിത്രത്തിലെ 'ധനലക്ഷ്മി' എന്ന കഥാപാത്രം തൃഷയ്ക്ക് തമിഴ്നാട്ടിലുടനീളം വൻ ജനപ്രീതിയും അംഗീകാരവും നേടിക്കൊടുത്തു. ഈ ചിത്രത്തിന്റെ വമ്പിച്ച വിജയം തൃഷയെ തെന്നിന്ത്യയിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.
advertisement
തമിഴ് സിനിമയിലെ മുൻനിര നായകന്മാർക്കെല്ലാം ഒപ്പം നായികയായി അഭിനയിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് തൃഷ. സൂര്യയുടെ 'ആയുധ എഴുത്ത്', വിജയ്‌യുടെ 'തിരുപ്പാച്ചി', അജിത്തിന്റെ 'ജി', ജയം രവിയുടെ 'സംതിംഗ് സംതിംഗ്' തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ തൃഷ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. കഴിഞ്ഞ 25 വർഷമായി തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ പദവിയിൽ തിളങ്ങിനിൽക്കുന്ന തൃഷ, ഏറ്റവും ഒടുവിലായി അഭിനയിച്ചത് കമൽ ഹാസൻ നായകനായ 'തഗ് ലൈഫ്' (Thug Life) എന്ന ചിത്രത്തിലാണ്.
advertisement
തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന തൃഷയുടെ അടുത്ത റിലീസുകൾക്കായി ആരാധകർ വലിയ കാത്തിരിപ്പിലാണ്. സൂര്യ നായകനാകുന്ന 'കറുപ്പ്' എന്ന ചിത്രത്തിലാണ് തൃഷ അടുത്തതായി അഭിനയിക്കുന്നത്. മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'റാം' എന്ന ചിത്രത്തിനാണ്. ഏറെക്കാലമായി നിർമ്മാണത്തിലിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം തൃഷയുടെ മലയാളത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവാകും. വരും മാസങ്ങളിൽ തെന്നിന്ത്യൻ സിനിമയിലെ ഈ വലിയ റിലീസുകൾ ഓരോന്നായി തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
75-ലധികം സിനിമകളിൽ അഭിനയിച്ച് തെന്നിന്ത്യൻ സിനിമാലോകത്തെ അപ്രമാദിത്വം നിലനിർത്തുന്ന തൃഷ, അഭിനയരംഗം വിടാനൊരുങ്ങുകയാണോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ മൂന്ന് മാസമായി താരം പുതിയ ചിത്രങ്ങളിലൊന്നും കരാറൊപ്പിട്ടിട്ടില്ല എന്ന റിപ്പോർട്ടുകളാണ് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നത്. നിലവിൽ കൈനിറയെ പ്രോജക്റ്റുകളുമായി തിരക്കിലാണെങ്കിലും, പുതിയ സിനിമകൾ ഏറ്റെടുക്കാത്തതാണ് ചില സംശയങ്ങൾക്ക് കാരണം. എന്നാൽ ഈ വാർത്തകളോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമയിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണോ അതോ അഭിനയം പൂർണ്ണമായും നിർത്തുകയാണോ എന്ന കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.
advertisement
വെള്ളിത്തിരയിൽ മാത്രമല്ല, സമൂഹാധ്യമ ലോകത്തും തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു തൃഷ. 'ബൃന്ദ' എന്ന വെബ് സീരീസിലെ മികച്ച പ്രകടനത്തിലൂടെ ഒടിടി പ്ലാറ്റ്‌ഫോമുകളിലും താരം വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. നടി അഭിനയം നിർത്തുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും, താരം കരാറൊപ്പിട്ട പുതിയ ചിത്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരാൻ വൈകുന്നതാണ് ഇത്തരം തെറ്റിദ്ധാരണകൾക്ക് കാരണമാകുന്നതെന്ന് സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തൃഷ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയില്ലെന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തൽ. എന്തുതന്നെയായാലും, തങ്ങളുടെ പ്രിയ നായിക ഇനിയും വെള്ളിത്തിരയിൽ സജീവമായി തുടരണമെന്നും കൂടുതൽ കരുത്തുറ്റ വേഷങ്ങളുമായി തിരിച്ചെത്തണമെന്നുമാണ് ആരാധകർ ആഗ്രഹിക്കുന്നത്.







