'പന്തളം എന്ന ഇല്ലാത്ത രാജ്യവും വല്ലാത്ത രാജവംശവും'; പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

Last Updated:
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തുടക്കം മുതൽ ആചാരങ്ങളുടെ ലംഘനമാണെന്ന വാദമുയർത്തി പ്രതിരോധിക്കുകയാണ് പന്തളം കൊട്ടാരം. ക്ഷേത്രം അടച്ചിടാൻ പോലും മടിക്കില്ലെന്ന മുന്നറിയിപ്പും കൊട്ടാരം പ്രതിനിധികൾ നൽകിയതോടെ സർക്കാരുമായി പന്തളം രാജകുടുംബം തർക്കം ഉണ്ടാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എഴുത്തുകാരനും ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറുമായ ടി.ടി ശ്രീകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പന്തളം കൊട്ടാരത്തിന്റെ ചരിത്രം വിവരിക്കുന്നത്. പന്തളത്തെ രാജകുടുംബത്തെ പരിഹസിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും പക്ഷെ ചരിത്രം വളച്ചൊടിക്കാൻ മുതിരുമ്പോൾ അതെക്കുറിച്ച് എതിർ വാദങ്ങൾ പറയാതിരിക്കുന്നതിൽ അർത്ഥമില്ലെന്നും ശ്രീകുമാർ പറയുന്നു.
പ്രൊഫസർ ടി.ടി ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇല്ലാത്ത രാജ്യവും വല്ലാത്ത രാജവംശവും:-
ശബരിമലയില്‍ അവകാശം ഉണ്ടെന്നു പറയുന്ന പന്തളത്തെ സവര്‍ണ്ണ കുടുംബത്തെ പരിഹസിക്കുക എന്നത് എന്റെ ലക്ഷ്യമല്ല. പക്ഷെ ചരിത്രം വളച്ചൊടിക്കാന്‍ മുതിരുമ്പോള്‍ അതെക്കുറിച്ച് എതിര്‍ വാദങ്ങള്‍ പറയാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല. മുന്‍പ് മാലിഖാന്‍ പ്രശ്നം ഉണ്ടായപ്പോള്‍ സാമൂതിരി കുടുംബത്തിന്റെ അവകാശവാദങ്ങളെയും ഇങ്ങനെ നിശിതമായി പരിശോധനക്ക് വിധേയമാക്കിയതാണ്. പണ്ടത്തെ നാടുവാഴികളുടെ പിന്‍തലമുറക്കാര്‍ ചരിത്രത്തെ തികച്ചും ആത്മനിഷ്ഠമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥ ചിത്രം എന്തായിരുന്നു എന്ന് ചൂണ്ടി കാണിക്കേണ്ടി വരുകയാണ് ചെയ്യുന്നത്.
advertisement
ഒന്നാമതായി പന്തളം രാജവംശം എന്നൊന്ന് കേരളചരിത്രത്തില്‍ ഇല്ല. മാര്‍ത്താണ്ഡവര്‍മ്മ വേണാടിനു വടക്കോട്ടുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കിയത് എങ്ങനെയാണ് എന്ന് നമുക്കറിയാം. ദേശിങ്ങനാടുമായി (കൊല്ലം) യുദ്ധം ഉണ്ടായി. തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നിവരുമായി യുദ്ധം ഉണ്ടായി. കായംകുളം, ഇളയിടത് സ്വരൂപം (കൊട്ടാരക്കര) എന്നിവരുമായി യുദ്ധം ഉണ്ടായി. ചെമ്പകശ്ശേരി (അമ്പലപ്പുഴ) യുമായി യുദ്ധം ഉണ്ടായി. ഈ പ്രദേശങ്ങള്‍ എല്ലാം മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കി. കൊച്ചി പിടിച്ചടക്കിയില്ലെങ്കിലും കൊച്ചിയുമായി യുദ്ധവും മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അനുകൂലമായ ഉടംപടിയുമുണ്ടായി. പക്ഷെ ഇതിലൊന്നും നാം മാര്‍ത്താണ്ഡവര്‍മ്മ പന്തളം പിടിച്ചതായി കേള്‍ക്കുന്നില്ല. കാരണം മറ്റൊന്നുമല്ല. അങ്ങനെ ഒരു രാജ്യമോ രാജാവോ ഉണ്ടായിരുന്നില്ല.
