മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തു; ക്രൈസ്തവ വിഭാഗങ്ങളുടെ പരാതി പരിഗണിച്ചെന്ന് സൂചന

Last Updated:

ന്യൂനപക്ഷ വകുപ്പ് ഒരു മതവിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം പ്രാധാന്യം നൽകുന്നതായി സംസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭകൾ ആരോപിച്ചിരുന്നു.

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയപ്പോൾ പതിവിനു വിപരീതമായി ന്യൂനപക്ഷ ക്ഷേമം മുഖ്യമന്ത്രി പിണറായി വിജയനാണ്. സി പി എം സ്വതന്ത്രനായി മലപ്പുറം താനൂരിൽ നിന്ന് തുടർച്ചയായ രണ്ടാം തവണയും വിജയിച്ച വി അബ്ദു റഹിമാൻ ജലീലിന് പകരം ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയാകുമെന്ന് ആയിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, ഗസറ്റ് വിജ്ഞാപനം വന്നപ്പോൾ ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തിരിക്കുകയാണ്.
ഒന്നാം പിണറായി മന്ത്രിസഭയിൽ കെ ടി ജലീൽ ആയിരുന്നു ന്യൂനപക്ഷക്ഷേമം കൈകാര്യം ചെയ്തിരുന്നത്. സംസ്ഥാനത്ത് ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകൃതമായതിനു ശേഷം പാലൊളി മുഹമ്മദ്കുട്ടി (ന്യൂനപക്ഷ സെൽ), മഞ്ഞളാംകുഴി അലി, കെ ടി ജലീൽ എന്നിവർ ആയിരുന്നു ന്യൂനപക്ഷ വകുപ്പ് മന്ത്രിമാർ. ഇത്തവണ താനൂരിൽ നിന്നുളള വി അബ്ദുറഹിമാൻ ന്യൂനപക്ഷ വകുപ്പ് മന്ത്രിയാകുമെന്ന് ആയിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള വിജ്ഞാപനം വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ന്യൂനപക്ഷ വകുപ്പും കൈകാര്യം ചെയ്യുന്നത്.
advertisement
ജസ്റ്റീസ് രജീന്ദർ സച്ചാർ കമ്മിറ്റിയുടെ ശുപാർശകൾ കേരളത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ 2008 ഏപ്രിൽ മാസത്തിൽ പൊതുഭരണവകുപ്പിൽ ഒരു ന്യൂനപക്ഷ സെൽ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ വിപൂലീകരിക്കുന്നതിന്റെ ഭാഗമായി പ്രസ്തുത സെല്ലിനെ 2011 ജനുവരി മുതൽ ന്യൂനപക്ഷക്ഷേമ വകുപ്പാക്കി ഉയർത്തി. വിവിധ വകുപ്പുകളിൽ നിലനിൽക്കുന്ന സമാനമായുള്ള കാര്യങ്ങളെ ഈ വകുപ്പിലേക്ക് ഏകോപിപ്പിക്കണമെന്നും പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.
advertisement
ഇതിനെ തുടർന്ന്, സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും സംസ്ഥാനത്ത് ന്യൂനപക്ഷ വികസന സ്പെഷ്യൽ ഓഫീസർ അധ്യക്ഷനായി ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിച്ചു കൊണ്ടും ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ആറ് തസ്തികകൾ സൃഷ്ടിച്ചു കൊണ്ടും ഉത്തരവായി. വിദ്യാഭ്യാസ ധനസഹായം, വിവാഹബന്ധം വേര്‍പെടുത്തിയ/ വിധവകളായ/ ഭര്‍ത്താവ് ഉപേക്ഷിച്ച/ ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകള്‍ക്കുള്ള ഭവന പദ്ധതി, ന്യൂനപക്ഷ കേന്ദ്രീകൃത മേഖലയിലെ കുടിവെള്ള വിതരണ പദ്ധതി എന്നിവയാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കിവരുന്ന പ്രധാന പദ്ധതികള്‍.
advertisement
എന്നാൽ, ന്യൂനപക്ഷ വകുപ്പ് ഒരു മതവിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം പ്രാധാന്യം നൽകുന്നതായി സംസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭകൾ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് അമ്പത് ശതമാനത്തോളം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരാണെന്നാണ് കണക്കുകൾ. ഇതിൽ തന്നെ മുസ്ലിങ്ങളേക്കാൾ എണ്ണത്തിൽ കുറവ് ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവർ ആയതിനാൽ തങ്ങൾക്ക് നീതി നടപ്പാക്കി കിട്ടുന്നില്ലെന്നാണ് ക്രൈസ്തവ വിഭാഗങ്ങളുടെ ആവശ്യം. അതുകൊണ്ടു തന്നെ ഇത്തവണ ന്യൂനപക്ഷ വകുപ്പ് ക്രൈസ്തവ വിഭാഗത്തിന് നൽകണമെന്ന് പരസ്യമായും രഹസ്യമായും ആവശ്യം ഉയർന്നിരുന്നു.
