എ ഐ ക്യാമറ: വിവാദമാകും മുൻപേ വിജിലൻസ് അന്വേഷണം തുടങ്ങിയെന്ന വാദവുമായി സർക്കാർ
- Published by:Rajesh V
- news18-malayalam
Last Updated:
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. എഐ ക്യാമറ ഇടപാടില്‍ 2022 മെയിലാണ് സര്‍ക്കാരിന് പരാതി ലഭിക്കുന്നത്
തിരുവനന്തപുരം: എ ഐ ക്യാമറ ആരോപണത്തിൽ ഇപ്പോഴത്തെ വിവാദങ്ങൾക്ക് മുന്നേ അന്വേഷണം തുടങ്ങി എന്ന വാദവുമായി സംസ്ഥാന സർക്കാർ. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. എഐ ക്യാമറ ഇടപാടില്‍ 2022 മെയിലാണ് സര്‍ക്കാരിന് പരാതി ലഭിക്കുന്നത്. ഇതിന് പിന്നാലെ സര്‍ക്കാര്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. വിജിലൻസിന്റെ തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റ് രണ്ടാണ് അന്വേഷണം നടത്തുന്നത്.
എ ഐ ക്യാമറ ഇടപാടുമായി ബന്ധുപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. 232 കോടി രൂപ ചെലവില്‍ നടപ്പിലാക്കിയ പദ്ധതി കെല്‍ട്രോണ്‍ വഴി വാങ്ങിയതിലും നടപ്പാക്കിയതിലും അഴിമതി, സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലാപ്‌ടോപ് വാങ്ങിയതില്‍ ക്രമക്കേട് തുടങ്ങി ആറിലധികം പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. മെയ് മാസത്തില്‍ ലഭിച്ച പരാതിയില്‍ ആ മാസം തന്നെ പ്രാഥമിക അന്വേഷണം നടത്തി. തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
advertisement
അഴിമതി നിരോധന നിയമം 17 എ വകുപ്പ് പ്രകാരമാണ് അന്വേഷണം നടക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ മാസങ്ങളായി അന്വേഷണം നടക്കുന്നതിനിടെയാണ് ആരോപണവുമായി പ്രതിപക്ഷം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് സർക്കാർ വാദം. അതേസമയം, വിജിലൻസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ, വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ ആരോപണ വിധേയമായ പദ്ധതി ഉദ്ഘാടനം ചെയ്തതിലെ സാംഗത്യവും പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്.
advertisement
ഇതിനിടെ, എ ഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. 232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എ ഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. കരാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരുവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ എഗ്രിമെന്റ്, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബന്ധിച്ച നോട്ട് ഫയല്‍, കറന്റ് ഫയല്‍ എന്നിവ ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 26, 2023 12:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എ ഐ ക്യാമറ: വിവാദമാകും മുൻപേ വിജിലൻസ് അന്വേഷണം തുടങ്ങിയെന്ന വാദവുമായി സർക്കാർ