രാജവെമ്പാലയുടെ കടിയേറ്റ് തിരുവനന്തപുരം മൃഗശാല ജീവനക്കാൻ മരിച്ചു
- Published by:user_57
- news18-malayalam
Last Updated:
പാമ്പിന് തീറ്റകൊടുക്കാൻ കയറിയ ഹർഷാദ് ആണ് മരിച്ചത്
തിരുവനന്തപുരം: മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു. പാമ്പിന് തീറ്റകൊടുക്കാൻ കയറിയ ഹർഷാദ് ആണ് മരിച്ചത്. കൂട് വൃത്തിയാക്കുന്നതിനിടെയായിരിന്നു കടിയേറ്റതെന്നാണ് നിഗമനം. മൃഗാശാലയിലെ പാമ്പുകളെ പരിചരിക്കുന്നത് കാട്ടക്കട സ്വദേശി ഹർഷാദാണ്.
പതിവ് പോലെ പാമ്പുകൾക്ക് തീറ്റകൊടുക്കുന്നതിനും കൂട് വൃത്തിയാക്കുന്നതിനുമായി ഉച്ചയോടെ കൂട്ടിൽ കയറി. ഇതിനിടെയാണ് രാജവെമ്പാല ഹർഷാദിനെ കടിച്ചത്. കടിയേറ്റ് അവശനിലയിലായ ഹർഷാദ് പാർക്കിനുള്ളിൽ തന്നെ കുഴഞ്ഞു വീണു. ശേഷം ഇരുമ്പ് വാതിലിൽ അടിച്ച് ശബ്ദമുണ്ടാക്കി. ഈ ശബ്ദം കേട്ടാണ് മറ്റ് ജീവനക്കാർ എത്തുന്നത്.
വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ ഹർഷാദ് നിലത്ത് കിടക്കുന്നതാണ് കണ്ടത്. സംസാരിക്കാനോ, ശ്വാസമെടുക്കാനോ കഴിയാത്ത സ്ഥിതിയിലായിരുന്നു അപ്പോൾ ഹർഷാദ്. ജീവനക്കാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജിവൻ രക്ഷിക്കാനായില്ല.
advertisement
തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് രാജവെമ്പാലയാണുള്ളത്. സാധാരണ വന്യ ജീവികൾക്ക് തീറ്റ കൊടുക്കാൻ പോകുമ്പോൾ രണ്ട് പേർ ഉണ്ടാകാറാണ് പതിവ്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ 50 ശതമാനത്തിൽ താഴെ ജീവനക്കാർ മാത്രമേ മൃഗശാലയിൽ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ഒറ്റയ്ക്കാണ് ഹർഷാദ് പാമ്പിനെ പരിചരിക്കാനായി പോയത്.
മ്യൂസിയം പ്രോട്ടോക്കോൾ പ്രകാരം ഒറ്റയ്ക്ക് മൃഗങ്ങളെ പരിചരിക്കാൻ ജീവനക്കാർ കൂട്ടിൽ കയറാൻ പാടില്ല. കുറഞ്ഞത് രണ്ട് പേർ ഉണ്ടാകണം. ഒരാൾ തീറ്റ കൊടുക്കുമ്പോൾ രണ്ടാമത്തെ ആൾ പരിസരം സുരക്ഷിതമാണൊ എന്ന് പരിശോധിക്കുകയാണ് വേണ്ടത്.
advertisement
നാല് ജീവനക്കാരാണ് പാമ്പുകളെ പരിചരിക്കുന്ന ടീമിലുള്ളത്. ഇതിൽ ഹർഷാദ് മാത്രമാണ് സ്ഥിരം ജീവനക്കാരൻ. ഇരുപത് വർഷത്തോളമായി മ്യൂസിയത്ത് ജോലി ചെയ്യുന്നു. രണ്ട് വർഷം മുൻപാണ് സ്ഥിരം ജോലി ലഭിക്കുന്നത്. കാലങ്ങളായി താൽക്കാലിക ജീവനക്കാരനായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. ഇതിനിടെ ജോലി സ്ഥിരമാക്കാൻ ഹർഷാദിന് സമരം ചെയ്യേണ്ടിയും വന്നിരുന്നു.
Summary: Zoo worker met with a tragic death after being bitten by a king Cobra while engaged on his routine work. Harshad, a native of Kattakkada in Thiruvananthapuram died while he was on duty. Co-workers rushed him to the hospital but he could not be saved
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 01, 2021 6:16 PM IST