SSLC Results 2021: കോവിഡിനെ തോൽപിച്ച് എ പ്ലസ് നേടി കുട്ടികളും വിദ്യാഭ്യാസ വകുപ്പും
- Published by:Rajesh V
- news18-malayalam
Last Updated:
മുൻ അനുഭവങ്ങളൊന്നുമില്ലാത്ത ഒരു പരീക്ഷണകാലമായിരുന്നു ഇത്. ഈ പരീക്ഷണത്തിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും എ പ്ലസ് നേടി. കോവിഡ് രണ്ടാം തരംഗത്തിന്റെ ശക്തമായ വെല്ലുവിളികളോട് പൊരുതിയാണ് വിദ്യാർഥികൾ പരീക്ഷയ്ക്ക് എത്തിയത്.
തിരുവനന്തപുരം: ഒരു ദിവസം പോലും സ്കൂളിലെ ക്ലാസ് മുറിയിലിരിക്കാനാകാതെ മെബൈലിലും ലാപ്ടോപ്പിലുമായിരുന്നു കുട്ടികളുടെ പഠനം. ആശങ്കകൾക്കിടയിലും പുതിയ മാറ്റത്തിനൊത്ത് കുട്ടികൾക്കൊപ്പം നിന്ന അധ്യാപകർ. പ്രതിസന്ധിക്കിടയിലും പരീക്ഷയുമായി മുന്നോട്ടുപോകാനുള്ള സർക്കാരിന്റെ തീരുമാനം. ഇതിനൊടുവിലാണ് റെക്കോർഡ് വിജയവുമായി എസ്എസ്എൽസി ഫലം വന്നിരിക്കുന്നത്. കുട്ടികൾക്കും അധ്യാപകർക്കും സർക്കാരിനും എല്ലാം പുതിയ അനുഭവമായിരുന്നു ഇത്.
മുൻ അനുഭവങ്ങളൊന്നുമില്ലാത്ത ഒരു പരീക്ഷണകാലമായിരുന്നു ഇത്. ഈ പരീക്ഷണത്തിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും എ പ്ലസ് നേടി. കോവിഡ് രണ്ടാം തരംഗത്തിന്റെ ശക്തമായ വെല്ലുവിളികളോട് പൊരുതിയാണ് വിദ്യാർഥികൾ പരീക്ഷയ്ക്ക് എത്തിയത്. ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവാതിരിക്കാൻ ശക്തമായ മുന്നൊരുക്കങ്ങളും നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തിയെങ്കിലും രക്ഷിതാക്കളിലും വിദ്യാർഥികളിലും ആശങ്ക ഒഴിഞ്ഞിരുന്നില്ല. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു. എന്നാൽ പരീക്ഷയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
advertisement
മാർച്ച് 17 നാണ് ആദ്യം പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. ടൈംടേബിളും പ്രസിദ്ധീകരിച്ചു. എന്നാൽ ഭരണപക്ഷ അധ്യാപക സംഘടനകളുടെ അഭ്യർത്ഥന പ്രകാരം ഏപ്രിലിലേക്ക് മാറ്റി. പരീക്ഷ തുടങ്ങിയശേഷം രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സ്ഥിതിയുണ്ടായി. പരീക്ഷകൾ മാറ്റണമെന്ന് ആവശ്യം വിവിധ കോണുകളിൽ നിന്നുയർന്നു. വിദ്യാർത്ഥികൾ കൂട്ടത്തോടെ രോഗബാധിതരാകുമോയെന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ പരീക്ഷ നടത്തിപ്പിൽ നിന്ന് പിന്നോട്ട് പോകാൻ അധികൃതർ തയാറായില്ല.
മുന്നൂറിലധികം വിദ്യാർഥികളാണ് കോവിഡ് പോസിറ്റീവായി പരീക്ഷയ്ക്ക് എത്തിയത്. പ്രത്യേക ഹാളിൽ ഇവർക്ക് പരീക്ഷ എഴുതാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയ അധികൃതർ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് പരിഹാരം കണ്ടു. എഴുത്തുപരീക്ഷകൾ വിജയകരമായി നടത്തിയെങ്കിലും ഐ ടി പ്രാക്ടിക്കൽ പരീക്ഷ ഉപേക്ഷിക്കേണ്ടിവന്നു. നിരന്തര മൂല്യനിർണയത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രാക്ടിക്കൽ പരീക്ഷയുടെ ഗ്രേഡ് കണക്കാക്കുകയായിരുന്നു.
advertisement
കോവിഡ് വ്യാപനം കണക്കിലെടുത്ത് മൂല്യനിർണയത്തിന് ഇത്തവണ കൂടുതൽ ക്യാമ്പുകളും ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷം 56 ക്യാമ്പുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 72ആയി. അതുകൊണ്ടാണ് റെക്കോർഡ് സമയത്തിൽ ഫലം പ്രസിദ്ധീകരിക്കാനായത്.
ആദ്യം പറഞ്ഞതുപോലെ റെക്കോർഡ് വിജയമാണ് ഇത്തവണ ഉണ്ടായത്. 98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിജയശതമാനം. ഇതിൽ നിന്ന് 0.65 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇത്തവണത്തെ ഉണ്ടായിട്ടുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വലിയ വർധനവുണ്ട്. 1,21,318 പേരാണ് ഇത്തവണ എല്ലാവിഷയത്തിനും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം 41,906 എ പ്ലസ് ആയിരുന്നു. ഇത്തവണ 79,412 എ പ്ലസുകൾ കൂടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 14, 2021 4:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SSLC Results 2021: കോവിഡിനെ തോൽപിച്ച് എ പ്ലസ് നേടി കുട്ടികളും വിദ്യാഭ്യാസ വകുപ്പും