Artist Namboothiri | ചിത്രം ചരിത്രം; മലയാളത്തിന്റെ മഹാരഥന്മാരായ കാവാലവും നെടുമുടിയും നമ്പൂതിരിയും ഒരു ഫ്രെയിമിൽ
- Reported by:Meera Manu
- news18-malayalam
Last Updated:
2015 ഓഗസ്റ്റ് മാസത്തിലെ ഒരു സായാഹ്നം. അന്ന് 'അവനവൻ കടമ്പയുടെ' നാല്പതാം വാർഷികമായിരുന്നു
2015 ഓഗസ്റ്റ് മാസത്തിലെ ഒരു സായാഹ്നം. വെയിൽ പൂർണമായും ശമിച്ചിരുന്നില്ല. കലയെ സ്നേഹിക്കുന്ന അധികം വലുതോ തീരെ ചെറുതോ അല്ലാത്ത കലാസ്വാദകരും മാധ്യമപ്രവർത്തകരും ചേർന്ന തിരുവനന്തപുരം മാനവീയം വീഥിയിലെ കൂട്ടത്തിനിടയിലേക്ക് ആ മൂന്നു പേർ കടന്നെത്തി; കാവാലം നാരായണ പണിക്കർ, നെടുമുടി വേണു, ആർട്ടിസ്റ് നമ്പൂതിരി (Artist Namboothiri). മാനവീയത്തിന്റെ വിശാലമായ മതിൽക്കെട്ടുകളിൽ നമ്പൂതിരിയുടെ പെയിന്റിംഗ് ബ്രഷ് ചലിക്കാൻ അധികം കാലതാമസമുണ്ടായില്ല. കാവും കടമ്പകളും ഒരിക്കൽക്കൂടി അവിടെ അവർക്കായി കാത്തിരിപ്പുണ്ടായിരുന്നു.
കേരള നാടക ചരിത്രത്തിലെ സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്ത അവനവൻ കടമ്പയുടെ നാല്പതാം വാർഷികാഘോഷത്തിന് അന്നവിടെ കൂടി നിന്നവർ സാക്ഷ്യം വഹിച്ചു. അവനവൻ കടമ്പയുടെ രംഗങ്ങൾ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മനസ്സിൽ നിന്നും ആ വലിയ കാൻവാസിലേക്ക് പടർന്നു. ആ കാഴ്ച കണ്ടു മനം നിറഞ്ഞ് കാവാലവും നെടുമുടിയും അദ്ദേഹത്തിനരികിലായി നിന്നു.
അട്ടക്കുളങ്ങര സ്കൂളിന്റെ മരത്തണലിൽ തുടങ്ങി കേരളം മുഴുവൻ പടർന്നു പന്തലിച്ച അവനവൻ കടമ്പ, കൺടെംപററി ഇന്ത്യൻ നാടക ലോകത്തിൽ മലയാളത്തിന്റെ തനി നാടൻ നാടകം ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. കാവാലത്തിന്റെ മനസ്സിൽ വിരിഞ്ഞ ആശയത്തെ നാടകമായി സംവിധാനം ചെയ്തത് അന്തരിച്ച സംവിധായകൻ ജി. അരവിന്ദൻ. 1976ലാണ് അവനവൻ കടമ്പ ആദ്യമായി അരങ്ങേറുന്നത്. ആധുനികതയും, മനുഷ്യൻ സ്വയം തീർത്ത കടമ്പകളും അതിന്റെ താത്വിക അവലോകനവുമാണ് ഈ നാടകം.
advertisement
എട്ടു വർഷങ്ങൾ പിന്നിടുമ്പോൾ, ആ മൂന്നുപേരെയും കാലയവനിക മറച്ചല്ലോ എന്ന ദുഃഖം തളംകെട്ടുന്നതാവും മാനവീയം വീഥിയിലെ നനഞ്ഞ ഇടനാഴി. വയലാറും ദേവരാജൻ മാസ്റ്ററും രണ്ടറ്റത്തായി തലയെടുപ്പോടെ നിൽക്കുന്ന മാനവീയത്തിൽ പക്ഷെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ആ വരകൾക്കു മേൽ വെള്ളവിരിപ്പു വീണുകഴിഞ്ഞിരിക്കുന്നു. വികസനത്തിനായി വെട്ടിയ വഴികളിൽ ആ മതിലുകളിൽ പുരണ്ട പെയിന്റിന്റെ ലെയറുകളുടെ അടിയിൽ എവിടെയോ ആ ചരിത്ര ദിനം ഉറങ്ങുന്നുണ്ട്. ബാക്കിയാവുക ഓർമ്മകളിൽ നിറയുന്ന ഈ ചിത്രം മാത്രം.
Summary: A memorable picture featuring Artist Namboothiri, Kavalam Narayana Panicker and Nedumudi Venu from the 40th anniversary celebrations of Avanavan Kadamba play in 2015
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jul 07, 2023 7:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Artist Namboothiri | ചിത്രം ചരിത്രം; മലയാളത്തിന്റെ മഹാരഥന്മാരായ കാവാലവും നെടുമുടിയും നമ്പൂതിരിയും ഒരു ഫ്രെയിമിൽ









