കൊച്ചി: സീറോ മലബാർ സഭാ സിനഡിന് (Synod of Syro Malabar Church) ഇന്ന് സമാപനം. കുർബാന ഏകീകരണത്തിൽ (Uniform holy mass) സിനഡ് തീരുമാനം നടപ്പാക്കാതിരുന്ന എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ആൻറണി കരിയലിനെതിരെ നടപടികൾക്കുള്ള സാധ്യത സജീവമാണ്. അതേസമയം കുർബാന ഏകീകരണം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് വൈദികർ നടത്തുന്ന സത്യഗ്രഹ സമരം തുടരുകയാണ്.
കുർബാന ഏകീകരണത്തെ ചൊല്ലി സീറോ മലബാർ സഭയിൽ വിവാദം അതിന്റെ മൂർധന്യത്തിൽ നിൽക്കവേയാണ് സിനഡ് നടന്നത്. ഒരു വിഭാഗം വൈദികരും ആറ് ബിഷപ്പുമാരും സിനഡ് തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. എതിർ ശബ്ദങ്ങൾക്കെതിരെ ഇതുവരെയും സിനഡ് നിലപാട് വ്യക്തമാക്കിയട്ടില്ല. ഏകീകരണവുമായി മുന്നോട്ട് പോകുവാൻ തന്നെയാണ് സിനഡ് തീരുമാനം.
എറണാകുളം അങ്കമാലി അതിരൂപത മാത്രമാണ് വലിയ രീതിയിൽ ഇതിന് എതിർപ്പ് ഉയർത്തുന്നത്. ഇതിനെ എങ്ങനെ മറികടക്കണം എന്നത് സംബന്ധിച്ച് സിനഡിൽ ചർച്ചകൾ ഉണ്ടായി. എന്നാൽ സിനഡ് നിർദ്ദേശങ്ങളെ ഏതു വിധേനയും പ്രതിരോധിക്കാനാണ് അതിരൂപതയിലെ വൈദികരുടെ നിലപാട്.
എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ഹൗസിൽ വൈദികർ നടത്തുന്ന പട്ടിണി സമരം തുടരുകയാണ്. ജനാഭിമുഖ കുർബാന നിലനിർത്താനുള്ള തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ കടുപ്പിക്കമെന്ന് അതിരൂപത സംരക്ഷണ സമിതിയും വ്യക്തമാക്കിയിട്ടുണ്ട്.
ഏഴു ദിവസങ്ങളിലായി സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെൻറ് തോമസിലാണ് സമ്പൂർണ്ണ സിനഡ് നടന്നത്. കഴിഞ്ഞ രണ്ടു വർഷവും കോവിഡ് കാരണം ഓൺലൈനായാണ് സിനഡ് ചേർന്നത്. കുർബാന ഏകീകരണത്തിൽ കഴിഞ്ഞ സിനഡിലും ഒത്തൊരുമ ഇല്ലായിരുന്നുവെന്നും, 12 ബിഷപ്പുമാരുടെ വിയോജിപ്പ് വത്തിക്കാനെ അറിയിച്ചില്ല എന്നും സിനഡിൽ പങ്കെടുത്ത ആറ് ബിഷപ്പുമാർ വത്തിക്കാന് കത്തെഴുതിയിരുന്നു. ഇതെല്ലാം സിനഡിൽ ചർച്ചയായി.
സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്നു വിരമിച്ചവരുമായ 57 വൈദികമേലധ്യക്ഷൻമാർ സിനഡിൽ പങ്കെടുത്തു. വിരമിച്ച അഞ്ച് മെത്രാൻമാർ അനാരോഗ്യംമൂലം സിനഡിൽ പങ്കെടുത്തില്ല. സഭയും സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ സിനഡിൽ ചർച്ച ചെയ്തു.
കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ 2020 ആഗസ്റ്റ് മാസത്തിലും 2021 ജനുവരി മാസത്തിലും 2021 ആഗസ്റ്റ് മാസത്തിലുമായി മൂന്ന് സിനഡ് സമ്മേളനങ്ങൾ നടത്തിയത് ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലാണ്. പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയം നൽകിയ പ്രത്യേക മാർഗരേഖയനുസരിച്ചാണ് ഇത്തരത്തിൽ ഓൺലൈനായി സിനഡ് സമ്മേളനങ്ങൾ നടത്തിയത്.
കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുവരുത്തിയ സാഹചര്യത്തിലാണ് പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം ആദ്യമായി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് മെത്രാൻ സിനഡ് നടത്തുന്നത്.
Summary: The Synod of Syro Malabar Church concludes today. The possibility of action against Archbishop Antony Kariyil of the Angamaly Archdiocese of Ernakulam, who did not implement the Synod's decision on the Uniform Holy Massഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.