സന്നദ്ധപ്രവർത്തകൻ രഘു ഇരവിപേരൂരിനെ പൊലീസ് അറസ്റ്റു ചെയ്തത് ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്കു വേണ്ടി അടിവസ്ത്രം ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്. പോസ്റ്റിലൂടെ സ്ത്രീകളെ അപമാനിച്ചെന്നു കാട്ടി തിരുവല്ലയിലെ വനിതാ വാര്‍ഡ് കൗണ്‍സിലറുടെ പരാതിയിലായിരുന്നു അറസ്റ്റ്. എന്നാല്‍ സംഭവം വിവാദമായതോടെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ രഘുവിനെ വിട്ടയച്ച് പൊലീസ് തടിയൂരി. റൈറ്റ്സ് എന്ന സംഘടനയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററും ദളിത് ആക്ടിവിസ്റ്റുമാണ് രഘു ഇരവിപേരൂർ.
അതേസമയം ക്യാമ്പിൽ കഴിയുന്ന സ്ത്രീകളെ സഹായിക്കുന്നതിനു വേണ്ടി പോസ്റ്റ് ഇട്ടതിന്റെ പേരിൽ തന്നെ അറസ്റ്റു ചെയ്തത് എന്തിനെന്നു മനസിലാകുന്നില്ലെന്ന് രഘു ഇരവിപേരൂര്‍ ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു.
'ഇരുവള്ളിപ്ര സെന്റ് തോമസ് സ്‌കൂളില്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്കു വേണ്ടിയാണ് സഹായം അഭ്യര്‍ഥിച്ച് പോസ്റ്റിട്ടത്. റൈറ്റ്‌സ് കോ-ഓര്‍ഡിനേറ്റര്‍ പ്രിയയോട് രാജി എന്ന സുഹൃത്താണ് ഇത്തരമൊരു ആവശ്യം ക്യാമ്പില്‍ ഉണ്ടെന്നു പറഞ്ഞത്. പ്രിയ എന്റെ ഭാര്യയെ ഇക്കാര്യം അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പോസ്റ്റിട്ടത്. എന്റെ ഫേസ്ബുക്ക് പേജിന് കൂടുതല്‍ റീച്ച് ഉള്ളതുകൊണ്ടാണ് ഇക്കാര്യം അവിടെ തന്നെ പോസ്റ്റു ചെയ്യാന്‍ തീരുമാനിച്ചത്. തിരുവല്ല ഇരുവള്ളിപ്ര സെന്റ് തോമസ് സ്‌കൂളിലെ ക്യാമ്പിലുള്ള സ്ത്രീകള്‍ക്ക് ഇന്നര്‍ വെയേഴ്സിന്റെ ആവശ്യമുണ്ടെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. സന്മനസുള്ളവര്‍ ഉടന്‍ തന്നെ സഹായിക്കണം എന്നായിരുന്നു എന്റെ പോസ്റ്റ്. അതിനോടൊപ്പം കോര്‍ഡിനേറ്റര്‍ പ്രിയയുടെ നമ്പറാണ് വച്ചിരുന്നത്. അതിനു ശേഷം ഒരു ദിവസം ക്യമ്പില്‍ നേരിട്ടു പോകുകയും ചെയ്തു.'- രഘു പറഞ്ഞു.
'എന്റെ ഭാര്യയും പ്രിയയും ഒപ്പമുണ്ടായിരുന്നു. ക്യാമ്പിൽ വച്ച് അജിതയെന്ന വാര്‍ഡ് മെമ്പറോട് ഞാന്‍ നേരിട്ട് സംസാരിക്കുകയും ചെയ്തു. ക്യാമ്പിൽ എത്തുന്നതിനു മുൻപ് ഇതിനായി രണ്ടായിരം രൂപ സംഘടിപ്പിച്ചിരുന്നു. എത്ര പേർക്കുള്ള സാധനങ്ങൾ വേണമെന്ന് മെമ്പറോട് ചോദിച്ചപ്പോൾ 27 പേര്‍ ഉണ്ടെന്നു പറഞ്ഞു. ഈ പണം അതിനു തികയില്ലെന്നു മനസിലായതോടെ ബാക്കി തുക കൂടി സംഘടിപ്പിച്ച് പിറ്റേ ദിവസം സാധനങ്ങള്‍ വാങ്ങിത്തരാമെന്ന് അറിയിച്ചു. നിങ്ങള്‍ തന്നെ വിതരണം ചെയ്താല്‍ മതിയെന്നും പറഞ്ഞു. അന്നു രാത്രി എട്ടരയോടെയാണ് പൊലീസ് വീട്ടില്‍ എത്തിയതും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയതും.'
സാറായിരുന്നു എന്ന് അറിയില്ലെന്നും പരാതി പിന്‍വലിക്കുമെന്നും കൗണ്‍സിലര്‍ പലരോടു പറയുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് ഞാന്‍ സഹായം എത്തിച്ച കാര്യവും അവര്‍ പറയുന്നുണ്ട്. പക്ഷെ ആരോ അവരെ പരാതി പിൻവലിക്കുന്നതിൽ നിന്നും തടയുന്നുണ്ട്. അതാണ് സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും പരാതി പിന്‍വലിക്കാൻ തയാറാകാത്തതിനു കാരണം. പക്ഷെ ആരാണ് അവര്‍ക്കു പിന്നിലുള്ളതെന്ന് അറിയില്ലെന്നും രഘു ഇരവിപേരൂർ കൂട്ടിച്ചേർത്തു.
സംഭവവുമായി ബന്ധപ്പെട്ട് വാര്‍ഡ് കൗണ്‍സിലറെ ബന്ധപ്പെടാന്‍ ന്യൂസ് 18 ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല.
Also Read
ദുരിതാശ്വാസനിധിയിലേക്ക് 5 കോടി വാഗ്ദാനം ചെയ്ത് യൂസഫലി; കല്യാൺ ഗ്രൂപ്പ് ഒരു കോടി നൽകുംഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.