രാജ്യാന്തര പ്രശസ്തി നേടിയ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ചുവർച്ചിത്രങ്ങളുടെ സംരക്ഷണ നടപടികൾ സർക്കാർ ആരംഭിച്ചു
- Published by:Amal Surendran
- news18-malayalam
Last Updated:
ചുവർച്ചിത്രങ്ങൾ സംരക്ഷിക്കുന്നതിൻെറ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി മൂന്നംഗ വിദഗ്ധ സമിതി രൂപീകരിക്കും.
തിരുവനന്തപുരം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കാലപ്പഴക്കമുള്ള ചുവർചിത്രങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവന്റെ നിർദേശം അനുസരിച്ച് ക്ഷേത്രത്തിലെ ചുവർചിത്രങ്ങളുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ആറന്മുളയിലെ വാസ്തുവിദ്യാ ഗുരുകുലം തയ്യാറാക്കി വരികയാണ്. കാലപ്പഴക്കം ചെന്ന ചുവർചിത്രങ്ങൾ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനും അവയുടെ പകർപ്പുകൾ പ്രദർശിപ്പിക്കുന്നതിന് മ്യൂസിയം സ്ഥാപിക്കുന്നതിനും ശുപാർശ ചെയ്യുമെന്ന് ഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടർ ടി ആർ സദാശിവൻ നായർ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ചുവർച്ചിത്രങ്ങൾ സംരക്ഷിക്കുന്നതിൻെറ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി മൂന്നംഗ വിദഗ്ധ സമിതി രൂപീകരിക്കും. നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവി എം വേലായുധൻ നായർ, മൈസൂരിലെ റീജിയണൽ കൺസർവേഷൻ ലബോറട്ടറി, സംസ്ഥാന പുരാവസ്തു വകുപ്പ് എന്നിവയുടെ പ്രതിനിധികൾ എന്നിവരാകും സംഘത്തിലെ അംഗങ്ങൾ. സാംസ്കാരിക വകുപ്പാണ് പദ്ധതിയുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കുക. ചുവർചിത്രങ്ങൾ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ക്ഷേത്രത്തിൽ വരുന്നവർ ചിത്രങ്ങളുള്ള ചുമരിൽ തൊടാതിരിക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തും.
സന്ദർശകർക്ക് യഥാർത്ഥ ചുവർച്ചിത്രങ്ങൾ കാണാനുള്ള സൗകര്യം കുറവായതിനാലാണ് ചുവർച്ചിത്രങ്ങളുടെ പകർപ്പുകളുള്ള മ്യൂസിയം നിർമ്മിക്കുന്നത്. ഇവിടെ സന്ദർശകർക്ക് ചിത്രങ്ങൾ ആസ്വദിക്കാൻ സാധിക്കും. “ക്ഷേത്രഗോപുരത്തിന്റെ അകത്തെ ഭിത്തിയിലാണ് ഏറ്റവും പ്രധാനപ്പെട്ട ചുവർച്ചിത്രങ്ങൾ ഉള്ളത്. ഈ ഭാഗത്തേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അത്യാവശ്യം നല്ല ഉയരത്തിലാണ് ചുവർച്ചിത്രങ്ങൾ ഉള്ളത്. അതിനാൽ നന്നായി കാണാൻ സന്ദർശകർക്ക് സാധിക്കുകയുമില്ല. അതേസമയം ചിത്രങ്ങളുടെ അതേ മാതൃകയിലുള്ള പെയിൻറിങ്ങുകളാണ് മ്യൂസിയത്തിൽ ഉണ്ടാവുക. അത് ആസ്വദിക്കാൻ സന്ദർശകർക്ക് അവസരം നൽകും,” സദാശിവൻ നായർ പറയുന്നു.
advertisement
പദ്ധതിയുടെ വിശദമായ പദ്ധതി രൂപരേഖയും മറ്റ് വിവരങ്ങളും ഒരാഴ്ചയ്ക്കകം സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 18-ാം നൂറ്റാണ്ടിൽ വരച്ച ചിത്രങ്ങളുടെ പരിതാപകരമായ അവസ്ഥയെപ്പറ്റി നേരത്തെ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ആ റിപ്പോർട്ട് പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ അനാസ്ഥയാണ് ചിത്രങ്ങൾ നശിക്കാൻ പ്രധാന കാരണമായി പറയുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രങ്ങളിലൊന്നായ ‘അനന്തശയനം’ എന്ന പെയിൻറിങ്ങിന് താഴെയാണ് ദേവസ്വം ബോർഡ് ഇലക്ട്രിക്കൽ കൺട്രോൾ പാനൽ സ്ഥാപിച്ചിരിക്കുന്നത്. പെയിന്റിങ്ങിന് മുകളിൽ ഇലക്ട്രിക് ഉപകരണങ്ങളും മറ്റും വെച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഭഗവാൻ കൃഷ്ണനോട് ഗോപികമാർ വസ്ത്രത്തിനായി അപേക്ഷിക്കുന്ന 'വസ്ത്രാപഹരണം' ആണ് മറ്റൊരു ചിത്രം. ഈ ചിത്രത്തിൽ ഗോപികമാരുടെ ശരീരഭാഗങ്ങളിലും മറ്റും വരച്ചും പോറലുകൾ വീഴ്ത്തിയും വൃത്തികേടാക്കിയിട്ടുണ്ട്.
advertisement
യൂറോപ്യൻ കലാ നിരൂപകയായ സ്റ്റെല്ല ക്രാംറിഷ് തന്റെ രണ്ട് പുസ്തകങ്ങളിൽ വിവരിച്ചതിന് ശേഷമാണ് ഏറ്റുമാനൂർ ക്ഷേത്രത്തിലെ ചുവർചിത്രങ്ങൾ അന്താരാഷ്ട്ര പ്രശസ്തി നേടിയത്. തെക്ക് ഭാഗത്തായി അകത്തെ ചുവരിലുള്ള നടരാജ പെയിൻറിങ് ആണ് ചിത്രങ്ങളിൽ ഏറ്റവും മികച്ചതെന്ന് ചരിത്രകാരൻ എം ജി ശശിഭൂഷൻ നേരത്തെ വിലയിരുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2022 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാജ്യാന്തര പ്രശസ്തി നേടിയ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ചുവർച്ചിത്രങ്ങളുടെ സംരക്ഷണ നടപടികൾ സർക്കാർ ആരംഭിച്ചു