തൃശൂർ പൂരം അലങ്കോലമായതിൽ അന്വേഷണം നടത്തിയിട്ടില്ലെന്ന് പൊലീസ്; മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിന് എന്തുസംഭവിച്ചു?

Last Updated:

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ ഡിജിപി അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നത്.

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് പൊലീസ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അഞ്ചു മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ അത്തരമൊരു അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപാണ് പൊലീസിന്റെ അനാവശ്യ ഇടപെടലുകളെ തുടർന്ന് തൃശൂർ പൂരം അലങ്കോലപ്പെട്ടതായി ആരോപണം ഉയർന്നത്. തുടർന്ന് ഏപ്രിൽ 21ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പ് ഇറക്കി. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ ഡിജിപി അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും എന്നുമായിരുന്നു അറിയിപ്പ്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കുമെന്നും പരാതികളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലും വ്യക്തമാക്കി.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറും പൂരം അലങ്കോലപ്പെട്ടതിനു പിന്നിൽ ഗൂഢനീക്കമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവശ്യപ്പെട്ടിരുന്നു.
advertisement
ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലടക്കം ആരോപണ വിധേയനായ എഡിജിപി എം ആർ അജിത് കുമാറിനായിരുന്നു അന്വേഷണ ചുമതല. തൃശൂർ സിറ്റി പൊലീസും പൊലീസ് ഹെഡ്ക്വേർട്ടേഴ്സും അന്വേഷണം നടന്നിട്ടില്ലെന്ന മറുപടിയാണ് വിവരാവകാശ പ്രകാരം നൽകിയത്. ഇതോടെ, മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിന് എന്തു സംഭവിച്ചു എന്ന ചോദ്യമാണുയരുന്നത്.
രാഷ്ട്രീയ വിവാദം
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടന്ന തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചുവിട്ടും പൂരനഗരി ബാരിക്കേഡ് കെട്ടി അടച്ചും പൊലീസ് ജനത്തെ ബുദ്ധിമുട്ടിച്ചതാണ് വലിയ വിമർശനങ്ങള്‍ക്ക് വഴിവച്ചത്. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ചു പൂരം നിർത്തിവയ്ക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായിരുന്നു.
advertisement
രാത്രിപൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടിൽ കടക്കാൻ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചു. പുലർച്ചെ മൂന്നിനു നടക്കേണ്ട വെടിക്കെട്ട് 4 മണിക്കൂർ വൈകി പകൽ വെളിച്ചത്തിൽ നടത്തേണ്ടി വന്നു. തൃശൂർ ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപി ജയിച്ചതോടെ പൂരം അലങ്കോലപ്പെടുത്തിയത് ബിജെപിക്ക് നേട്ടമുണ്ടാക്കാനാണെന്ന ആരോപണവും ഉയർന്നു. പിന്നാലെ സിപിഐ അന്വേഷണം ആവശ്യപ്പെട്ടു. തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് അങ്കിത് അശോകനെ മാറ്റിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂർ പൂരം അലങ്കോലമായതിൽ അന്വേഷണം നടത്തിയിട്ടില്ലെന്ന് പൊലീസ്; മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിന് എന്തുസംഭവിച്ചു?
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement