'ഇനിയൊരു പിതാവിനും ഈ ഗതി വരരുതെന്ന് പ്രാര്‍ത്ഥിച്ചിരുന്നു, പക്ഷേ...' കൃപേഷിന്റെയും ശരത്തിന്റെയും വീടുകളിൽ ഷുഹൈബിന്റെ പിതാവ്

Last Updated:

'എന്റെ മോന്‍ പോയി, ഒരു മാസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ വീടിന്റെ താഴത്തു കൂടി ഷുഹൈബേ പേപ്പട്ടി എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ടു പോയവരാണവര്‍. ഞാനും ഭാര്യയും വിടിനകത്തിരുന്ന് കേള്‍ക്കുന്നുണ്ടത്. വെട്ടിക്കൊന്നിട്ടും വീണ്ടും വീണ്ടും വെട്ടുകയാണവര്‍'

കാസർഗോഡ്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ മട്ടന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ് മുഹമ്മദ് എത്തി. 'ഷുഹൈബില്‍ എല്ലാം അവസാനിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. ഇനിയൊരു കൊലപാതകം ഉണ്ടാകരുതെന്നും ഞാനും ഷുഹൈബിന്റെയും ഉമ്മയും സഹോദരിമാരും എല്ലാം ആഗ്രഹിച്ചിരുന്നു. എല്ലാവരോടും ഞങ്ങള്‍ അതു തന്നെയായിരുന്നു പറഞ്ഞിരുന്നതും. പക്ഷേ, എന്റെ മകന്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയും മുന്നേ വീണ്ടും…പോയവന്റെ വേദന ഞങ്ങള്‍ക്ക് നല്ലോണം അറിയാം. ഒരിക്കലും തീരാത്ത വേദന.. ഒന്നല്ല, രണ്ട് വീടുകളിലാണ് അവര്‍ തീരാത്ത വേദന നല്‍കിയത്. എന്നെ പോലെ ഇനിയൊരു പിതാവിന് ഈ ഗതി വരരുതെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിരുന്നു. പക്ഷേ...' മുഹമ്മദിന്റെ വാക്കുകൾ മുറിഞ്ഞു. ഒരുവർഷം മുൻപാണ് മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ടത്.
ശരത് ലാലിന്റെ പിതാവ് സത്യനെയും കൃപേഷിന്റെ പിതാവ് കൃഷ്ണനെയും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ മുഹമ്മദ് വിഷമിച്ചു. ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്ടില്‍ കൂടിയവരില്‍ ആരെക്കാളും മക്കള്‍ നഷ്ടപ്പെട്ട ആ പിതാക്കന്മാരുടെ വേദന മുഹമ്മദിന് മനസിലാകുമായിരുന്നു. കാരണം, കൃത്യം ഒരു വര്‍ഷം മുമ്പാണ് മുഹമ്മദ് എന്ന പിതാവിനും സ്വന്തം മകന്റെ വെട്ടിനുറുക്കിയ ശരീരം കാണേണ്ടി വന്നത്. 'എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത്? കൃത്യം ഒരു വര്‍ഷം മുമ്പ് ഇതേ പോലെ നെഞ്ച് തകര്‍ന്നിരുന്നവനാണ് ഞാനും. ഒരാളുടെയും ആശ്വാസവാക്കുകള്‍ എനിക്ക് സമാധാനം നല്‍കിയില്ല. കൃപേഷിന്റെയും ശരത്തിന്റെയും അച്ഛന്മാരെ കാണുമ്പോഴും ഞാന്‍ തന്നെയാണല്ലോ അവരെന്നാണ് തോന്നിയത്. ഞാന്‍ തന്നെയാണവര്‍. നഷ്ടപ്പെട്ടവരുടെ വേദനയ്ക്ക് വ്യത്യാസമില്ല. അത് കണ്ണൂരായാലും കാസറഗോഡായാലും; ഇടറിയ ശബ്ദത്തില്‍ മുഹമ്മദ് പറയുന്നു.
advertisement
പരിയാരം മെഡിക്കല്‍ കോളജില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോൾ മുഹ്മമ്മദ് അവിടെയെത്തിയിരുന്നു. 'കൃപേഷിന്റെ വീട് കണ്ടപ്പോള്‍ തന്നെ തകര്‍ന്നുപോയി. എത്ര ദയനീയതയാണ്. എന്തിനാണവര്‍ ഇങ്ങനെ മനുഷ്യനെ വെട്ടിക്കൊല്ലുന്നത്. അതും കൊച്ചു പിള്ളേരേ…എത്ര കൂരമായിട്ടാണ് കൊല്ലുന്നത് തന്നെ…വെട്ടി വെട്ടി… ഇനിയെങ്കിലും ഇത് അവസാനിപ്പിക്കണം. ഭരണം കൈയിലുണ്ടെന്നു കരുതി ഇങ്ങനെ മനുഷ്യനെ കൊല്ലാനിറങ്ങരുത്. ജനങ്ങള്‍ പ്രതിഷേധിക്കണം. ജനങ്ങള്‍ ഇവര്‍ക്കെതിരേ ഇറങ്ങണം…അവസാനിപ്പിക്കണം ഈ കൊലവിളി' - മുഹമ്മദ് പറയുന്നു. 'എന്റെ മോന്‍ പോയി, ഒരു മാസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ വീടിന്റെ താഴത്തു കൂടി ഷുഹൈബേ പേപ്പട്ടി എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ടു പോയവരാണവര്‍. ഞാനും ഭാര്യയും വിടിനകത്തിരുന്ന് കേള്‍ക്കുന്നുണ്ടത്. വെട്ടിക്കൊന്നിട്ടും വീണ്ടും വീണ്ടും വെട്ടുകയാണവര്‍'- മുഹമ്മദ് കൂട്ടിച്ചേർത്തു.
advertisement
2018 ഫെബ്രുവരി 12 ന് ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. സുഹൃത്തുക്കളുമൊത്ത് തട്ടുകടയില്‍ ഇരിക്കുകയായിരുന്ന ഷുഹൈബിനെ 37 വെട്ടുകള്‍ വെട്ടിയാണ് കൊലപ്പെടുത്തിയത്. ഷുഹൈബ് രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാര്‍ഷികം ആചരിച്ച് അഞ്ചാമത്തെ ദിവസമാണ് ശരത്ത് ലാല്‍, കൃപേഷ് എന്നീ യൂത്ത് കോണ്‍ഗ്രസുകാരെയും വെട്ടിക്കൊലപ്പെടുത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇനിയൊരു പിതാവിനും ഈ ഗതി വരരുതെന്ന് പ്രാര്‍ത്ഥിച്ചിരുന്നു, പക്ഷേ...' കൃപേഷിന്റെയും ശരത്തിന്റെയും വീടുകളിൽ ഷുഹൈബിന്റെ പിതാവ്
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement