മുഹമ്മദ് റിയാസ് മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആളെന്ന് വിഡി സതീശൻ; പെട്ടിപിടിച്ച് പാലം വലിച്ചാണ് സതീശൻ പ്രതിപക്ഷ നേതാവായതെന്ന് മറുപടി
- Published by:Naseeba TC
- news18-malayalam
Last Updated:
അടുത്ത പ്രതിപക്ഷ നേതാവിന്റെ സീറ്റിലേക്കുള്ള ബുക്കിങ് ടവലാണ് വി ഡി സതീശനെന്നായിരുന്നു റിയാസിന്റെ മറുപടി
തിരുവനന്തപുരം: വാക്കുകൾ കൊണ്ട് കൊമ്പുകോർത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മന്ത്രി പി എ മുഹമ്മദ് റിയാസും. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആളാണ് മുഹമ്മദ് റിയാസെന്ന് വി ഡി സതീശൻ വിമർശിച്ചു. മാസപ്പടി വിവാദം വന്നപ്പോൾ റിയാസിന്റെ നാവ് ഉപ്പിലിട്ട് വെച്ചിരിക്കുകയായിരുന്നുവെന്നും സതീശൻ പരിഹസിച്ചു.
സതീശന്റെ പരാമർശത്തിന് തൊട്ടുപിന്നാലെ മറുപടിയുമായി പി എ മുഹമ്മദ് റിയാസും രംഗത്തുവന്നു. അടുത്ത പ്രതിപക്ഷ നേതാവിന്റെ സീറ്റിലേക്കുള്ള ബുക്കിങ് ടവലാണ് വി ഡി സതീശനെന്നായിരുന്നു റിയാസിന്റെ മറുപടി. ഒരാളുടെ പെട്ടി പിടിച്ചു അയാളെ പാലം വലിച്ചാണ് സതീശൻ പ്രതിപക്ഷ നേതാവായത്. താൻ പ്രമാണിത്വ മനോഭാവമാണ് സതീശനെന്നും മുഹമ്മദ് റിയാസ് വിമർശിച്ചു.
advertisement
"മുഹമ്മദ് റിയാസ് മൂക്കാതെ പഴുത്തയാൾ"
മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്‍റെ കുഴപ്പമാണ് റിയാസിന്. കേടായ റോഡിലെ കുഴി പൊതുപരാമത്ത് മന്ത്രി എണ്ണട്ടെ. മൂക്കാതെ പഴുത്തയാളാണ് മുഹമ്മദ് റിയാസ്. പാർട്ടിയിലെ സ്വാധീനമളക്കാൻ റിയാസ് വരേണ്ട. നവ കേരള സദസ്സിനോട് പ്രതിപക്ഷത്തിനല്ല, കേരളത്തിലെ ജനങ്ങൾക്കാണ് അലർജിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാസപ്പടി വിവാദം വന്നപ്പോൾ നാവ് ഉപ്പിലിട്ട് വെച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇപ്പോൾ തനിക്കെതിരെ പറയാനായി ഇറങ്ങിയിരിക്കുകയാണ്.
മുഖ്യമന്ത്രിക്കെതിരെയും പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചു. ചട്ടമ്പികൾക്ക് കള്ള് വാങ്ങിച്ചു കൊടുത്തു ചീത്തവിളിപ്പിക്കുന്ന പ്രമാണിമാരുടെ സ്ഥിതിയിലാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി കൂട്ടിലിട്ട തത്തയെ പോലെയായിരുന്നു. 17 സദസ്സുകളിൽ പ്രതിപക്ഷ നേതാവിന്റെ മാനസിക നില തകരാറിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടാണ് താൻ മാന്യമായി സംസാരിക്കണം എന്ന് പറയുന്നത്. നാളെ മന്ത്രിമാരിൽ പലരും കരുതൽ തടങ്കലിൽ നിന്ന് മോചിതരാകുമെന്നും സതീശൻ പരിഹസിച്ചു.
advertisement
"പ്രതിപക്ഷ നേതാവ് താൻ പ്രമാണിത്തത്തിന് കയ്യും കാലും വെച്ച ആൾരൂപം"
തന്നെ ആരും ഒന്നും പറയാൻ പാടില്ല, താൻ വായിൽ തോന്നുന്നത് വിളിച്ചു പറയുമെന്നുള്ള താൻ പ്രമാണിത്ത പ്രവണതയാണ് പ്രതിപക്ഷ നേതാവിന്റേത്. പറയുന്നത് ഭയങ്കര കാര്യങ്ങളായിരിക്കും, എന്നാൽ എല്ലാം വെറും ഡയലോഗുകൾ മാത്രമാണ്. രണ്ട് വർഷത്തെ അദ്ദേഹത്തിന്റെ പ്രസ്താവനകൾ എടുത്ത് നോക്കിയാലത് മനസ്സിലാകും. താൻ പ്രമാണിത്തത്തിന് കയ്യും കാലും വെച്ച ആൾരൂപമാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ്. വിഡി സതീശൻ പറവൂർ നിയോജക മണ്ഡലത്തിന്റെ പുറംലോകം കണ്ടത് പ്രതിപക്ഷ നേതാവായതിനു ശേഷമാണ്. ഒരാളുടെ പെട്ടിയുംപിടിച്ച് കുറേ കാലം നടന്ന്, അവസാനം അയാളെ പാലം വലിച്ചാണ് അദ്ദേഹം പ്രതിപക്ഷ നേതാവായത്. ഇത് കോൺഗ്രസ് പാർട്ടിയിൽ തന്നെ അഭിപ്രായമുണ്ട്. പ്രതിപക്ഷ നേതാവ് ഉപയോഗിച്ച പദത്തിന് യോഗ്യൻ അദ്ദേഹം തന്നെയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 22, 2023 1:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഹമ്മദ് റിയാസ് മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആളെന്ന് വിഡി സതീശൻ; പെട്ടിപിടിച്ച് പാലം വലിച്ചാണ് സതീശൻ പ്രതിപക്ഷ നേതാവായതെന്ന് മറുപടി