കൊച്ചി: നടിയെ ആക്രമിച്ച കേസിൽവിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി. നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. തിങ്കളാഴ്ച മുതല്‍ വിചാരണ പുനഃരാരംഭിക്കാം. നേരത്തെ വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. വിചാരണ കോടതിയെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ആദ്യഘട്ടം മുതല്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് വിചാരണക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്ന ഗൗരവമായ ആരോപണമാണ് സര്‍ക്കാരും പരാതിക്കാരിയായ നടിയും കോടതിയില്‍ ഉയര്‍ത്തിയത്. വനിതാ ജഡ്ജിയായിട്ടുപോലും ഇരയാക്കപ്പെട്ട നടിയുടെ അവസ്ഥ മനസിലാക്കാന്‍ സാധിച്ചില്ല. ക്രോസ് വിസ്താരത്തിനിടെ നടിയെ അപമാനിക്കും വിധമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അത് തടയാന്‍ ഒരു ഇടപെടലും ഉണ്ടായില്ല. പ്രോസിക്യൂഷന് ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അംഗീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കോടതിയില്‍ വച്ച് വിചാരണക്കിടെ പലതവണ കരയേണ്ട സാഹചര്യം തനിക്കുണ്ടായെന്ന് ആക്രമണത്തിന് ഇരയാക്കപ്പെട്ട യുവതി കോടതിയെ അറിയിച്ചു. വിചാരണക്കോടതിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ വിചാരണക്കോടതി മാറ്റണമെന്നുമായിരുന്നു ആവശ്യം.കേസിന്റെ വിചാരണ ഒരു വനിതാ ജഡ്ജിക്കു തന്നെ നല്‍കണമെന്നില്ലെന്നും തത്തുല്യമായ മറ്റേതെങ്കിലും കോടതിയിലേയ്ക്ക് കൈമാറിയാലും മതിയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.