ഖോ ഖോ താരത്തിന് ആദരം: നിഖിലിന് 2 ലക്ഷം രൂപ സമ്മാനമായി
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
2025 ജനുവരിയില്‍ ഡല്‍ഹിയില്‍ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമിലെ ഏക മലയാളിയാണ് നിഖില്‍.
ഖോ ഖോ ലോകകപ്പ് മത്സരത്തിൽ രാജ്യത്തിനു വേണ്ടി മിന്നും വിജയം കരസ്ഥമാക്കിയ മലയാളി താരം നിഖിലിന് നാടിൻ്റെ ആദരം. ടീമിലെ ഏക മലയാളിയാണ് അരുവിക്കര സ്വദേശിയായ നിഖിൽ. ബി. ഇപ്പോഴിതാ വിജയിക്ക് അർഹിക്കുന്ന അംഗീകാരം നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.
ഖോ ഖോ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ അംഗമായ നിഖില്‍ ബി യ്ക്ക് കായിക വികസന നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ പാരിതോഷികം അനുവദിച്ചു. 2025 ജനുവരിയില്‍ ഡല്‍ഹിയില്‍ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമിലെ ഏക മലയാളിയാണ് നിഖില്‍. അരുവിക്കര മണ്ഡലത്തിലെ പനയ്‌ക്കോട് കുര്യാത്തി സ്വദേശിയാണ്. ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ഇരുപത്തിനാലുകാരന്‍ ദേശീയ കുപ്പായമിട്ടിരുന്നു. കായികപ്രേമിയായ അമ്മ ആര്‍. ബിന്ദുവാണ് ഖോ ഖോയിലേക്ക് നിഖിലിനെ കൈപിടിച്ചു നടത്തിയത്.
advertisement
കേരളത്തിനായി ദേശീയ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദേശീയ ഗെയിംസിലും കേരളാ ടീമംഗമായി പങ്കെടുത്തിരുന്നു. നിഖിലിന് പാരിതോഷികം പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാരിന് ജി സ്റ്റീഫൻ എംഎൽഎ കത്ത് നൽകിയിരുന്നു. കേരളത്തിൻ്റെ കായിക മേഖലയിൽ സർക്കാർ നൽകുന്ന പിന്തുണ വളരെ വലുതാണെന്ന് പാരിതോഷിക പ്രഖ്യാപനം പുറത്തു വന്നതിനു ശേഷം എംഎൽഎ പറഞ്ഞു. പാരിതോഷികം അനുവദിച്ച കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മനിനും സർക്കാരിനും എം എൽ എ അഭിനന്ദനങ്ങൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
June 24, 2025 3:48 PM IST