കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ: എ. സുരേശന് രാജിവച്ചു. കേസിന്റെ വിചാരണ നിലവിലെ കോടതിയില് നിന്ന് മാറ്റണമെന്ന പ്രോസിക്യൂഷന് ആവശ്യം ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് രാജി.
നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്കെതിരെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ: സുരേശന് രംഗത്തെത്തിയിരുന്നു. വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായി പെരുമാറുന്നുവെന്നായിരുന്നു പരാതി. മാത്രമല്ല പ്രതിയ്ക്ക് നല്കുന്ന രേഖകളുടെ പകര്പ്പ് പോലും പ്രോസിക്യൂഷന് നല്കുന്നില്ലെന്ന് ആരോപിച്ചിരുന്നു. ഇതിനെത്തുടര്ന്നാണ് വിചാരണ മറ്റൊരു കോടതിയിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല് ഹൈക്കോടതി ഈ ആവശ്യം തള്ളി. ഇതിന് പിന്നാലെയാണ് സുരേശന്റെ രാജി. അഡീഷണല് ആഭ്യന്തര സെക്രട്ടറിക്കാണ് സുരേശന് രാജിക്കത്ത്നല്കിയത്. സുരേശന്റെ രാജിയുടെ പശ്ചാത്തലത്തില് വിചാണ ഉടന് തുടരാനാവില്ല. വിചാരണ പുനഃരാരംഭിക്കണമെങ്കിൽ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടി വരും.
നടിയെ അക്രമിച്ച കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂര്ത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. ഈ സാഹചര്യത്തില് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നടപടികള് സര്ക്കാര് ഉടന് ആരംഭിക്കും. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. കേസ് പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.