'ലോക്കപ്പ് മർദനത്തിനും മൂന്നാംമുറയ്ക്കും വിധേയമാക്കി'; UDF കാലത്തെ അനുഭവവുമായി SFI മുൻ നേതാവ്
- Published by:Sarika N
- news18-malayalam
Last Updated:
തന്റെ കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്‌തെന്നും ചെവിയുടെ ഡയഫ്രം അടിച്ചു പൊട്ടിച്ചുവെന്നും പോസ്റ്റിൽ ജയകൃഷ്ണൻ ആരോപിക്കുന്നു
തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വി.എസ്. സുജിത്തിന് മർദ്ദനമേറ്റതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ, പോലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള നിരവധി അനുഭവങ്ങൾ സൈബർ ഇടങ്ങളിൽ ചർച്ചയായി. ഇപ്പോഴിതാ, എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോട് ആലപ്പുഴ ഡിവൈഎസ്പിയും കോന്നി മുൻ സിഐയുമായിരുന്ന മധു ബാബുവിനെതിരേ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണു ശ്രദ്ധനേടുന്നത്.
മുൻ യു.ഡി.എഫ്. ഭരണകാലത്ത് അന്നത്തെ കോന്നി സി.ഐ. മധു ബാബുവിന്റെ നേതൃത്വത്തിൽ താൻ ലോക്കപ്പ് മർദ്ദനത്തിനും മൂന്നാംമുറയ്ക്കും വിധേയനായെന്ന് ജയകൃഷ്ണൻ കുറിപ്പിൽ ആരോപിക്കുന്നു. ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിക്കുകയും കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ അടിക്കുകയും ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ 14 വർഷമായി ഈ കേസിൽ നിയമപോരാട്ടം തുടരുകയാണെന്നും കുറിപ്പിൽ പറയുന്നു. 2012 ഒക്ടോബർ മാസം 12-ാം തീയതി നടന്ന സംഭവത്തെ കുറിച്ചാണ് ജയകൃഷ്ണൻ കുറിച്ചത്. എംജി യൂണിവേഴ്സിറ്റി കോളേജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു സംഭവം. ഇതിനിടെ അകാരണമായി കസ്റ്റഡിയിൽ എടുത്ത് മർദിക്കുകയായിരുന്നുവെന്നാണ് ജയകൃഷ്ണൻ പറയുന്നത്.
advertisement
ജയകൃഷ്ണൻ തണ്ണിത്തോട് പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,'മർദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പോലീസ് ഓഫീസർമാർ ഇപ്പോഴും കേരള പോലീസ് സേനയിലെ തലപ്പത്ത് മാന്യൻമാർ ചമഞ്ഞ് നടക്കുന്നു.അല്പം പഴയൊരു കഥ പറയട്ടെ. ..... ഞാൻ sfi ഭാരവാഹി ആയിരിക്കുമ്പോഴാണ് (udf ഭരണകാലത്ത് )അന്നത്തെ കോന്നി CI മധുബാബു എന്നെ ലോക്കപ്പ് മർദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയത് ഇത് പറഞ്ഞാൽ ഒരു പക്ഷെ പുതിയ തലമുറക്ക് അവിശ്വസനീയമായി തോന്നും....കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു ,കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്‌തതടക്കം പറഞ്ഞാൽ 10 പേജിൽ അധികം വരും. ..എന്റെ പാർട്ടിയുടെ സംരക്ഷണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണം 6 മാസം ഞാൻ മെഡിക്കൽ കോളേജിൽ ചികിത്സതേടി അന്നത്തെ ഭരണകൂടം എന്നെ 3മാസത്തിൽ അധികം ജയിലിൽ അടച്ചു.ഒറ്റ രാത്രി കൊണ്ടാണ് എനിക്കെതിരെ നിരവധി കേസുകൾ എടുത്തത്...എടുത്ത കേസുകൾ എല്ലാം ഇന്ന് വെറുതെ വിട്ടു...ഞാൻ അന്ന്മുതൽ തുടങ്ങിയ പോരാട്ടമാണ് പോലീസിലെ ക്രിമിനലായ മധുബാബുവിനെതിരെ ....കഴിഞ്ഞ 14 വർഷമായി കേസ് നടത്തുന്നു അന്നത്തെ പത്തനംതിട്ട എസ് പി ഹരിശങ്കർ ഇന്നത്തെ ഐ ജി മാതൃകാപരമായി കേസ് അനേഷിച്ചു കുറ്റക്കാരനായ മധു ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു പോലീസ് സേനക്ക് തന്നെ മധുബാബു അപമാനം ആണെന്ന് റിപ്പോർട്ടിൽ പറഞ്ഞു എന്നാൽ ആ റിപ്പോർട്ട് ഇതുവരെ നടപ്പിലാക്കിയില്ല ????നിരവധി കേസുകളിൽ ശിക്ഷിച്ച മധുബാബുവിനെ നേരത്തെ തന്നെ സർവീസിൽ നിന്ന് കളയേണ്ടിയിരുന്നു. എന്നാൽ മധു ബാബു ഇന്നും പോലീസ് സേനയിൽ ശക്തമായി തന്നെ തുടർന്നുപോകുന്നു ഇനി പരാതി പറയാൻ ആളില്ല..എന്തുകൊണ്ടാണ് ഈ റിപ്പോർട്ട് നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നിൽ എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം.ഞാൻ പോലീസ് ക്രിമിനൽസിനെതിരായ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും ഇനി ഹൈകോടതിയിൽ കേസ് നടത്താനുള്ള തയാറെടുപ്പിലാണ് മരണം വരെയും പോരാടും കാശു തന്നാൽ എല്ലാവരെയും വിലക്ക് എടുക്കാൻ കഴിയില്ലെന്ന് ഈ ക്രിമിനൽ പോലീസുകാർ അറിയണം.' ജയകൃഷ്ണൻ കുറിച്ചു.
advertisement
അതേസമയം,സുജിത്തിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു ശേഷമാണ് പോലീസ് ക്രൂരതകൾക്കെതിരെ കൂടുതൽ പേർ രംഗത്തെത്തിയത്. ഇത് സമൂഹത്തിൽ പോലീസിന്റെ പ്രവർത്തന രീതികളെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 07, 2025 11:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലോക്കപ്പ് മർദനത്തിനും മൂന്നാംമുറയ്ക്കും വിധേയമാക്കി'; UDF കാലത്തെ അനുഭവവുമായി SFI മുൻ നേതാവ്