advertisement
പിന്നെ ഇത് വെറും കെട്ടുകഥ ആണോ? അല്ല. പാണ്ഡ്യദേശത്ത് നിന്ന് തിരുമല നായക്കനെ പേടിച്ചു ജീവരക്ഷക്ക് അഭയാര്‍ഥികളായി വന്നവരാണ് പൂഞ്ഞാര്‍, പന്തളം പ്രദേശങ്ങളില്‍ അവിടുത്തെ ജന്മികളുടെ കാരുണ്യത്തോടെ സ്വന്തം ക്ഷത്രിയ വംശ ബന്ധം ഉയര്‍ത്തിക്കാട്ടി വസ്തുവകകള്‍ സമ്പാദിച്ചു കഴിഞ്ഞു പോന്നിരുന്നത്. ഈ ക്ഷത്രിയ വംശ ബന്ധം അംഗീകരിച്ചു കൊടുത്തു എന്നതല്ലാതെ ഇവരുടെ പ്രദേശത്തെ പിടിച്ചടക്കേണ്ട ഒരു രാജ്യമായി മാര്‍ത്താണ്ഡവര്‍മ്മ പരിഗണിച്ചിരുന്നില്ല എന്നാണു മനസ്സിലാവുന്നത്.
advertisement
അതിനുള്ള കാരണം അറിയണമെങ്കില്‍ ഈ പന്തളരാജ്യം എന്ന് പറയുന്നത് ഭൂമിശാസ്ത്രപരമായും രാജ്യതന്ത്രപരമായും നിലനില്‍ക്കാനുള്ള അവകാശം ഇല്ലാത്ത സ്വകാര്യ ഭൂമി മാത്രമായിരുന്നു എന്ന വസ്തുത തിരിച്ചറിയണം. തെങ്കാശിയില്‍ നിന്ന് ഇവര്‍ അഭയാര്‍ഥികളായി വന്നപ്പോള്‍ ഇവിടുത്തെ നായര്‍ ജന്മികള്‍ ആണ് ഇവരെ സഹായിച്ചത്. കോന്നിയില്‍ എവിടെയോ ആണ് ഇവരെ നാട്ടുകാര്‍ ആദ്യം പാര്‍പ്പിച്ചത്‌. നാട്ടുകാര്‍ എന്ന് പറഞ്ഞാല്‍ അന്ന് ജാതി മേല്‍ക്കോയ്മ ഉണ്ടായിരുന്ന നായന്മാര്‍ എന്നെ അര്‍ത്ഥമുള്ളൂ. ഇവരെ നാട്ടുകാര്‍ രാജാവായി വാഴിച്ചു എന്നാണു ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അങ്ങനെ ഒരു സമ്പ്രദായം ഇവിടെ ഉണ്ടായിരുന്നില്ല. ക്ഷത്രിയര്‍ എന്ന അവകാശവാദം അംഗീകരിച്ചു അന്നത്തെ ജാതിവ്യവസ്ഥയിലെ സ്ഥാനം നല്‍കി ആദരിച്ചു എന്നത് വസ്തുതയാണ്. നാട്ടിലെ നായന്മാര്‍ ആണ് ഇത് ചെയ്തതെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഇവര്‍ നാട്ടുകാരെ സംരക്ഷിക്കുകയല്ല, നാട്ടുകാര്‍- അതായതു മേല്‍പ്പറഞ്ഞ ജന്മിമാര്‍- ഇവരെ സംരക്ഷിക്കുകയാണ് ചെയ്തിരുന്നത്. അങ്ങനെയാണ് ചോളന്മാര്‍ തിരുവിതാംകൂര്‍ ആക്രമിക്കാന്‍ വരുന്നു എന്ന് കേട്ട് പേടിച്ച ഇവരെ കോന്നിയില്‍ നിന്ന് പന്തളത്ത് കൊണ്ട് വന്നു താമസിപ്പിക്കുന്നത്. കൈപ്പുഴ തമ്പാന്‍ എന്ന നായര്‍ മാടമ്പി ഇവര്‍ക്ക് കുറച്ചു സ്ഥലം ദാനം നല്‍കിയതാണ് ഇവരുടെ ആദ്യത്തെ “രാജ്യം”. ബാക്കി കുറെ സ്ഥലം ഇവര്‍ കൈപ്പുഴ തമ്പാനില്‍ നിന്ന് വിലക്ക് വാങ്ങുക ആയിരുന്നു. നാട്ടുകാരില്‍ നിന്ന് സ്ഥലം വിലക്ക് വാങ്ങി രാജ്യം സ്ഥാപിച്ച ആദ്യത്തെ രാജ കുടുംബവും ലോക ചരിത്രത്തില്‍ ഒരു പക്ഷെ ഇവരായിരിക്കും.
