• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുണ്ടറ പീഡന കേസ്; എൻസിപി നേതാവിനെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് യുവതി

കുണ്ടറ പീഡന കേസ്; എൻസിപി നേതാവിനെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് യുവതി

സമൂഹ മാധ്യമത്തിൽ കൂടി അപമാനിക്കാൻ തുനിഞ്ഞതോടെയാണ് നേരത്തെ നേരിട്ട പീഡന ശ്രമത്തിലും പരാതി കൊടുക്കാൻ തയ്യാറായത് എന്ന് പെൺകുട്ടി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കുണ്ടറ പീഡന കേസിൽ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് പെൺകുട്ടി. സർക്കാരിൽ നിന്ന് നീതി ലഭിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. മന്ത്രി എ.കെ. ശശീന്ദ്രനെ താനോ കുടുംബമോ കുടുക്കിയിട്ടില്ല. മന്ത്രി ഇങ്ങോട്ട് വരികയാണ് ചെയ്തത്. അതേസമയം കേസിലെ മുഖ്യപ്രതിയും എൻ.സി.പി. നിർവാഹക സമിതി അംഗവുമായ ജെ. പത്മാകരൻ്റെ അറസ്റ്റ് ഇന്നുണ്ടായേക്കും.

    പത്മാകരന് എതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നു. സമൂഹ മാധ്യമത്തിൽ കൂടി അപമാനിക്കാൻ തുനിഞ്ഞതോടെയാണ് നേരത്തെ നേരിട്ട പീഡന ശ്രമത്തിലും പരാതി കൊടുക്കാൻ തയ്യാറായത്.

    മന്ത്രി എ കെ ശശീന്ദ്രൻ്റെ ഭാഗത്തുനിന്നുണ്ടായ നടപടി തെറ്റാണ്. ഉചിതമായ നടപടി മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകുമെന്ന് കരുതുന്നതെന്ന് പെൺകുട്ടി പറഞ്ഞു.

    പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പത്മാകരനും സഹായി രാജീവിനും എതിരെ കുണ്ടറ പോലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പത്മാകരന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. പത്മകരന് അനുകൂലമായ നിലപാടാണ് എൻ.സി.പി. ജില്ലാ നേതൃത്വം കൈക്കൊണ്ടിട്ടുള്ളത്

    Also read: സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ട്; കേരള പൊലീസിന്റെ എട്ടു പദ്ധതികള്‍

    യുവതിയെയും കുടുംബത്തെയും തള്ളി എൻ.സി.പി. ജില്ലാഘടകം

    ആരോപണം അടിസ്ഥാനരഹിതമെന്ന് എൻ.സി.പി. ജില്ലാ പ്രസിഡൻ്റ് കെ. ധർമ്മരാജൻ പറഞ്ഞു. പരാതിയിൽ പറയുന്നതു പോലെ ഒരു തെറ്റ് ജി. പത്മാകരൻ ചെയ്യില്ല. മന്ത്രിയെ ന്യായീകരിക്കുന്ന നിലപാടും ജില്ലാ ഘടകം സ്വീകരിച്ചു. പാർട്ടിയിലെ രണ്ട് നേതാക്കൾക്കിടയിലെ പ്രശ്നം പരിഹരിക്കാൻ മന്ത്രി ഇടപെട്ടതിൽ തെറ്റില്ല. നിലവിലെ സംഭവവികാസങ്ങളിൽ പാർട്ടി അന്വേഷണം നടത്തുമെന്നും ജില്ലാ പ്രസിഡൻ്റ് പറഞ്ഞു.
    എ.കെ. ശശീന്ദ്രൻ്റെ രാജിയാവശ്യപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രതിഷേധങ്ങൾ ഇന്നും തുടരും.

    പീഡനപരാതി ഒതുക്കാൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ ഇടപെടലെന്ന വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു വിവാദം. എൻ.സി.പി. സംസ്ഥാന നേതാവ് ജി. പത്മാകരന് എതിരായ പീഡനപരാതി ഒതുക്കാനാണ് മന്ത്രി പരാതിക്കാരിയുടെ പിതാവിനെ ഫോണിൽ വിളിച്ചത്. പരാതി നല്ല നിലയിൽ തീർക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് പറയുന്നതിന്റെ ശബ്ദസംഭാഷണം പുറത്തുവന്നിരുന്നു. ഫോൺ വിളിക്ക് പുറമെയും മന്ത്രിയുടെ ഇടപെടലുണ്ടായെന്നും പത്മാകരന് മന്ത്രിയിൽ വലിയ സ്വാധീനമുണ്ടെന്നും പരാതിക്കാരിയും പിതാവും പ്രതികരിച്ചു.

    എൻ.സി.പി. സംസ്ഥാന നിർവാഹക സമിതി അംഗം ജി. പത്മാകരൻ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ വച്ച് കയ്യിൽ കയറി പിടിച്ചെന്നാണ് യുവതിയുടെ ആരോപണം. ഈ പരാതി ഒതുക്കാനായിരുന്നു മന്ത്രിയുടെ ഇടപെടൽ. ഇക്കഴിഞ്ഞ മാർച്ച് ആറിന് യുവതിയുടെ പിതാവിനെ ഫോണിൽ വിളിച്ച് നല്ല നിലയിൽ തീർക്കണമെന്ന് മന്ത്രി പറ‍ഞ്ഞു. ഫോൺ വിളിക്ക് പുറമെ പരാതി ഒതുക്കിത്തീർക്കാൻ മന്ത്രിയുടെ ഇടപെടലുണ്ടായെന്ന് പരാതിക്കാരി പറയുന്നു.

    എൻ.സി.പി. കുടുംബത്തിലെ അംഗമായ യുവതി തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥിയായി കുണ്ടറയിൽ മത്സരിച്ചതിന്റെ വൈരാഗ്യത്തിൽ ജി. പത്മാകരൻ അപമാനിച്ചെന്നാണ് കുടുംബം പറയുന്നത്.
    രാഷ്ട്രീയ സ്വാധീനമുള്ള ആളായതിനാൽ ഇതുവരെ സംഭവം പുറത്ത് പറഞ്ഞില്ല. എന്നാൽ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചപ്പോഴാണ് അപമര്യാദയായി പെരുമാറിയതുൾപ്പെടെ പരാതിയായി നൽകാൻ തീരുമാനിച്ചത്. ജൂൺ 28ന് കൊല്ലം എൻ.സി.പിയുടെ വാട്സാപ്പ് ഗ്രൂപ്പ് വഴി യുവതിയെ അധിക്ഷേപിച്ചുള്ള പോസ്റ്റുകളും വന്നു. തുടർന്ന് കുടുംബം പരാതിയുമായി കുണ്ടറ പോലീസിനെ സമീപിച്ചു. ഇതിനിടെയാണ് മന്ത്രിയുടെ വിളിയെത്തിയത്.

    മന്ത്രിയുടെ ശബ്ദസംഭാഷണം പുറത്തുവന്നതിന് പിന്നാലെ യുവതിയിൽ നിന്ന് പോലീസ് മൊഴിയെടുത്തു. കുണ്ടറയിലെ വീട്ടിലെത്തിയാണ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ മൊഴിയെടുത്തത്. എൻ.സി.പി. നേതാവിനെതിരായ പരാതി ലഭിച്ച് ഒരു മാസം ആകാറായിട്ടും ഇന്നലെ വരെ പൊലീസ് നടപടി സ്വീകരിക്കാത്തത് രാഷ്ട്രീയ ഇടപെടൽ മൂലമാണെന്നായിരുന്നു ആരോപണം.
    Published by:user_57
    First published: