ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന ഏക മലയാളിയാണ് പാലക്കാട് മങ്കര സ്വദേശിയായ ചേറ്റൂര്‍ ശങ്കരന്‍ നായർ. തികഞ്ഞ ദേശീയവാദിയും അഭിഭാഷകനും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനുമായിരുന്ന ശങ്കരന്‍ നായര്‍ പഞ്ചാബിലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം ബ്രിട്ടീഷ് സര്‍ക്കാരിനെ കോടതി കയറ്റി അവരുടെ ക്രൂരത എന്താണെന്ന് തുറന്നുകാട്ടി
അടുത്തിടെ റിലീസാകുന്ന ബോളിവുഡ് ചിത്രം 'കേസരി ചാപ്റ്റർ 2'ൽ, ദേശീയവാദിയും അഭിഭാഷകനും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനും മലയാളിയായ ആദ്യ കോൺഗ്രസ് അധ്യക്ഷനുമായ ചേറ്റൂര്‍ ശങ്കരന്‍ നായരായി അക്ഷയ് കുമാർ എത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ചരിത്രത്തിൽ നിന്ന് ചേറ്റൂര്‍ ശങ്കരൻ നായരെ കോൺഗ്രസ് തുടച്ചുനീക്കിയത് ലജ്ജാകരമാണെന്ന് വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ചരിത്രത്തിൽ ചേറ്റൂർ ശങ്കരൻ നായർ കൂടുതൽ പരിഗണന അർഹിക്കുന്നുവെന്ന അഭിപ്രായ പ്രകടനവുമായി കോൺഗ്രസ് നേതാവ് ശശി തരൂരും എക്സിൽ കുറിച്ചിരിക്കുകയാണ്.
രാജീവ് ചന്ദ്രശേഖർ പറഞ്ഞത്
കോൺഗ്രസ് പാർട്ടി ചരിത്രത്തിൽ നിന്ന് നേതാക്കളെ എങ്ങനെ മാറ്റി നിർത്തുന്നു എന്നതിന് മറ്റൊരു ഉദാഹരണം കൂടി. ചേറ്റൂർ ശങ്കരൻ നായർ ഒരു പ്രമുഖ ഇന്ത്യൻ അഭിഭാഷകനും, രാഷ്ട്രതന്ത്രജ്ഞനും, 1897ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (INC) പ്രസിഡന്റുമായിരുന്നു. എന്നാൽ കോൺഗ്രസിന്റെ ചരിത്രത്തിൽ നിന്ന് അദ്ദേഹം തുടച്ച് നീക്കപ്പെട്ടു. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടത്തിയ മൈക്കൽ ഒ'ഡ്വയറിനെതിരായ നിയമപോരാട്ടങ്ങളിലൂടെയാണ് അദ്ദേഹം ഇന്നും ഓർമ്മിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ അദ്ദേഹത്തിന്റെ ലിബറലും യഥാർത്ഥ ഭരണഘടനാ വീക്ഷണത്തിലും വേരൂന്നിയതായിരുന്നു. ഒരു മലയാളി എന്ന നിലയിൽ, സുഭാഷ് ചന്ദ്ര ബോസ്, സർദാർ വല്ലഭായ് പട്ടേൽ, ഡോ. അംബേദ്കർ തുടങ്ങിയ നിരവധി പേരെ കോൺഗ്രസ് രാജവംശം തമസ്ക്കരിച്ചതുപോലെ, കോൺഗ്രസ് ചരിത്രത്തിൽ നിന്ന് അദ്ദേഹത്തെ തുടച്ചുനീക്കിയത് ലജ്ജാകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു- രാജീവ് ചന്ദ്രശേഖർ ഏപ്രിൽ 9ന് എക്സില്‍ കുറിച്ചു.
advertisement
Thrilled to learn that “Kesari Chapter 2” will bring the story of C. Sankaran Nair to the big screen!
A fearless patriot & the first Malayali President of @incIndia who took on the British after Jallianwala Bagh massacre.
'കേസരി ചാപ്റ്റർ 2' സി ശങ്കരൻ നായരുടെ കഥ ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരുമെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം!
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം ബ്രിട്ടീഷുകാരെ നേരിട്ട, കോൺഗ്രസിന്റെ ആദ്യ മലയാളി പ്രസിഡന്റും നിർഭയനായ രാജ്യസ്നേഹിയും.
ആധുനിക ഇന്ത്യൻ ചരിത്രത്തിൽ അദ്ദേഹത്തിന്റെ പൈതൃകം കൂടുതൽ പ്രാധാന്യം അർഹിക്കുന്നു' - ശശി തരൂർ ഇന്ന് എക്സിൽ കുറിച്ചു.
One more example of how Cong party airbrushes leaders from its history, just as Subhash Bose, Sardar Vallabhai Patel, Dr Ambedkar etc and so many others to humour the Cong dynasty.
Chettur Sankaran Nair was a prominent Indian lawyer, statesman, and former president of the… https://t.co/1rJPdrgvHq
— Rajeev Chandrasekhar 🇮🇳 (@RajeevRC_X) April 9, 2025
advertisement
ആരാണ് ചേറ്റൂർ ശങ്കരൻ നായർ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന ഏക മലയാളിയാണ് പാലക്കാട് മങ്കര സ്വദേശിയായ ചേറ്റൂര്‍ ശങ്കരന്‍ നായർ. തികഞ്ഞ ദേശീയവാദിയും അഭിഭാഷകനും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനുമായിരുന്ന ശങ്കരന്‍ നായര്‍ പഞ്ചാബിലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം ബ്രിട്ടീഷ് സര്‍ക്കാരിനെ കോടതി കയറ്റി അവരുടെ ക്രൂരത എന്താണെന്ന് തുറന്നുകാട്ടി. അദ്ദേഹത്തിന്റെ ധീരത കൊളോണിയല്‍ ശക്തികേന്ദ്രത്തിന്റെ അടിത്തറ ഇളക്കി. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞു പോകവേ അദ്ദേഹത്തെ നാട് മറന്നു.
advertisement
സ്വാതന്ത്ര്യസമരകാലത്ത് നീതിക്കുവേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ ശങ്കരന്‍ നായര്‍ നിര്‍ണായ പങ്കുവഹിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് വളരെക്കുറിച്ച് മാത്രമെ ആളുകൾക്ക് പരിചയമുള്ളൂ. മദ്രാസ് പ്രസിഡൻസിയിൽപെട്ട മങ്കരയിൽ 1857 ജൂലൈ 11 ന് ജനിച്ചു. ബ്രിട്ടീഷ് സർക്കാരിൽ തഹസിൽദാരായിരുന്ന ഗുരുവായൂർ മമ്മായിൽ രാമുണ്ണിപ്പണിക്കരും ചേറ്റൂർ പാർവ്വതിയമ്മയുമായിരുന്നു മാതാപിതാക്കൾ. അഭിഭാഷകനായും പൊതുപ്രവര്‍ത്തകനായും തിളങ്ങിയ അദ്ദേഹം 1880ല്‍ മദ്രാസ് ഹൈക്കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്. ഇതിന് ശേഷം മലബാര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കുന്ന ഒരു സമിതിയില്‍ അംഗമായി. അഭിഭാഷകനായിരിക്കെ അസാധാരണമായ പ്രകടനം കാഴ്ചവെച്ച അദ്ദേഹം വൈകാതെ തന്നെ അഡ്വക്കേറ്റ് ജനറലായും ഒടുവില്‍ ജഡ്ജിയായും നിയമിതനായി.
advertisement
1897 ൽ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1908ല്‍ മദ്രാസ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. 1915 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. 1919ലെ ജാലിയാന്‍വാലാബാഗ് കൂട്ടക്കൊല എല്ലാം മാറ്റി മറിച്ചു. ആ സമയം ശങ്കരന്‍ നായര്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. വൈസ്രോയിയുടെ എക്‌സിക്യുട്ടിവ് കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. അത് വലിയൊരു പദവിയായിരുന്നു. ക്രൂരമായ കൂട്ടക്കൊല അദ്ദേഹത്തെ അസ്വസ്ഥമാക്കി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടികളെ അദ്ദേഹം എതിര്‍ത്തു. അവര്‍ക്കെതിരേ പരസ്യമായി സംസാരിച്ച അദ്ദേഹം പ്രതിഷേധ സൂചകമായി തന്റെ സർ പദവി രാജി വയ്ക്കുകയും ചെയ്തു. ഈ നടപടി ബ്രിട്ടീഷ് അധികാരികളെ അത്ഭുതപ്പെടുത്തുകയും ലജ്ജിപ്പിക്കുകയും ചെയ്തു.
advertisement
1922ല്‍ അദ്ദേഹം 'ഗാന്ധിയും അരാജകത്വവും' എന്ന പേരില്‍ ഒരു പുസ്തകം എഴുതി. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കിടെ പഞ്ചാബിലെ ലെഫ്റ്റന്റ് ഗവര്‍ണറായിരുന്ന മൈക്കല്‍ ഡയറിനെ ഈ പുസ്തകത്തില്‍ അദ്ദേഹം വിമര്‍ശിച്ചു. ഇതിന് പിന്നാലെ സ്ഥാനഭ്രഷ്‌നാക്കപ്പെട്ട ഡയര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി ശങ്കരന്‍ നായർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ലണ്ടനിലെ ഹൈക്കോടതിയിൽ നടന്ന പോരാട്ടമാണ് കേസരി ചാപ്റ്റല്‍ 2ല്‍ പറയുന്നത്.
ഭാര്യ ലേഡി ശങ്കരൻ നായർ എന്ന പാലാട്ട് കുഞ്ഞിമാളു അമ്മ. ദമ്പതികൾക്ക് അഞ്ച് പെണ്മക്കളും ഒരു മകനും. 1934 മാർച്ച് മാസത്തിലുണ്ടായ ഒരു കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ഏപ്രിൽ 24ന് അന്തരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