തുമ്പയിൽ നിന്നും റോക്കറ്റ് പറന്നുയർന്ന കഥ, ഒരു ഗ്രാമത്തിൻ്റെ നന്മ രാജ്യത്തിനു അഭിമാനമായ കഥ!
- Published by:Warda Zainudheen
- local18
- Reported by:Athira Balan A
Last Updated:
ഇന്ത്യയുടെ ബഹിരാകാശ പുരോഗതിക്ക് അടിത്തറ പാകിയ ഒരു കൊച്ചു ഗ്രാമത്തിന്റെ കഥയാണ് തുമ്പയുടേത്. രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകു നൽകിയ സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ നന്മയുടെയും അർപ്പണബോധത്തിന്റെയും കഥയാണിത്.
ബഹിരാകാശ രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കരസ്ഥമാക്കി മുന്നേറുന്ന ഇന്ത്യയുടെ വിജയഗാഥയ്ക്ക് അടിത്തറപാകിയ ഒരു കൊച്ചു ഗ്രാമമുണ്ട് തിരുവനന്തപുരത്ത്. രാജ്യത്തിനു പറന്നുയരാൻ കരുത്തേകിയ സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ നന്മയുടെ കഥ കൂടി പറയുന്നുണ്ട് തുമ്പയെന്ന കടലോര ഗ്രാമം. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾ ചിറകേറിയത്, രാജ്യത്തെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട തുമ്പ എന്ന ഈ കൊച്ചു മുക്കുവഗ്രാമത്തിൽ നിന്നാണ്.
ഭൂമിയുടെ കാന്തികമധ്യരേഖയിൽ സ്ഥിതി ചെയ്യുന്ന തുമ്പ
ഭൂമിയുടെ കാന്തികമധ്യരേഖയുടെ (magnetic equator) ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഭൂപ്രദേശമാണ് തുമ്പ. അതിനാൽ തന്നെ ഈ സ്ഥലം ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവായ ഡോ. വിക്രം സാരാഭായിയുടെ ശ്രദ്ധയാകർഷിച്ചു.
തുമ്പയിൽ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം സെൻറ് മേരി മഗ്ദലന പള്ളിയുടെ അധീനതയിലായിരുന്നു. ഡോ. വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഡോ. എ.പി.ജെ. അബ്ദുൾ കലാം ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരുടെ ഒരു സംഘം അവിടെയെത്തി, ബിഷപ് പീറ്റർ ബെർണാഡ് പെരേരയെക്കണ്ട് ഈ സ്ഥലം രാജ്യത്തിന് വിട്ടുനൽകേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി.
advertisement

റോക്കറ്റ് വിക്ഷേപണകേന്ദ്രമായ പള്ളി
മീൻപിടിത്തം ഉപജീവനമാക്കുന്ന വിശ്വാസി സമൂഹമായിരുന്നു തുമ്പയിലെ ജനങ്ങൾ. ബിഷപ്പിന്റെ നിർദ്ദേശം അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അവർ ഗ്രാമം വിട്ടുപോകാൻ തയ്യാറായി. 100 ദിവസം കൊണ്ട് പുതിയ ഗ്രാമത്തിൽ പുതിയ പള്ളി പണിതു. പഴയ പള്ളി റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ വർക്ക് ഷോപ്പും ബിഷപ്പിന്റെ വസതിയും ഓഫീസും ആയി മാറി. കടൽത്തീരത്ത് റോക്കറ്റ് വിക്ഷേപണത്തറയും സജ്ജമാക്കി.
advertisement
അർപ്പണബോധമുള്ള ശാസ്ത്രജ്ഞർ
1960 കളിൽ, ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് തുമ്പ ഒരു പരിമിത സ്ഥലമായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലായിരുന്ന ഈ കാലത്ത്, ശാസ്ത്രജ്ഞർക്ക് കാന്റീൻ പോലുമില്ലായിരുന്നു. പ്രഭാതഭക്ഷണത്തിന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനരികിലേക്ക് സൈക്കിൾ ചവിട്ടിയോ നടന്നോ പോകേണ്ടി വന്നിരുന്നു. തിരിച്ച് വരുമ്പോൾ ഉച്ചഭക്ഷണവും വാങ്ങണം. ആകെയുണ്ടായിരുന്ന ഒരു ജീപ്പിന് എപ്പോഴും തിരക്കായിരിക്കും.
കടൽത്തീരത്തുള്ള വിക്ഷേപണ കേന്ദ്രത്തിലേക്ക് റോക്കറ്റിന്റെ ഭാഗങ്ങളും പേലോഡുകളും എത്തിക്കാൻ സൈക്കിളുകളും കാളവണ്ടികളും ഉപയോഗിച്ചിരുന്നു. പരിമിതികളെ അതിജീവിച്ച് അർപ്പണബോധത്തോടെയും കഠിനാധ്വാനത്തോടെയും പ്രവർത്തിച്ച ശാസ്ത്രജ്ഞർ 1963 നവംബർ 21ന് ചരിത്രം സൃഷ്ടിച്ചു.
advertisement
ഇന്ത്യയുടെ ബഹിരാകാശ യാത്രയുടെ തുടക്കം
1963 നവംബർ 21ന് 'നിക് അപ്പാച്ചെ' എന്ന ഇന്ത്യയുടെ ആദ്യത്തെ സൗണ്ടിങ് റോക്കറ്റ് തുമ്പയിൽ നിന്നും വിക്ഷേപിക്കപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതിരുന്ന ഒരു ഗ്രാമത്തിൽ നിന്നും ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകു നൽകിയത് ശാസ്ത്രജ്ഞന്മാരുടെയും ഗ്രാമവാസികളുടെയും അർപ്പണബോധം കൊണ്ടാണ്.

ഇന്ന്, തുമ്പയിൽ നിന്നും കുതിച്ചുയർന്ന റോക്കറ്റുകൾ ഇന്ത്യയെ ബഹിരാകാശ ശക്തിയായി മാറ്റിയിരിക്കുന്നു. ഐ.എസ്.ആർ.ഒയുടെ വിജയങ്ങൾക്ക് പിന്നിൽ ഈ ഗ്രാമത്തിന്റെയും അവിടെത്തെ ജനങ്ങളുടെയും സംഭാവന എത്രത്തോളം വലുതാണെന്ന് ഓർമ്മിക്കേണ്ടതാണ്. ആരാധനാലയങ്ങളുടെ പേരിൽ പടവെട്ടുന്ന ഇക്കാലത്ത്, തുമ്പ നൽകുന്ന പാഠം വളരെ വലുതാണ്. ചെറിയ ഗ്രാമങ്ങളിൽ നിന്നും രാജ്യത്തെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് തുമ്പ തെളിയിച്ചു .
advertisement
കൂട്ടായ സംഭാവനയുടെ ശക്തിയുടെ തെളിവാണ് തുമ്പ എന്ന ചെറിയ ഗ്രാമം. രാജ്യത്തിന്റെ പുരോഗതിക്കായി സ്വദേശം വിടാൻ ഗ്രാമവാസികൾ കാണിച്ച മനസ്സ്, ശാസ്ത്രജ്ഞരുടെ അർപ്പണബോധം എന്നിവ ചേർന്നാണ് ഇന്ത്യയുടെ ബഹിരാകാശ യാത്രയ്ക്ക് വഴിയൊരുക്കിയത്.,
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 26, 2024 12:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തുമ്പയിൽ നിന്നും റോക്കറ്റ് പറന്നുയർന്ന കഥ, ഒരു ഗ്രാമത്തിൻ്റെ നന്മ രാജ്യത്തിനു അഭിമാനമായ കഥ!