advertisement
പിന്നീട് അതിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ക്ഷത്രിയര്‍ എന്ന അംഗീകാരത്തോടെ ഇവര്‍ കഴിഞ്ഞു പോന്നിരുന്നു. വേണാട്ടില്‍ നിന്നും ഇവര്‍ക്ക് കുറച്ചു ഭൂമി പതിച്ചു കൊടുത്തിരുന്നു. അതും “രാജ്യ”ത്തിന്റെ ഭാഗമായാണ് ഇവര്‍ സ്വയം വിശ്വസിച്ചിരുന്നത്. എരുമേലിയും ശബരിമലയുമൊക്കെ അയ്യപ്പന്‍ പിടിച്ചടക്കിയതാണ് എന്നാണു കഥ. ഇതൊക്കെ പിടിച്ചടക്കാന്‍ അവിടം ഏതെങ്കിലും രാജവംശം അടക്കി ഭരിച്ചിരുന്ന പ്രദേശങ്ങള്‍ അല്ല. വെറും കാടായിരുന്നു. അതൊക്കെ തങ്ങളുടെ കീഴില്‍ ആണ് എന്ന് ഇവര്‍ വിശ്വസിച്ചുപോന്നു എന്നതിനപ്പുറം അതിനൊന്നും യാതൊരു നിയമ സാധുതയും ഉണ്ടായിരുന്നില്ല. ഇവര്‍ക്ക് സൈന്യവും ഉണ്ടായിരുന്നില്ല.
advertisement
കായംകുളവും മറ്റും മാസങ്ങളോളം നീണ്ടു നിന്ന യുദ്ധത്തിലൂടെയാണ് മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചെടുത്തത്. കാരണം അവര്‍ക്ക് സൈന്യ ബലവും രാജ്യാധികാരവും ഉണ്ടായിരുന്നു. അതൊന്നും ഇലാതിരുന്ന പന്തളത്തെ ആക്രമിക്കേണ്ട ഒരു കാര്യവും മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ഉണ്ടായിരുന്നില്ല. വിലക്ക് വാങ്ങിയ സ്ഥലവും അതിനപ്പുറമുള്ള കാടും സ്വന്തം രാജ്യമാണ് എന്ന് പറഞ്ഞു കഴിയുന്ന പാണ്ഡ്യനാട്ടില്‍ നിന്ന് വന്ന അഭയാര്‍ഥികുടുംബത്തെ വേദനിപ്പിക്കേണ്ട എന്നെ മാര്‍ത്താണ്ഡവര്‍മ്മ കരുതിയുള്ളൂ. അതില്‍ കവിഞ്ഞ ഒരു പ്രാധാന്യം മാര്‍ത്താണ്ഡവര്‍മ്മ ഇവര്‍ക്ക് നല്‍കിയിരുന്നില്ല. എന്നാല്‍ ഈ പരിഗണനയും അധികകാലം ഉണ്ടായില്ല. മാര്‍ത്താണ്ഡവര്‍മ്മയാണ്. ബ്രിട്ടീഷുകാരുടെ സഹായത്തോടെ അവരുടെ ആവശ്യങ്ങള്‍ക്കായി നിലകൊണ്ട നാടുവാഴിയാണ്.
