തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷ് ഒളിവിലെന്നാണ് റിപ്പോർട്ട്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ കഴിയാത്ത സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ സജീവമാണ്. ഇത്തരത്തിൽ സ്ക്രീൻഷോട്ടുകൾ വൈറലാണ്. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ ചിത്രങ്ങൾക്ക് വന്ന കമന്റിന് മറുപടി നൽകിയാണ് സ്വപ്ന സജീവമായിരിക്കുന്നത്.
'ഞാൻ പേടിച്ചു കേട്ടോ'ന്ന് സ്വപ്നയുടെ കമന്റ്. 'ചേച്ചി പേടിക്കില്ല കൂടെ ഉള്ളത് കേരള ഭരണം അല്ലേ...' എന്നാണ് ഇതിന് ഒരു വിരുതന്റെ മറുപടി. ഇയാൾക്കും മറുപടി കൊടുക്കുന്നുണ്ട് സ്വപ്ന. 'അതെ, എന്തേലും സംശയമുണ്ടോ' എന്നാണ് ഇതിന് സ്വപ്ന നൽകുന്ന ഉത്തരം.
![]()
അതേസമയം, സ്വപ്നയുടെ മറ്റൊരു കമന്റും ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. അതിൽ, രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നുമാണ് ചോദിക്കുന്നത്.
![]()
![]()
സ്വപ്നയെ പിരിച്ചു വിട്ടതായി ഐടി വകുപ്പ് ഇന്ന് അറിയിച്ചിരുന്നു. ഐ.ടി വകുപ്പിലെ ജീവനക്കാരിയായ സ്വപ്ന നേരത്തെ യു.എ.ഇ കോൺസുലേറ്റിൽ ഓപ്പറേഷണൽ മാനേജർ ആയിരുന്നു. സ്വർണക്കടത്ത് പിടികൂടിയതിനെ തുടർന്ന് സ്വപ്ന സുരേഷ് ഒളിവിലാണെന്നാണ് റിപ്പോർട്ട്. അതേസമയം, മറ്റൊരു പ്രതിയും യു എ ഇ കോൺസുലേറ്റിലെ മുൻ പി ആർ ഒയും ആയിരുന്ന സരിത്ത് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ്.
![]()
സ്വപ്ന സുരേഷാണ് സ്വർണക്കടത്തിലെ മുഖ്യപ്രതിയെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. സ്വപ്ന എയർപോർട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെയും വാട്സ്ആപ് ചാറ്റിന്റെയും വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഐ.ബി, റോ ഉദ്യോഗസ്ഥർ സരിത്തിനെ ചോദ്യം ചെയ്യുകയാണ്.
സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) എന്ന സ്ഥാപനത്തിലെ ഓപ്പറേഷൻസ് മാനേജരാണ് സ്വപ്ന സുരേഷ്. സ്പേസ് പാർക്ക് പ്രോജക്ട് മാനേജരായും ഇവർ പ്രവർത്തിക്കുന്നുണ്ട്.
കഴിഞ്ഞദിവസമാണ് യു എ ഇ കോൺസുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് 30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിൽ എത്തിയ ഡിപ്ലോമാറ്റിക് ബാഗേജ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് സരിത്തിനെ കസ്റ്റഡിയിൽ എടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.