ആലപ്പുഴ: വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പേഴ്‌സണൽ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി ചന്ദ്രന് തദ്ദേശ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം. സ്വതന്ത്രനായി മത്സരിച്ച ലതീഷ് സിപിഎം സ്ഥാനാർഥിയെയാണ് പരാജയപ്പെടുത്തിയത്. മുഹമ്മ പഞ്ചായത്ത് 12ാം വാർഡിൽനിന്ന് 129 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലതീഷിന്റെ ജയം. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജെ. ജയലാലിനെയാണ് പരാജയപ്പെടുത്തിയത്. സ്വതന്ത്ര സ്ഥാനാർഥിയായി നിന്ന ലതീഷിന് 554 വോട്ടുകിട്ടിയപ്പോൾ ജയലാലിന് 425 വോട്ടാണ് ലഭിച്ചത്. കോൺഗ്രസിന് 36 ഉം ബിജെ.പിക്ക് 69ഉം വോട്ടുകിട്ടി.
കൃഷ്ണപിള്ളസ്മാരകം തകർത്തകേസിൽ പൊലീസ് പ്രതിചേർത്തിരുന്ന ലതീഷ് ഉൾപ്പെടെയുള്ളവരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടിരുന്നു. ഇതിനുശേഷം പാർട്ടിയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഎസിന് സീറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ടായപ്പോൾ പാർട്ടിക്കെതിരെ പ്രകടനം നടത്തിയെന്നാരോപിച്ചാണ് ലതീഷിനെ പുറത്താക്കിയത്. അന്ന് ഈ വിഷയം അന്വേഷിച്ചത് ജയലാലിന്റെ നേതൃത്വത്തിലായിരുന്നു.
ALSO READ:കൊല്ലത്ത് ആർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; വീടിന്റെ ചുറ്റുമതിലും ഗേറ്റും വാഹനമിടിച്ച് തകർത്തു [NEWS]തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്; അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28നും 30നും[NEWS]വീണ്ടും 100 ദിന കര്‍മ്മ പരിപാടികളുമായി LDF സർക്കാർ; സൂചന നൽകി മുഖ്യമന്ത്രി [NEWS]
പ്രകടനം നടന്ന സമയത്ത് സ്ഥലത്തില്ലാതിരുന്ന തന്നെ കുറ്റക്കാരനാക്കിയെന്നാണ് ലതീഷ് ആരോപിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് മത്സരിച്ചത്. പാർട്ടി പ്രാദേശിക നേതൃത്വത്തോട് മാത്രമേ എതിർപ്പുള്ളൂ. പുന്നപ്ര- വയലാർ സമരസേനാനിയുടെ കുടുംബത്തിലുള്ള താൻ എന്നും സിപിഎമ്മുകാരനായി തുടരുമെന്നും ലതീഷ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.