വർക്കല റെയിൽവേ സ്റ്റേഷൻ നവീകരണം അതിവേഗത്തിൽ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
റെയിൽവേ സ്റ്റേഷൻ്റെ പ്രധാന കെട്ടിടം മൂന്ന് ഭാഗങ്ങളായാണ് നിർമ്മിക്കുന്നത്. ഇതിൽ ആറ് നിലകളുള്ള ആദ്യ ഭാഗത്തിലെ അവസാന നിലയുടെയും രണ്ടാമത്തെ ഭാഗത്തെ മൂന്നാം നിലയുടെയും നിർമ്മാണമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.
പ്രശസ്തമായ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ്റെ നവീകരണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി 123.36 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ഈ പദ്ധതി, സ്റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 30 മാസമാണ് പദ്ധതിയുടെ നിർമ്മാണ കാലാവധിയായി നിശ്ചയിച്ചിരുന്നതെങ്കിലും, ആറു മാസം മുൻപേ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റെയിൽവേ സ്റ്റേഷൻ്റെ പ്രധാന കെട്ടിടം മൂന്ന് ഭാഗങ്ങളായാണ് നിർമ്മിക്കുന്നത്. ഇതിൽ ആറ് നിലകളുള്ള ആദ്യ ഭാഗത്തിലെ അവസാന നിലയുടെയും രണ്ടാമത്തെ ഭാഗത്തെ മൂന്നാം നിലയുടെയും നിർമ്മാണമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. പുതിയ സ്റ്റേഷൻ കെട്ടിടത്തിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കും. എലിവേറ്ററുകൾ, എസ്കലേറ്ററുകൾ, സഞ്ചരിക്കുന്ന നടപ്പാതകൾ, 12 ലിഫ്റ്റുകൾ, നാല് ബാഗേജ് സ്കാൻ്റുകൾ, നാല് മെറ്റൽ ഡിറ്റക്ടറുകൾ എന്നിവയെല്ലാം ഇതിൻ്റെ ഭാഗമായി സ്ഥാപിക്കും.
9,944 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പ്രധാന സ്റ്റേഷൻ കെട്ടിടത്തിൽ പുറപ്പെടുന്നതിനുള്ള എയർ കോൺകോഴ്സ്, എത്തുന്നതിനുള്ള ഫൂട്ട് ഓവർബ്രിഡ്ജ് (FOB), നിലവിലുള്ള ഫുട് ഓവർ ബ്രിഡ്ജിൻ്റെ വിപുലീകരണം, സബ്സ്റ്റേഷൻ, ആന്തരിക റോഡുകൾ, നടപ്പാതകൾ, മഴവെള്ള ഓടകൾ എന്നിവയും ഉൾപ്പെടും. ടിക്കറ്റ് കൗണ്ടറുകൾ, കാത്തിരിപ്പ് സ്ഥലങ്ങൾ, ഇൻഫർമേഷൻ ഡെസ്കുകൾ, ശുചിമുറികൾ, ഭക്ഷണശാലകൾ തുടങ്ങിയവയും ആധുനിക രീതിയിൽ സജ്ജീകരിക്കും.
advertisement
പാർക്കിംഗ് സൗകര്യങ്ങളും മികച്ച യാത്രാഗതാഗത സംവിധാനങ്ങളും നവീകരിച്ച സ്റ്റേഷനിൽ ഒരുക്കും. വർക്കലയുടെ വിനോദസഞ്ചാര പ്രാധാന്യം കണക്കിലെടുത്ത്, സ്റ്റേഷൻ്റെ പുറംഭാഗത്ത് മനോഹരമായ ലാൻഡ്സ്കേപ്പിംഗും അകത്ത് വിമാനത്താവളങ്ങളെ അനുസ്മരിപ്പിക്കുന്ന വെളിച്ച സംവിധാനവും ഉണ്ടാകും. ഭിന്നശേഷിക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ റാമ്പുകൾ, ബ്രെയിൽ സൈനേജുകൾ, ഓഡിയോ അനൗൺസ്മെൻ്റുകൾ, പ്രത്യേക പാർക്കിംഗ് എന്നിവയും ഒരുക്കും.
നിലവിൽ സ്റ്റേഷന് സമീപമുള്ള ഗുഡ്സ് ഷെഡ് റോഡിൻ്റെ ശോചനീയാവസ്ഥയെക്കുറിച്ചും ബൈപ്പാസിൻ്റെ നിർമ്മാണത്തിലെ കാലതാമസത്തെക്കുറിച്ചുമുള്ള ആശങ്കകളും സജീവമാണ്. എങ്കിലും, റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തിയാകുന്നതോടെ വർക്കലയ്ക്ക് പുതിയൊരു മുഖച്ഛായ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതരും ജനങ്ങളും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 07, 2025 2:48 PM IST