പ്രിൻസ് ജെയിംസ്
ഇടുക്കിയിലെ, അപകടകാരിയായ ഒറ്റയാന് അരികൊമ്പനെ മയക്ക് വെടി വെച്ച് പിടികൂടാന്‍ ഉത്തരവായി. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഗംഗാ സിംഗ് ഐഎഫ്എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
വനം വകുപ്പ് വാച്ചര്‍ ശക്തിവേല്‍ കൊല്ലപെട്ടതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് മേഖലയില്‍ ഉയര്‍ന്നത്. തുടര്‍ന്ന് വനം മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അടിയന്തിര യോഗം ചേരുകയും വയനാട്ടില്‍ നിന്നുള്ള പ്രത്യേക ആര്‍ആര്‍ടി സംഘത്തെ ജില്ലയിലേയ്ക്ക് അയക്കുകയും ചെയ്തു. വെറ്റിനറി സര്ജന് അരുണ്‍ സഖറിയാ നേരിട്ടെത്തി പഠനം നടത്തുകയും അരികൊമ്പനെ പിടികൂടുന്നതടക്കമുള്ള ശുപാര്‍ശ നല്‍കുകയും ചെയ്തു. ഇതോടെയാണ് സിസിഎഫ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് റിപ്പോര്‍ട്ട് സമര്പ്പിയ്ക്കുകയായിരുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാന ആക്രമണത്തില്‍ 13 ജീവനുകള്‍ നഷ്ടപെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി വീടുകളും ഏക്കറു കണക്കിന് ഭൂമിയിലെ കൃഷിയും നശിച്ചു.നാശ നഷ്ടങ്ങളില്‍ ഏറിയ പങ്കും വരുത്തിയത്, അരികൊമ്പനാണ്. ഈ സാഹചര്യത്തിലാണ് അപകടകാരിയായ ഒറ്റയാനെ പിടികൂടാന്‍ വനം വകുപ്പ് നടപടി ആരംഭിയ്ക്കുന്നത്.
ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലാണ് അരികൊമ്പന് ഏറെ നാശം വിതച്ചിട്ടുള്ളത്. മയക്കു വെടി വെച്ച് കൂട്ടിലാക്കുകയോ വാഹനത്തില്‍ മറ്റൊരിടത്തേയ്ക്ക് മാറ്റുകയോ വാഹനത്തില്‍ കൊണ്ടുപോകാന്‍ സാധിയ്ക്കില്ലെങ്കില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിയ്ക്കുകയോ ചെയ്യാമെന്ന് ഉത്തരവില്‍ നിര്‍ദേശിയ്ക്കുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.