ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാൻ തയാറെന്ന് പ്രതി; ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്
- Published by:Rajesh V
- news18-malayalam
Last Updated:
വന്ദനയുടെ മാതാപിതാക്കൾ കോടതിയിൽ എത്തിയിരുന്നു
കൊല്ലം: ഡോ. വന്ദനാ ദാസിനെ കുത്തികൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി 21ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ശിക്ഷാ വാദം പൂർത്തിയായി. പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നും അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാൻ തയാറാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും അമ്മ ഒറ്റയ്ക്കാണെന്നും നോക്കാൻ ആളില്ലെന്നും സന്ദീപ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഡോ. വന്ദനാദാസ് വധക്കേസിലെ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊലപാതകം അടക്കമുള്ള വകുപ്പുകൾ തെളിഞ്ഞു. കേസിലെ ഏക പ്രതിയായ ഇയാൾക്കുള്ള വിധി എന്തെന്ന് അറിയാൻ വന്ദനയുടെ മാതാപിതാക്കൾ കോടതിയിൽ എത്തിയിരുന്നു.
2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ. വന്ദനാദാസിനെ പ്രതി സന്ദീപ് കൊലപ്പെടുത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദനാ ദാസിനെ കത്രിക ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കും പ്രതിയിൽ നിന്ന് മർദനമേറ്റിരുന്നു.
advertisement
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളടക്കം തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളും ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി പടിക്കൽ കോടതിയിൽ ഹാജരാക്കിയത്. മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകള്‍ വന്ദനാ ദാസ് എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ് കുത്തേറ്റ് മരിച്ചത്.
കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഈ കൊലപാതകം വഴിവച്ചിരുന്നു. സംസ്ഥാനത്തുടനീളം ഡോക്ടർമാരും മറ്റ് ജീവനക്കാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ പണിമുടക്കി തെരുവിലിറങ്ങി.
advertisement
ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ കർശന നിയമനിർമാണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സർക്കാരും ആരോഗ്യവകുപ്പും വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുകയും ചെയ്തിരുന്നു.
Summary: The Kollam Additional Sessions Court has scheduled the final sentencing for March 21 in the brutal murder case of Dr. Vandana Das. The prosecution has argued that this falls under the "rarest of rare" category and has demanded the maximum punishment-the death penalty-for the convict, Sandeep. Sandeep pleaded for a lenient sentence, stating he is willing to do penance for his crime. He cited his elderly mother's helplessness as a reason for seeking mercy.
Location :
Kollam,Kollam,Kerala
First Published :
Mar 19, 2026 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാൻ തയാറെന്ന് പ്രതി; ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്









