• HOME
  • »
  • NEWS
  • »
  • kerala
  • »
  • വട്ടിയൂർക്കാവിൽ 'താമര'ക്കണ്ണുമായി ഇടതു വലതു മുന്നണികൾ

വട്ടിയൂർക്കാവിൽ 'താമര'ക്കണ്ണുമായി ഇടതു വലതു മുന്നണികൾ

ബി ജെ പി വോട്ട് കുറഞ്ഞാൽ അത് ആർക്ക് നേട്ടമാകും എന്ന കണക്കുകൂട്ടലിലാണ് ഇടത് വലത് മുന്നണികള്‍

News 18

News 18

  • Last Updated :
  • Share this:
ആർ. കിരൺ ബാബു

വട്ടിയൂർക്കാവിൽ താമര കൊഴിഞ്ഞാൽ അത് ആർക്കു വളമാകും. ഇടതു വലതു മുന്നണികൾ ഒരു പോലെ പ്രതീക്ഷയിലാണ്. പൊരിഞ്ഞ ത്രികോണ പോരാട്ടം എന്ന പതിവ് തെറ്റിച്ച് മത്സരം നേരിട്ടായി എന്നാണ് എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും വിലയിരുത്തൽ. ഇതിൽ സന്തോഷിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നതിന് ഒപ്പം ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട് ഇരു മുന്നണികളും. ബി ജെ പി വോട്ട് കുറഞ്ഞാൽ അത് ആർക്ക് നേട്ടമാകും എന്ന കണക്കുകൂട്ടലിലാണ് ഇരു മുന്നണികളും.

താമര കൊഴിയുമോ?

വട്ടിയൂർക്കാവിൽ ഇക്കുറി ബി ജെ പി വോട്ടുകൾ വല്ലാതെ കുറയുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫും എൽ ഡി എഫും. വ്യക്തി പ്രഭാവത്തിന്റെ പേരിൽ ഒ രാജഗോപാലിനും കുമ്മനം രാജശേഖരനും ലഭിച്ച ബി ജെ പി ഇതര വോട്ടുകൾ ഇത്തവണ എസ് സുരേഷിന് ലഭിക്കില്ലെന്നാണ് ഇരുമുന്നണികളും പ്രതീക്ഷിക്കുന്നത്. വട്ടിയൂർക്കാവിൽ ബി ജെ പി മുന്നേറ്റങ്ങൾക്ക് അടിത്തറയായ ആർ എസ് എസ് പ്രചാരണം താഴേ തട്ടിൽ ഇനിയും സജീവമായിട്ടില്ല. മുൻ തവണകളിലെ പോലെ വിജയ പ്രതീതി സൃഷ്​ടിക്കാൻ ബി ജെ പി പ്രചരണത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തവണ ബി ജെ പി പിന്നാക്കം പോകും എന്നതിന് ഇരുകൂട്ടരും ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ ഇവയാണ്.

അഞ്ച് മാസം മുമ്പ് നടന്ന ലോക്​സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിന്റെ പ്രചാരണത്തിൽ ബി ജെ പി സൃഷ്​ടിച്ച വലിയ മുന്നേറ്റം എന്തായാലും ഇക്കുറി മണ്ഡലത്തിൽ എവിടെയും കാണാനുമില്ല. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ താൻ ജയിച്ചെങ്കിലും അന്ന് ചുവരെഴുത്തിൽ കുമ്മനം തന്നെ തോൽപ്പിച്ചിരുന്നതായി കെ മുരളീധരൻ തന്നെ പറഞ്ഞിട്ടുണ്ട്. പുറമേയ്ക്കും അകമേയ്ക്കും മണ്ഡലം നിറയുന്ന പ്രചാരണമാണ് അന്ന് ബി ജെ പി നടത്തിയത്. പ്രചാരണത്തിൽ ആർ എസ് എസ് സജീവമല്ലെന്ന ആരോപണം ബി ജെ പി നേതൃത്വം നിഷേധിക്കുന്നുണ്ട്. എന്നാൽ മുൻ വർഷങ്ങളിലെ പോലെ വിജയ പ്രതീതി സൃഷ്​ടിക്കാൻ പ്രചരണത്തിന്റെ അവസാന ഘട്ടത്തിലും ബി ജെ പിക്ക് കഴിഞ്ഞിട്ടില്ല. എന്തായാലും മുൻ വർഷങ്ങളിൽ ബി ജെ പിയെ തോൽപ്പിക്കാൻ വോട്ട് ചോദിച്ച ഇടത് വലത് മുന്നണികൾ ഇക്കുറി ബി ജെ പി പേടി രഹസ്യമായും പരസ്യമായും വോട്ടർമാരോട് പറയുന്നില്ല.

യു ഡി എഫ് പ്രതീക്ഷ

ബിജെപിക്ക് വോട്ടു കുറഞ്ഞാൽ അത് നേട്ടമാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. ബി ജെ പിക്ക് ജയസാധ്യത ഇല്ലെന്ന് വന്നാൽ മുമ്പ് ഒ രാജഗോപാലിനും കുമ്മനം രാജശേഖരനും വോട്ട് ചെയ്ത വലിയൊരു വിഭാഗം കെ മോഹൻ കുമാറിനെ തുണയ്ക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഇരുവരുടെയും വ്യക്തി പ്രഭാവത്തിന്റെ പേരിലും ജയസാധ്യത കണ്ടും വോട്ട് നൽകിയ ബി ജെ പി ഇതര വോട്ടർമാരിൽ വലിയൊരു ഭാഗം കൈപ്പത്തിയിൽ വിരൽ അമർത്തുമെന്നാണ് കണക്കുകൂട്ടൽ. ഒപ്പം ഇതു കൂടി. എൻ എസ് എസ് പിന്തുണയും നേട്ടമാകും. ബി ജെ പിയെ മുമ്പ് തുണച്ച നായർ വിഭാഗത്തിലെ വോട്ടുകൾ ഇതോടെ യു ഡി എഫിന് അനുകൂലമാകും. ഇടത് വലത് മുന്നണി സ്ഥാനാർഥികളുടെ ജാതി ഘടകവും ഇതിൽ പ്രധാനമാണ്. യു ഡി എഫ് നേതാക്കളുടെകണക്കുകൂട്ടൽ ഇങ്ങനെയൊക്കെയാണ്. മണ്ഡലത്തിലെ നായർ പ്രാതിനിധ്യം 40 ശതമാനം ആണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ഇടത് കണക്ക് ഇങ്ങനെ

ഇടത് മുന്നണിയും പ്രതീക്ഷ വയ്ക്കുന്നത് ബിജെപിയിൽ തന്നെയാണ്. പക്ഷെ ചെറിയ വ്യത്യാസമുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ ബി ജെ പി ജയ സാധ്യത തടയാൻ ഇടത് അനുഭാവികൾ യു ഡി എഫിന് വോട്ട് ചെയ്തിരുന്നു. ഇക്കുറി അതുണ്ടാവില്ല. ഇടതു വോട്ടുകൾ സ്വന്തം തന്നെ പെട്ടിയിൽ വീഴും. ഒപ്പം മേയർ എന്ന നിലയിൽ വി കെ പ്രശാന്തിന്റെ പ്രതിച്ഛായ കൂടിയാകുമ്പോൾ വിജയം ഉറപ്പിക്കാമെന്നാണ് ഇടത് കണക്ക്.

സാധ്യതകൾ രണ്ട്

സ്ഥാനാർഥി നിർണയം അടക്കമുളള വിഷയങ്ങളിൽ ആർ എസ് എസ് നേതൃത്വത്തിന്റെ അതൃപ്​തി രണ്ട് തരത്തിൽ പ്രതിഫലിക്കാൻ സാധ്യത ഉണ്ടെന്ന് രാഷ്​ട്രീയ നിരീക്ഷകനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എൻ ജെ നായർ ചൂണ്ടിക്കാട്ടുന്നു. 'ആർ എസ് എസ് അനുഭാവികൾ ബൂത്തിൽ എത്താതെ മാറി നിൽക്കാം. അല്ലെങ്കിൽ രണ്ടിൽ ഒരാൾക്ക് വോട്ട് ചെയ്യാൻ തീരുമാനിക്കാം. ഇതിൽ ഏത് സാധ്യതയാണ് നടപ്പാകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ആർക്ക് നേട്ടമാകും എന്നത്' -എൻ ജെ നായർ പറഞ്ഞു. ആർ എസ് എസ് വോട്ടുകൾ ബൂത്തിൽ എത്താതിരിക്കാനുളള സാധ്യതയിലാണ് എൽ ഡി എഫ് പ്രതീക്ഷ. മറിച്ച് ബൂത്തിലെത്താനും മോഹൻ കുമാറിനെ തുണയ്ക്കാനും ഉളള സാധ്യതയിലാണ് യു ഡി എഫ് പ്രതീക്ഷ.

രണ്ടായാലും വിവാദം ഉറപ്പ്‌

2014 ലോക്​സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയിലെ ഒ രാജഗോപാലിന് ശശി തരൂരിനേക്കാൾ വോട്ട് നൽകിയ മണ്ഡലമാണ്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിലെ കെ മുരളീധരനോട് പരാജയപ്പെട്ടെങ്കിലും എൽ ഡി എഫിലെ ടി എൻ സീമയെ മൂന്നാം സ്ഥാനത്തേക്ക് തളളിയാണ് എൻ ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ രണ്ടാമത് എത്തിയത്. 2019 ലോക്​സഭാ തെരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനം നിലനിർത്താൻ കുമ്മനത്തിനായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി ഏറ്റവും അധികം പ്രതീക്ഷ വച്ച മണ്ഡലങ്ങളിൽ ഒന്നായിരുന്ന വട്ടിയൂർക്കാവ്. അവിടെ ഇക്കുറി പിന്നാക്കം പോയാൽ അത് ബി ജെ പിയിൽ ഉണ്ടാക്കുന്ന വിവാദങ്ങൾ ചില്ലറയാവില്ല. അതുകൊണ്ട് തന്നെ അതൊഴിവാക്കാനുളള തീവ്ര ശ്രമം ബി ജെ പി നേതൃത്വത്തിൽ നിന്നുണ്ടാകും എന്നുറപ്പ്. ബി ജെ പി വോട്ട് കുറഞ്ഞാൽ അതിന്റെ പ്രതിഫലനവും വിവാദവും ആ പാർട്ടിയിലും മുന്നണിയിലും മാത്രം ഒതുങ്ങില്ല. ഇടത് വലത് മുന്നണികളിലേക്കും വ്യാപിക്കും. ജയിക്കുന്നത് യു ഡി എഫ് ആയാലും എൽ ഡി എഫ് ആയാലും ബി ജെ പി വോട്ട് വാങ്ങിയാണ് ജയം എന്ന ആരോപണം തോറ്റ മുന്നണി കണക്ക് നിരത്തി ഉന്നയിക്കും.

ചുരുക്കത്തിൽ...

യു ഡി എഫ് പ്രതീക്ഷിക്കുന്നത്....
ബി ജെ പിക്ക് ജയ സാധ്യത ഇല്ലെന്ന് വന്നാൽ ആ വോട്ടുകൾ യു ഡി എഫിന് കിട്ടും.
എൻ എസ് എസ് പിന്തുണ.

എൽ ഡി എഫ് പ്രതീക്ഷിക്കുന്നത്....
ബി ജെ പി ജയം തടയാനായി ഇടത് അനുകൂലികൾ യു ഡി എഫിന് വോട്ട് ചെയ്യുന്ന പതിവ് ഉണ്ടാവില്ല.
സ്വന്തം വോട്ട് സ്വന്തം പെട്ടിയിൽ തന്നെ വീഴും.
പ്രശാന്തിന്റെ പ്രതിച്ഛായ

First published: