കൊച്ചി: കായംകുളം വള്ളികുന്നത്ത് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി ആർ എസ് എസ് പ്രവർത്തകനായ സജയ് ദത്ത് കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇയാളെ ചെങ്ങന്നൂർ പൊലീസിന് ഉടൻ കൈമാറും.
വിഷുദിനത്തിൽ ആയിരുന്നു പത്താം ക്ലാസ് വിദ്യാർഥിയായ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത്. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രോത്സവത്തിനിടെ ആയിരുന്നു സംഭവം.
കഴിഞ്ഞ ദിവസം മറ്റൊരു സ്ഥലത്ത് വെച്ചുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിട്ട് ആയിരുന്നു കൊലപാതകം എന്നാണ് പൊലീസ് വ്യക്തമാക്കിയത്. ആർ എസ് എസ് പ്രവർത്തകനായ സജയ് ദത്തിന്റെ നേതൃത്വത്തിൽ ആസൂത്രിതമായ കൊല എന്നാണ് സി പി ഐ എം ആരോപിച്ചിരുന്നത്.
കൊല നടത്തിയ ശേഷം സജയ് ദത്ത് ഒളിവിൽ ആയിരുന്നു. സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും വള്ളികുന്നം പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നെങ്കിലും വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എത്തി സജയ് ദത്ത് കീഴടങ്ങിയത്.
ചെങ്ങന്നൂർ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യും. 15 പേരടങ്ങുന്ന സംഘമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സജയ് ദത്തിൽ നിന്നും മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.