• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ചില പൂജകൾ തിരിച്ചടിക്കും, അതാണ് ഇപ്പോൾ കോടിയേരിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്'; തിരുവഞ്ചൂർ രാധാകൃഷ്ണൻ

'ചില പൂജകൾ തിരിച്ചടിക്കും, അതാണ് ഇപ്പോൾ കോടിയേരിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്'; തിരുവഞ്ചൂർ രാധാകൃഷ്ണൻ

ആർ.എസ്.എസിലെ ഏത് നേതാവുമായാണ് താൻ ചർച്ച നടത്തിയെന്ന് പറയാൻ കോടിയേരി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നതായി തിരുവഞ്ചൂർ

കോടിയേരി, തിരുവഞ്ചൂർ

കോടിയേരി, തിരുവഞ്ചൂർ

 • Share this:
  കോട്ടയം: പനച്ചിക്കാട് ആർ.എസ്.എസ് കാര്യാലയത്തിലെത്തി കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ രാഷ്ട്രീയ ചർച്ച നടത്തി എന്നതായിരുന്നു വിവാദം. ചിത്രങ്ങൾ സഹിതമാണ് സോഷ്യൽ മീഡിയയിൽ ഇതു വലിയ പ്രചാരണം ആയത്. സി.പി.എം കേന്ദ്രങ്ങളായിരുന്നു പ്രചാരണത്തിനു പിന്നിൽ. ഇതിനുപിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ ഇന്നലെ രംഗത്തെത്തിയതോടെയാണ് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ വാർത്താസമ്മേളനം നടത്തിയത്.

  "എനിക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സി.പി.എമ്മിന്റെ നിലവാരത്തകർച്ചയാണ് സൂചിപ്പിക്കുന്നത്. വ്യക്തിപരമായ വിഷമങ്ങളായിരിക്കാം തരംതാഴ്ന്ന വിമർശനം ഉന്നയിക്കുന്നതിന് കാരണം. ഇന്ന് ആദർശാധിഷ്ഠിത രാഷ്ട്രീയവും സി.പി.എമ്മും തമ്മിൽ പുലബന്ധം പോലുമില്ല"- തിരുവഞ്ചൂർ പറഞ്ഞു.

  കോടിയേരിയെ വെല്ലുവിളിച്ച് തിരുവഞ്ചൂർ

  പനച്ചിക്കാട് ക്ഷേത്രത്തിൽ എല്ലാ മതസ്ഥരും പോകാറുണ്ട്. താൻ അവിടെ പോയത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പനൊപ്പമാണെന്ന് തിരുവഞ്ചൂർ പറഞ്ഞു. ഇദ്ദേഹം കുഴിമറ്റം സെന്റ് ജോർജ് ഓർത്തുഡോക്സ് പള്ളിയുടെ പഴയ ട്രസ്റ്റി കൂടിയാണ്. അവർ ആർ.എസ്.എസുമായി ചർച്ച നടത്തിയെന്നു പറയുന്നത് ആ പള്ളിയെ അപമാനിക്കുന്നതിനു തുല്യമാണ്. പഞ്ചായത്തംഗം എബിസൺ കെ. എബ്രഹാമും സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു. രഹസ്യചർച്ചയാണെങ്കിൽ ആരെങ്കിലും പട്ടാപ്പകലാണോ പോകുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു.

  ആർ.എസ്.എസിലെ ഏത് നേതാവുമായാണ് താൻ ചർച്ച നടത്തിയെന്ന് പറയാൻ കോടിയേരി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നതായും തിരുവഞ്ചൂർ പറഞ്ഞു.

  Also Read 'യു.ഡി.എഫിന്റെ നേതൃത്വം കോൺഗ്രസ് മുസ്ലീം ലീഗിന് കൈമാറി; മതനിരപേക്ഷ നിലപാട് അടിയറ വച്ചു': കോടിയേരി

  അമ്പലത്തിൽ പോകുന്നവർ ആർ.എസ്.എസ് എങ്കിൽ കോടിയേരിയും ആർ.എസ്.എസ്

  പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ ക്ഷേത്രകമ്മിറ്റി വിളിച്ചതനുസരിച്ചാണ് പരിപാടിക്ക് പോയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. അതിനുശേഷം അന്നദാന മണ്ഡപം കാണാൻ ക്ഷേത്രഭാരവാഹികൾ ക്ഷണിച്ചു. അതനുസരിച്ചാണ് അവിടെ പോയത്. അങ്ങനെ ക്ഷേത്രത്തിൽ പോകുന്ന താൻ ആർ.എസ്.എസ് ആണെങ്കിൽ കോടിയേരി ബാലകൃഷ്ണനും ആർ.എസ്.എസാണെന്നും തിരുവഞ്ചൂർ തിരിച്ചടിച്ചു.

  "മന്ത്രിയായിരിക്കെ കാടാമ്പുഴ ദേവി ക്ഷേത്രത്തിൽ പൂമൂടൽ വഴിപാട് നടത്തിയ ആളാണ് കോടിയേരി ബാലകൃഷ്ണൻ. മാത്രമല്ല വിഎസ് അച്യുതാനന്ദനെതിരെ ശത്രുസംഹാര പൂജയും നടത്തി. ആ പൂജ ഇപ്പോൾ തിരിച്ചടിച്ച അവസ്ഥയാണ് കോടിയേരിക്ക് ഉണ്ടായിരിക്കുന്നത്. വ്യക്തിപരമായ ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നതും അതുകൊണ്ടാണ്."- തിരുവഞ്ചൂർ പറഞ്ഞു.

  തനിക്കെതിരായ പ്രചരണം അവസാനിപ്പിക്കാൻ സി.പി.എം ഇപ്പോൾ തയ്യാറാകണം. ഇല്ലെങ്കിൽ കൂടുതൽ കാര്യങ്ങൾ പറയും. അപ്പോൾ കോടിയേരി ബാലകൃഷ്ണന് വിഷമമാകുമെന്നും തിരുവഞ്ചൂർ മുന്നറിയിപ്പ് നൽകുന്നു.

  പനച്ചിക്കാട് പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം ബിജെപി സഖ്യം

  ആർ.എസ്.എസ് ബന്ധം ആരോപിക്കുമ്പോൾ സി.പി.എം ബി.ജെ.പി കൂട്ടുകെട്ട് മറുപടിയായി ചൂണ്ടിക്കാട്ടുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. 23 അംഗങ്ങളാണ് പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലുള്ളത്. ഇതിൽ പത്ത് പേർ മാത്രമാണ് എൽ.ഡി.എഫ്. അങ്ങനെയുള്ള മുന്നണിക്ക് എങ്ങനെ പഞ്ചായത്ത് ഭരിക്കാൻ കഴിയും. നാല് അംഗങ്ങളുള്ള ബി.ജെ.പി പിന്തുണയോടെയാണ് പനച്ചിക്കാട് പഞ്ചായത്ത് സി.പി.എം ഭരിക്കുന്നത്. ഇക്കാര്യം നിയമസഭയിലുൾപ്പെടെ ചൂണ്ടിക്കാട്ടിയതാണ്. അതിന്റെ പേരിലാണ് തന്നെ കരിവാരിത്തേക്കാൻ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ പറയുന്നു.

  ഏതായാലും കോട്ടയം ജില്ലയിൽ  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്കെതിരെ സി.പി.എംപ്രചാരണം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുന്നതിനിടയിലാണ് മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
  Published by:Aneesh Anirudhan
  First published: