കോട്ടയം: ചങ്ങനാശേരി (Chnaganassery) മാടപ്പള്ളിയിൽ (Madappally) പ്രദേശവാസികളുടെ പ്രതിഷേധം അവഗണിച്ച് പൊലീസിന്റെ സാന്നിധ്യത്തില്‍ അധികൃതര്‍ സ്ഥാപിച്ച കെ-റെയിലിന്റെ (K Rail) സര്‍വേ കല്ലുകള്‍ അപ്രത്യക്ഷമായി. കെ-റെയില്‍ അധികൃതര്‍ വ്യാഴാഴ്ച സ്ഥാപിച്ച സര്‍വേക്കല്ലുകളാണ് രാത്രിതന്നെ ആരോ പിഴുതെറിഞ്ഞത്.
വ്യാഴാഴ്ച കെ-റെയില്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മാടപ്പള്ളിയിലും റീത്തുപള്ളിയിലും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. സമരം ചെയ്ത സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പൊലീസിന്റെ മര്‍ദനമേറ്റിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് മാടപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഉദ്യോഗസ്ഥര്‍ കല്ലുകള്‍ സ്ഥാപിച്ചിരുന്നത്.
കല്ലുകള്‍ പിഴുതുമാറ്റുമെന്ന് അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ തന്നെ സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഇതിനിടെ കെ-റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹർ ത്താല്‍ ആചരിക്കുകയാണ്. ബിജെപിയും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാരെ മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി ജില്ലയില്‍ കരിദിനാചരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, മാടപ്പള്ളിയിലെ പൊലീസ് നടപടി സഭ നിർത്തിവെച്ച് ചർച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ മാടപ്പള്ളിയിലെത്തും.
'അമ്മയെ കൊണ്ടുപോകരുതേ..', പൊലീസ് നടപടിക്കെതിരെ ഒന്നാം ക്ലാസുകാരിയുടെ നിലവിളി ഹൃദയഭേദകം
സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നടത്തിയ പ്രതിഷേധത്തിനിടയില്‍ അമ്മയെ പൊലീസ് വലിച്ചിഴച്ച് കൊണ്ടു പോവുന്നത് കണ്ട് ഒന്നാം ക്ലാസുകാരിയുടെ നിലവിളി ഹൃദയഭേദകമായി. തന്റെ രണ്ടു വീടുകളും നഷ്ടപ്പെടുമെന്നുവന്നതോടെയാണ് കൊരണ്ടിത്താനം ഇയ്യാലില്‍ ജിജി ഫിലിപ്പ് സമരരംഗത്തിറങ്ങിയത്. മകള്‍ സോമിയ മെറിന് ഫിലിപ്പും ഭര്‍ത്താവ് ഫിലിപ്പും ജിജിക്കൊപ്പമുണ്ടായിരുന്നു. സമരം ശക്തമായതോടെ പൊലീസ് ജിജിയെ കസ്റ്റഡിയിലെടുത്തു. ജിജി ബലം പ്രയോഗിച്ചതോടെ ഇവരെ റോഡിലൂടെ വലിച്ചിഴച്ചും തൂക്കിയെടുത്തുമാണ് വണ്ടിയിലേക്ക് മാറ്റിയത്. ഇതിനിടയില്‍ ഇവരുടെ കാല്മുറിഞ്ഞ് രക്തം ഒഴുകുന്നുണ്ടായിരുന്നു.
ആകെ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ അമ്മയെ വലിച്ചിഴക്കുന്നതും രക്തം ഒഴുകുന്നതും കണ്ട് പൊലീസുകാര്‍ക്ക് പിന്നാലെ അമ്മയെ വിടണമെന്നാവശ്യപ്പെട്ട് സോമിയ കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു. ഇതുകണ്ട് നാട്ടുകാരും ജിജിയെ വിടണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടുവെങ്കിലും തയാറായില്ല. തുടര്‍ന്ന് റീത്തുപള്ളി കുരിശടിയില്‍ ഇരുന്ന് കുഞ്ഞുസോമിയ ഉറക്കെ നിലവിളിച്ചു. കുട്ടി നിര്‍ത്താതെ നിലവിളിച്ചതോടെ ഡിവൈഎസ്പിയെത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോവാന്‍ പിതാവിനോട് ആവശ്യപ്പെട്ടു. തയാറാവാതെ വന്നതോടെ പിതാവിനെയും കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
Also Read-
K-RAIL | കെ-റെയിൽ സമരക്കാർക്കെതിരായ പൊലീസ് നടപടി; ചങ്ങനാശേരിയില്‍ ഇന്ന് ഹര്‍ത്താല്‍
ഇതോടെയാണ് പിതാവ് കുട്ടിയുമായി ഇവിടെനിന്നും മാറിയത്. ബിലീവേഴ്സ് സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് സോമിയ. സംഘര്‍ഷം നടക്കുന്നയിടത്ത് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമായി എത്തുന്നത് കുറ്റകരമാണെന്ന് പറഞ്ഞ് പൊലീസ് മുഴുവന്‍ കുട്ടികളെയും ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ടു. രാവിലെ മുതല്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് കുപ്പിയില്‍ വെള്ളം നല്‍കിയും മറ്റും അമ്മക്കൊപ്പമുണ്ടായിരുന്ന സോമിയയുടെ നിലവിളി സമരരംഗത്ത് വേദനയായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.