advertisement
ടിപ്പു സുല്‍ത്താനും ബ്രിട്ടീഷുകാരും തമ്മില്‍ ഉണ്ടായ യുദ്ധത്തിന്റെ കാലത്ത് പട്ടാളം ഒന്നുമില്ലാത്ത ഈ പന്തളം രാജാവിനെ ടിപ്പുവിന്റെ പേര് പറഞ്ഞു ഭയപ്പെടുത്തി ആദ്യം കുറെ പണവും പിന്നീട് ഇവരുടെ ഭൂമിയും മാര്‍ത്താണ്ഡവര്‍മ്മയുടെ അനന്തരാവകാശി എഴുതി വാങ്ങി. ഇവരുടെ കുടുംബാങ്ങള്‍ക്ക് പെന്‍ഷനും അനുവദിച്ചു. അതോടെ ആ സാങ്കല്‍പ്പിക രാജ്യവും സാങ്കല്‍പ്പിക രാജാധികാരവും അപ്രത്യക്ഷമായി.
വേണാടുമായി യുദ്ധം ഉണ്ടാകാതിരുന്നതിന്റെ കാര്യവും ഇതായിരുന്നു. ഭൂമി (“രാജ്യം”) ഇങ്ങോട്ട് എഴുതി തന്നു പെന്‍ഷന്‍ വാങ്ങി കൊണ്ട് പൊയ്ക്കോളൂ എന്ന്നു മാര്‍ത്താണ്ഡവര്‍മ്മ പറയുമ്പോള്‍ അത് ചെയ്യുക എന്നതല്ലാതെ മറ്റൊരു പോവഴിയും ഇല്ലാത്ത കുടുംബം ആണ് എന്ന് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അറിയാമായിരുന്നു. പിന്നെ അവരുമായി എന്ത് യുദ്ധം?
ഒരിക്കലും ഫ്യൂഡല്‍ കാലത്തെ നാടുവാഴി സംബ്രദായത്തിനുള്ളില്‍ പോലും നിയമപരമായി രാജ്യമോ രാജ്യാധികാരമോ ഇല്ലാതെ നാട്ടുകാരായ നായര്‍ മാടമ്പിമാരുടെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചരിത്രമാണ് പന്തളത്ത് ഇപ്പോള്‍ രാജ പാരമ്പര്യം അവകാശപ്പെടുന്ന കുടുംബത്തിനുള്ളത് എന്ന ഈ വസ്തുത നമുക്ക് ഓര്‍ക്കേണ്ടി വരുന്നത് ഇവരുടെ വ്യാജമായ അവകാശവാദങ്ങള്‍ അതിരു കടക്കുന്നത് കൊണ്ട് മാത്രമാണ്. ആകെയുള്ളത് അയ്യപ്പന്‍ മിത്താണ്. അയ്യപ്പന്‍റെ യുദ്ധങ്ങളാണ്. അതിന്റെ കഥ ഏതാണ്ട് എല്ലാവര്ക്കും ഇപ്പോള്‍ അറിയുകയും ചെയ്യാം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പന്തളം എന്ന ഇല്ലാത്ത രാജ്യവും വല്ലാത്ത രാജവംശവും'; പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
Next Article
advertisement
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
  • പോറ്റിയെ കേറ്റിയെ പാട്ട് വർഗ്ഗീയ ധ്രുവീകരണത്തിനായി സൃഷ്ടിച്ചതെന്ന് സിപിഎം ആരോപിച്ചു.

  • അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ആലോചിക്കുന്നു.

  • മതസ്ഥാപനങ്ങളെയും ദൈവങ്ങളെയും തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി CPM ആരോപിച്ചു.

View All
advertisement