• HOME
  • »
  • NEWS
  • »
  • kerala
  • »
  • PT Thomas| പിടി തോമസ് എംഎല്‍എ അന്തരിച്ചു; അന്ത്യം വെല്ലൂരിൽ ചികിത്സയിലിരിക്കെ

PT Thomas| പിടി തോമസ് എംഎല്‍എ അന്തരിച്ചു; അന്ത്യം വെല്ലൂരിൽ ചികിത്സയിലിരിക്കെ

വെല്ലൂരിൽ ചികിത്സയിലായിരിക്കേയാണ് അന്ത്യം.

  • Share this:
    വെല്ലൂർ: തൃക്കാക്കര എംഎൽഎ പി ടി തോമസ് (70) (PT Thomas) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ രാവിലെ 10.15 നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാത്രി കൊച്ചിയിലെ വീട്ടിലെത്തിക്കും. നാളെ ഡിസിസി ഓഫീസിലും ടൗൺ ഹാളിലും പൊതുദർശനം

    കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായിരുന്നു. ഇടുക്കി മുന്‍ എം.പിയും തൊടുപുഴ മുന്‍ എംഎല്‍എയുമായിരുന്നു. ഇടുക്കി മുൻ എംപിയായിരുന്നു. സ്‌കൂൾ കാലം മുതൽ കെഎസ് യുവിൽ പ്രവർത്തിച്ച പി ടി തോമസ് സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു.

    1980ൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, 1990ൽ ഇടുക്കി ജില്ലാ കൗൺസില് അംഗം എന്നീ പദവികളിൽ എത്തി. പിന്നീട് 1991ൽ തൊടുപുഴ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയിൽ എത്തി. 1996 ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2001ൽ വീണ്ടും തൊടുപുഴ നിന്നു തന്നെ സഭയിൽ എത്തി. 2016ലും 21ലും തൃക്കാക്കരയിൽ നിന്ന് വിജയിച്ചു. 2009ൽ ഇടുക്കിയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചു.

    കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യത്യസ്ത നിലപാടുകൾ കൊണ്ടു ശ്രദ്ധേയനായിരുന്നു. ഗാഡ്ഗിൽ അനുകൂല നിലപാട് സ്വീകരിച്ചത് സഭയുടേയും കുടിയേറ്റ വിഭാഗങ്ങളുടേയും എതിർപ്പിനു കാരണമായിരുന്നു. തെരഞ്ഞെടുപ്പിൽ തോൽക്കും എന്ന ഘട്ടത്തിലും ഗാഡ്ഗിൽ അനുകൂല നിലപാട് കൈവിട്ടില്ല.

    തന്റെ മൃതദേഹത്ത് പുഷ്പചക്രങ്ങൾ അർപ്പിക്കരുതെന്നായിരുന്നു ഏറ്റവും അടുത്തയാളുകളോട് അന്ത്യാഭിലാഷമായി അദ്ദേഹം ആവശ്യപ്പെട്ടത്.

    ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിന്റേയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ ഉമ തോമസ്. രണ്ട് ആൺമക്കളാണ് ഉള്ളത്.

    എനിക്ക് നഷ്ടമായത് ജേഷ്ഠ സഹോദരനെ: പ്രതിപക്ഷ നേതാവ്

    കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് തീരാനഷ്ടത്തിന്റെ ദിനമാണിന്ന്. എനിക്ക് വ്യക്തിപരമായി ജേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളി.എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി.ടിയുടേത്. പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പി.ടി. പി.ടിയുടെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്. ശരിക്കുമൊരു പോരാളി... വിയോഗ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ല... പ്രണാമം....

    നഷ്ടമായത് കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ട നേതാവിനെ: കോടിയേരി ബാലകൃഷ്ണൻ

    ശ്രീ.P T തോമസിൻറെ അകാല വേർപാടിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. നിയമസഭ അംഗം എന്ന നിലയിലും പാർലമെൻറ് അംഗം എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഒരു പാർലമെന്റേറിയൻ ആയിരുന്നു പി ടി തോമസ്. വിദ്യാർത്ഥി സംഘടന നേതാവായിരുന്ന കാലംമുതൽ കേരള രാഷ്ട്രീയത്തിൽ സജീവമായി ആയി ഇടപെട്ടിരുന്ന ഒരു വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു, അനുശോചനം രേഖപ്പെടുത്തുന്നു.

    പി ടി തോമസ് എം എൽ എയുടെ നിര്യാണത്തില്‍ മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ ശക്തമായി ഉന്നയിക്കാൻ അദ്ദേഹം സമർത്ഥനായിരുന്നു. മികച്ച പ്രസംഗകനും സംഘാടകനും പര്‍ലിമെന്‍റേറിയനുമായിരുന്നു.

    ആദരാഞ്ജലികൾ..

    നിയമസഭയിലെ കരുത്തുറ്റ ശബ്ദം: മന്ത്രി കെ രാജൻ

    തൃക്കാക്കര എംഎല്‍എ ശ്രീ പി.ടി.തോമസിന്റെ നിര്യാണത്തില്‍ റവന്യു വകുപ്പ് മന്ത്രി അനുശോചനം രേഖപ്പെടുത്തി. കേരള നിയമസഭയിലെ കരുത്തുറ്റ ശബ്ദമായിരുന്നു പി.ടി. ഏത് വിഷയവും വിശാലമായി പഠിച്ച് അവതരിപ്പിച്ചിരുന്ന മികച്ച പാര്‍ലിമെന്റേറിയാനാണ് അദ്ദേഹം. പരിസ്ഥിതി വിഷയത്തിലുള്‍പ്പെടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിലപാടുകളുയര്‍ത്തിയ അദ്ദേഹത്തിന്റെ പോരാട്ടം കേരളം ശ്രദ്ധിച്ചതാണ്. കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് റവന്യു വകുപ്പില്‍ പുതിയതായി ആരംഭിച്ച ജില്ലാ റവന്യു അസംബ്ലി എന്ന പരിപാടിയില്‍ ശ്രദ്ധേയമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് പിടി യുടെ ഭാഗത്തു നിന്നും ഉയര്‍ന്നു വന്നത്. അത്തരത്തില്‍ മികവുറ്റ രീതിയില്‍ പാര്‍ലിമെന്ററി രംഗത്തെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോയ അദ്ദേഹത്തിന്റെ വിയോഗം കേരള നിയമസഭയെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുടേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ദുഖത്തില്‍ പങ്ക് ചേരുന്നതായും മന്ത്രി അനുശോചനത്തില്‍ പറഞ്ഞു.
    Published by:Naseeba TC
    First published: