മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന വാവസുരേഷിന്റെ (Vava Suresh) ആരോഗ്യനില (health condition) സാധാരണനിലയിലേക്ക് ആയി എന്നതാണ് ഇന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നത്. ഓക്സിജൻ സഹായം ഉൾപ്പെടെ ജീവൻ നിലനിർത്താൻ വേണ്ട പുറമേയുള്ള മുഴുവൻ സംവിധാനങ്ങൾ ഒഴിവാക്കിയാണ് ഇപ്പോൾ ആശുപത്രിയിൽ കഴിയുന്നത്. ഇന്നലെ രാത്രിയോടെയാണ് ഓക്സിജൻ സംവിധാനം പിൻവലിച്ചത്. ഇതോടെ സാധാരണനിലയിലേക്ക് ശ്വസിക്കാൻ ആരംഭിച്ചിട്ടുണ്ട് എന്ന് വാവസുരേഷിനെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ സംഘം ന്യൂസ് 18 നോട് പറഞ്ഞു.
അസാധാരണമായ പുരോഗതിയാണ് വാവസുരേഷിന്റെ ആരോഗ്യനിലയിൽ കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായത്. ഇന്നലെ രാവിലെ പരസഹായത്തോടെ നടക്കുന്നതിന് ശ്രമം നടത്തിയിരുന്നു. ഇത് സാധാരണ നിലയിൽ നടക്കുന്നതിന് സഹായകരമായി. ഇതിനുശേഷം സ്വന്തമായി ആഹാരം കഴിക്കാനും നടക്കാനും കഴിയുന്ന നിലയിലേക്ക് വാവാ സുരേഷ് എത്തി. ഓർമശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തു എന്നും കോട്ടയം മെഡിക്കൽ കോളേജ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ശരീരത്തിൽ നിന്ന് പൂർണമായും വിഷാംശം മാറിയെന്ന് വിലയിരുത്തലാണ് ഡോക്ടർമാർ നടത്തുന്നത്. അതുകൊണ്ടുതന്നെ മുറിവുണങ്ങുന്നതിനുള്ള മരുന്ന് മാത്രമാണ് ഇപ്പോൾ നൽകുന്നത് എന്നും ഡോക്ടർമാരുടെ സംഘം പറയുന്നു. പാമ്പുകടിയേറ്റതിനാൽ തന്നെ മുറിവേറ്റ സ്ഥലത്ത് ഇൻഫെക്ഷൻ സാധ്യത ഇനിയും നിലനിൽക്കുന്നുണ്ട്. രണ്ടാഴ്ചയെങ്കിലും ഇത്തരത്തിൽ ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യതയാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ മരുന്നു ഉണങ്ങുന്നതിനുള്ള ആന്റിബയോട്ടിക്കുകൾ ആണ് ഇപ്പോൾ നൽകി വരുന്നത് എന്നും കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറയുന്നു.
ഇന്ന് സാധാരണ മുറിയിലേക്ക് മാറ്റി നിരീക്ഷണം നടത്തും എന്ന് ഡോക്ടർമാർ അറിയിച്ചു. അങ്ങനെവന്നാൽ തിങ്കളാഴ്ചയോടെ വാവാ സുരേഷ് ആശുപത്രിവാസം അവസാനിപ്പിച്ചേക്കും. നിലവിൽ മറ്റു പ്രശ്നങ്ങളൊന്നും അവശേഷിക്കുന്നില്ല എന്നാണ് ഡോക്ടർമാരുടെ സംഘം ചൂണ്ടിക്കാട്ടുന്നത്. സാധാരണ മുറിയിൽ കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മെഡിക്കൽ ബോർഡ് വീണ്ടും ചേർന്നാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
തിങ്കളാഴ്ച വൈകിട്ട് 4.15 നാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകൾഭാഗത്ത് പാമ്പ് കടിക്കുകയായിരുന്നു. തുടർന്ന് ഇഴഞ്ഞു പോയ പാമ്പിനെ പിടിച്ചു വാവ സുരേഷ് ചാക്കിലേക്ക് കയറ്റി. തുടർന്ന് കാറിൽ വാവസുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ സ്ഥിതി ഗുരുതരം ആയതോടെയാണ് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ആണ് വാവസുരേഷിന് ചികിത്സ നൽകിയത്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ നേതൃത്വത്തിൽ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വാവസുരേഷിനെ ചികിത്സിക്കുന്നത്. തുടക്കത്തിൽ വാവസുരേഷ് നൽകിയ പ്രാഥമിക ശുശ്രൂഷ യും ജീവൻ നിലനിർത്താൻ നിർണായകമായി എന്ന് ഡോക്ടർമാർ പറയുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Health, Snake bite, Vava Suresh