ശബരിമല സംഘർഷഭൂമിയാക്കരുത് : പി.എസ് ശ്രീധരൻ പിള്ള
Last Updated:
സുപ്രീം കോടതിയുടെ നിർണായക വിധിയുടെ പശ്ചാത്തലത്തിൽ പരിപാവനമായ ശബരിമല സന്നിധാനമോ ഇതരക്ഷേത്രങ്ങളോ സംഘർഷകേന്ദ്രങ്ങളാക്കി മാറ്റാൻ അനുവദിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ.ശ്രീധരൻ പിള്ള. കോടാനുകോടികളുടെ വിശ്വാസത്തിനു ഭംഗം വരാത്തതും ഭരണഘടനയോടു പ്രതിബദ്ധത പുലർത്തുന്നതുമായ സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിയ്‌ക്കേണ്ടത്.
തന്ത്രി കുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും ഹൈന്ദവ സംഘടനകളുടെയും അഭിപ്രായം കണക്കിലെടുത്തുകൊണ്ടുള്ള സമവായം സ്വരൂപിക്കേണ്ടതുണ്ടെന്നും ബിജെപി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
ആരാധനാസ്വാതന്ത്ര്യത്തിൽ സ്ത്രീകളോട് വിവേചനം പാടില്ലെന്ന പൊതു സമീപനമാണ് ബിജെപിക്കുള്ളതെങ്കിലും ഓരോ ക്ഷേത്രത്തിലെയും സവിശേഷ സാഹചര്യങ്ങളിൽ പരമ്പരാഗതമായി നില നിന്ന് വരുന്ന ആചാരാനുഷ്ഠാനങ്ങൾക്കു ഭംഗം വരുത്തുന്നതിലൂടെ വിശ്വാസിസമൂഹത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തരുതെന്നതിലും അതീവ ജാഗ്രത ആവശ്യമാണെന്നു ശ്രീധരൻ പിള്ള പറഞ്ഞു.
advertisement
സംസ്ഥാന സർക്കാരിന് ഇത് സംബന്ധിച്ചു ഉത്തരവാദിത്വവും ബാധ്യതയുമുണ്ട്. പക്ഷെ നിലവിലുള്ള ആചാരം ലംഘിക്കാൻ മുതിരുന്നവർക്കു സംരക്ഷണം ഉറപ്പാക്കുമെന്ന ഇടതു ജനാധിപത്യ മുന്നണി സർക്കാരിന്റെ നിലപാട് ക്ഷേത്രം സംഘർഷഭൂമിയാക്കി മാറ്റാൻ ഇടയാക്കുമെന്നും പിള്ള ചൂണ്ടിക്കാട്ടി.
അന്തിമ വിധിപ്പകർപ്പു കണ്ടാൽ മാത്രമേ ഇത് സംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കാനാവൂ എന്ന് കൂട്ടിച്ചേർത്ത ശ്രീധരൻ പിള്ള ക്ഷേത്രാചാരങ്ങളെ ചൊല്ലി വിവാദമുയർത്താനുള്ള പ്രവണതയെ അപലപിച്ചു. വനിതാ ജഡ്ജി ഇന്ദു മൽഹോത്ര വിയോജിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. റിവ്യൂ ഹർജിക്കു സാധ്യതയുള്ളതായി അറിയുന്നുവെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2018 2:45 PM IST


