• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആമസോണ്‍ കാടുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത സര്‍ക്കാരാണ് പശ്ചിമഘട്ടം വെളുപ്പിക്കാന്‍ കൂട്ടുനിന്നത്'; വി മുരളീധരന്‍

'ആമസോണ്‍ കാടുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത സര്‍ക്കാരാണ് പശ്ചിമഘട്ടം വെളുപ്പിക്കാന്‍ കൂട്ടുനിന്നത്'; വി മുരളീധരന്‍

നയനാര്‍ മന്ത്രിസഭയുടെ കാലത്തെ പേര്യ വനംകൊള്ളയുടെ പുതിയ പതിപ്പാണ് ഇപ്പോഴത്തേതെന്ന് വി മുരളീധരന്‍ വിമര്‍ശിച്ചു

വി മുരളീധരൻ

വി മുരളീധരൻ

  • Share this:
    തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ളക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. വയനാട്ടിലെ മുട്ടില്‍ സന്ദര്‍ശനത്തില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ചൂഷണത്തിലേക്കാണെന്ന് മുരളീധരന്‍ പറഞ്ഞു. കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ ഇറക്കിയ ഉത്തരവ്മൂലം കര്‍ഷകരും ആദിവാസികളും കബളിപ്പിക്കപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു.

    മുട്ടില്‍ മോഡല്‍ മറ്റ് ജില്ലകളിലും നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. നയനാര്‍ മന്ത്രിസഭയുടെ കാലത്തെ പേര്യ വനംകൊള്ളയുടെ പുതിയ പതിപ്പാണ് ഇപ്പോഴത്തേതെന്ന് വി മുരളീധരന്‍ വിമര്‍ശിച്ചു. മുഖ്യപ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായുള്ള പരിചയം പരിശോധിക്കേണ്ടതാണെന്നും വനം വകുപ്പോ പൊലീസോ അന്വേഷിച്ചാല്‍ കണ്ടെത്താവുന്ന ആഴമല്ല ഈ ഇടപാടിനെന്നും അദ്ദേഹം പറഞ്ഞു.

    Also Read-പെട്രോള്‍ പമ്പില്‍ കോലം കത്തിച്ച് പ്രതിഷേധം; DYFI യുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണം; രാഹുല്‍ മാങ്കൂട്ടത്തില്‍

    വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

    വയനാട്ടിലെ മുട്ടില്‍ സന്ദര്‍ശനത്തില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കേരളത്തിന്റെ ചരിത്രത്തിലേറ്റവും വലിയ പരിസ്ഥിതി ചൂഷണത്തിലേക്കാണ്.

    നൂറ്റാണ്ട് പഴക്കമുള്ള വന്‍മരങ്ങളാണ് മുറിച്ചു മാറ്റപ്പെട്ടതെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. കര്‍ഷകനെ സഹായിക്കാനെന്ന പേരില്‍ ഇറക്കിയ ഉത്തരവു മൂലം കര്‍ഷകരും ആദിവാസികളും കബളിപ്പിക്കപ്പെട്ടു.

    പലരും കേസുകളില്‍ പ്രതിയാകുമെന്ന ആശങ്കയില്‍ കഴിയുകയാണ്. കര്‍ഷകരെ സഹായിക്കാനല്ല , മരം മാഫിയയെ സഹായിക്കാനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ശ്രമിച്ചതെന്ന് പകല്‍ പോലെ വ്യക്തം.

    മുട്ടില്‍ മോഡല്‍ മരംമുറി മറ്റ് ജില്ലകളിലും നടന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്ന വനംകൊള്ളയാണ് നടന്നത്.

    ആമസോണ്‍ കാടുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരുടെ സര്‍ക്കാരാണ് പശ്ചിമഘട്ടം വെട്ടിവെളുപ്പിക്കാന്‍ കൂട്ടുനിന്നത്. മലയിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മലയോര ജില്ലകള്‍ മോചിതമാവും മുമ്പെയാണ് മരംമുറിക്കാന്‍ അനുവാദം നല്‍കുന്ന ഉത്തരവിറങ്ങിയത്.

    നായനാര്‍ മന്ത്രിസഭയുടെ കാലത്തെ പേര്യ വനംകൊള്ളയുടെ പുതിയ പതിപ്പാണ് ഇപ്പോഴത്തേത്. നവോത്ഥാനം പോലെ പരിസ്ഥിതി സംരക്ഷണവും വാചകമടി മാത്രമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആവര്‍ത്തിച്ച് തെളിയിക്കുകയാണ്.

    ഷെഡ്യൂള്‍ ചെയ്ത മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്നത് വ്യാപകകൊള്ളയ്ക്ക് കാരണമാകുമെന്ന് വ്യക്തമായിരിക്കേ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ തനിച്ച് അത്തരമൊരു ഉത്തരവ് ഇറക്കില്ല.

    കഴിഞ്ഞ സര്‍ക്കാരിലെ വനം-റവന്യൂ മന്ത്രിമാര്‍ക്ക് ഈ സംഭവത്തില്‍ കൈകഴുകാന്‍ കഴിയില്ല. ഇപ്പോഴത്തെ വനംമന്ത്രി പ്രതികളുമായി നടത്തിയ കൂടിക്കാഴ്ച ദുരൂഹതയേറ്റുന്നു.

    മുഖ്യപ്രതികളുമായി മുഖ്യമന്ത്രിക്കുള്ള പരിചയവും പരിശോധിക്കപ്പെടേണ്ടതാണ്. വനം വകുപ്പോ പോലീസോ അന്വേഷിച്ചാല്‍ കണ്ടെത്താവുന്ന ആഴമല്ല ഈ ഇടപാടിനുള്ളത്.

    വനനശീകരണം, അഴിമതി, ഗൂഢാലോചന, വഞ്ചന ഇങ്ങനെ പലതലങ്ങളുണ്ട് ഈ കേസിന്. സ്വതന്ത്ര ഏജന്‍സിയുടെ സമഗ്രമായ അന്വേഷണത്തിനേ ഇതിലേക്കെല്ലാം കടന്നു ചെല്ലാനാകൂ
    Published by:Jayesh Krishnan
    First published: