ദിവ്യ എസ് അയ്യര്‍ അനധികൃതമായി പതിച്ചു നല്‍കിയ സ്ഥലത്ത് പൊലിസ് സ്റ്റേഷന്‍ നിർമ്മിക്കും
Last Updated:
തിരുവനന്തപുരം: സബ് കലക്ടറായിരുന്ന ദിവ്യ എസ് അയ്യര്‍ നിയമവിരുദ്ധമായി പതിച്ചുനൽകിയ ഭൂമി ഏറ്റെടുത്ത് പൊലീസ് സ്‌റ്റേഷന്‍ നിർമിക്കാൻ സര്‍ക്കാര്‍ ഉത്തരവായി. വര്‍ക്കല അയിരൂരില്‍ വില്ലിക്കടവ് പാരിപ്പള്ളി-വര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്നുള്ള 27 സെന്റ് സ്ഥലമാണ് അയിരൂര്‍ പൊലീസ് സ്‌റ്റേഷന്‍ നിര്‍മാണത്തിന് നല്‍കുക.
അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാലത്തിന് സമീപം സ്വകാര്യവ്യക്തി വര്‍ഷങ്ങളായി കൈയേറിയ രണ്ട് കോടിയോളം വിലപിടിപ്പുള്ള ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് റവന്യൂ അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഈ ഭൂമിയാണ് അയിരൂര്‍ പുന്നവിള വീട്ടില്‍ എം ലിജിക്ക്, ദിവ്യ എസ് അയ്യര്‍ പതിച്ചു കൊടുത്തത്. ദിവ്യയുടെ ഭര്‍ത്താവ് കെ എസ് ശബരീനാഥന്‍ എംഎല്‍എയുടെ അടുപ്പക്കാരായാ ലിജി കോൺഗ്രസ് അനുഭാവിയാണെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവം വന്‍ വിവാദമായതിനെത്തുടര്‍ന്ന് ദിവ്യയെ സബ് കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റി ഭൂമി കൈമാറ്റം സ്‌റ്റേ ചെയ്തിരുന്നു.
advertisement
വര്‍ക്കല തഹസില്‍ദാര്‍ പുറമ്പോക്കാണെന്ന് കണ്ടെത്തി 2017ല്‍ ഏറ്റെടുത്ത ഈ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് ലിജി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ദിവ്യ ഈ കേസില്‍ ഇടപെടുന്നത്. തുടക്കത്തില്‍ സബ് കലക്ടര്‍ കേസില്‍ കക്ഷിയായിരുന്നില്ല. എന്നാല്‍, ഒക്‌ടോബര്‍ 31ന് സമര്‍പ്പിച്ച പ്രത്യേക അപേക്ഷ പ്രകാരം ഇവര്‍ ആറാംകക്ഷിയായി ചേര്‍ന്നു. ആര്‍ഡിഒ കൂടിയായ സബ് കലക്ടര്‍ വിഷയം പരിശോധിച്ച് തീര്‍പ്പാക്കാന്‍ കോടതി ഉത്തരവിട്ടു.
advertisement
തുടര്‍ന്ന് ഫെബ്രുവരി 28ന് സബ് കലക്ടര്‍ തെളിവെടുപ്പ് നടത്തി. ഭൂമി ഏറ്റെടുത്ത വര്‍ക്കല തഹസില്‍ദാര്‍, സര്‍ക്കാരിലേക്കുചേര്‍ത്ത അയിരൂര്‍ വില്ലേജ് ഓഫീസര്‍, കക്ഷികളായ ഇലകമണ്‍ പഞ്ചായത്ത് അധികൃതര്‍ എന്നിവരെ അറിയിക്കാതെയായിരുന്നു തെളിവെടുപ്പ്. ലിജി നല്‍കിയ അപേക്ഷയില്‍ വര്‍ക്കല ഭൂരേഖ തഹസില്‍ദാരാണ് അപ്പീല്‍ പ്രതി. എന്നാല്‍, പ്രതിയെപ്പോലും തെളിവെടുപ്പ് അറിയിച്ചില്ല. പരാതിക്കാരി ലിജിയും അഭിഭാഷകനും മാത്രമാണ് തെളിവുനല്‍കാന്‍ ഹാജരായത്. സര്‍ക്കാര്‍ രേഖകള്‍ പരിശോധിക്കാതെ, ലിജിയുടെ വാദം മാത്രം മുഖവിലയ്‌ക്കെടുത്ത് ഏകപക്ഷീയമായി ദിവ്യ ഭൂമി പതിച്ചുകൊടുക്കുകയായിരുന്നു.
advertisement
ഇതേത്തുടര്‍ന്ന് വി ജോയി എംഎല്‍എയുടെ പരാതി പ്രകാരം റവന്യൂ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സബ് കലക്ടറുടെ നടപടി ക്രമത്തില്‍ ദുരൂഹത തെളിഞ്ഞതിനാല്‍ ഭൂമി ദാനം സ്‌റ്റേ ചെയ്തു. സബ് കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി.ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയ കലക്ടര്‍ ഭൂമി അളക്കാന്‍ സര്‍വേ സൂപ്രണ്ടിനെ നിയോഗിച്ചു. ഈ പരിശോധനയില്‍ ദാനം ചെയ്തത് സര്‍ക്കാര്‍ ഭൂമിയാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലിജിയുടെ അവകാശവാദം തള്ളി ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ പൊലീസ് സ്‌റ്റേഷന്‍ നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 13, 2019 2:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദിവ്യ എസ് അയ്യര്‍ അനധികൃതമായി പതിച്ചു നല്‍കിയ സ്ഥലത്ത് പൊലിസ് സ്റ്റേഷന്‍ നിർമ്മിക്കും