ഇത്തവണത്തെ പിണറായി മന്ത്രിസഭയിലെ നാല് ക്രിസ്ത്യൻ മന്ത്രിമാരിൽ നാലുപേരും സിറോ മലബാർ, ഓർത്തഡോക്സ്, സി എസ് ഐ, ലത്തീൻ എന്നിങ്ങനെ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണ്. അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന് നൽകിയാൽ അതു ചിലപ്പോൾ മറ്റു ചിലരുടെ അതൃപ്തിക്ക് കാരണമായേക്കും. ഇക്കാരണങ്ങളാലാണ് ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി തന്നെ തീരുമാനിച്ചതെന്നാണ് സൂചന.
advertisement
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80 ശതമാനം മുസ്ലീം, 20 ശതമാനം ക്രിസ്ത്യന്‍ ഉള്‍പ്പെടെ ഇതരവിഭാഗങ്ങള്‍ക്കെന്ന നീതിനിഷേധ അനുപാതം തിരുത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. അതേസമയം, സംസ്ഥാനത്ത് ന്യൂനപക്ഷ സംവരണത്തിൽ വിവേചനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബി ജെ പിയും രംഗത്ത് എത്തിയിരുന്നു. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നത് 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ക്രൈസ്തവ വിഭാഗത്തിനുമാണ്. ഇത് മതവിവേചനമാണെന്ന് ആയിരുന്നു ബി ജെ പി നേതാവായ പി കെ കൃഷ്ണദാസ് ഉന്നയിച്ച ആരോപണം.
advertisement
ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ പി എം ജി വി കെ സംസ്ഥാനത്ത് 12 ജില്ലകളിൽ നടപ്പാക്കുന്നുണ്ട്. ഇതിന്റെ മേൽനോട്ട സമിതിയിൽ ന്യൂനപക്ഷങ്ങൾ വേണമെന്നാണ് കേന്ദ്രനിർദ്ദേശം. എന്നാൽ, പകുതിയിലേറെ ജില്ലകളിലെ സമിതിയിലും മുസ്ലിം വിഭാഗം മാത്രമേയുള്ളൂവെന്നും കൃഷ്ണദാസ് ആരോപിച്ചിരുന്നു.
അതേസമയം, കേന്ദ്ര, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 80:20 എന്ന മുസ്ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾ തമ്മിലെ അനുപാതത്തിൽ വിവേചനം ഉണ്ടെന്ന ഹൈക്കോടതി ഉത്തരവ് മാനിച്ച് സർക്കാർ അടിയന്തിരമായി തിരുത്തണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി അഡ്വ വി സി സെബാസ്റ്റ്യൻ ഈ വർഷം ജനുവരിയിൽ ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷക്ഷേമ പദ്ധതികളിൽ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും തുല്യനീതി നടപ്പിലാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
advertisement
ഏതായാലും ന്യൂനപക്ഷ വകുപ്പ് സംബന്ധിച്ച് ആരോപണങ്ങളും തർക്കങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി തന്നെ വകുപ്പ് ഏറ്റെടുത്തത് വകുപ്പിന്റെ നടത്തിപ്പിൽ വലിയൊരു മാറ്റത്തിന് വഴി തെളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.​
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തു; ക്രൈസ്തവ വിഭാഗങ്ങളുടെ പരാതി പരിഗണിച്ചെന്ന് സൂചന
Next Article
advertisement
രാജസ്ഥാനിൽ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു
രാജസ്ഥാനിൽ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു
  • രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിലെ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു.

  • ഷോർട്ട് സർക്യൂട്ടിൽ നിന്നാണ് ട്രോമ ഐസിയുവിൽ തീപിടുത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

  • രാജസ്ഥാൻ മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആറ് അംഗ സമിതി രൂപീകരിച്ചു.

View All
advertisement