എം.സി. ദത്തനെ അറിയാമോ? മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിനെ ?
- Published by:Rajesh V
- news18-malayalam
Last Updated:
MC Dathan: 43 വർഷം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ ജോലിചെയ്ത് ശ്രീഹരിക്കോട്ടയിൽ 30 ലധികം വിക്ഷേപണങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തെ 2014ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ എം ചന്ദ്രദത്തൻ എന്ന എം സി ദത്തൻ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (VSSC) മുൻ ഡയറക്ടറുമാണ്.
വിവാദം വന്ന വഴി
ബുധനാഴ്ച്ച യുഡിഎഫ് ഉപരോധത്തിനിടെ പത്തു മണിയോടെ സെക്രട്ടേറിയറ്റിലേക്ക് എത്തിയ 72 കാരനായ എം സി ദത്തനെ പരിചയമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞു. അപ്പോൾ അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ പരിചയപെടുത്തിയപ്പോഴാണ് ദത്തനെ അകത്തേക്ക് കടത്തിവിടാൻ പൊലീസ് തയാറായത്. തുടർന്ന് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകനോട് ‘വേറെ ഒരു പണിയില്ലടെ? ഇതിനേക്കാൾ നീയൊക്കെ എന്നും തെണ്ടാൻ പോ’എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ ദൃശ്യങ്ങൾ ചാനലുകൾ ലൈവ് ആയി സംപ്രേക്ഷണം ചെയ്തത് വൈറൽ ആയി.
advertisement
തിളക്കമാർന്ന ഔദ്യോഗിക ജീവിതം
43 വർഷം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ ജോലിചെയ്ത് ശ്രീഹരിക്കോട്ടയിൽ 30 ലധികം വിക്ഷേപണങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തെ 2014ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു. 2016ൽ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് പിണറായി വിജയൻ വർക്കല സ്വദേശിയായ ദത്തനെ തന്റെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിക്കുന്നത്.
advertisement
ഉപഗ്രഹ വിക്ഷേപണ റോക്കറ്റുകളിൽ ഉപയോഗിക്കുന്ന കരുത്തുറ്റ സോളിഡ് 200 പ്രൊപ്പലന്റ് തദ്ദേശീയമായി വികസിപ്പിച്ചെടുത്തത് ദത്തന്റെ നേതൃത്വത്തിലാണ്. അദ്ദേഹം ഡയറക്ടർ ആയി ഇരുന്ന സമയത്താണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ റോക്കറ്റ് വിക്ഷേപണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. റീ യൂസബിൾ ലോഞ്ച് വെഹിക്കിൾ എന്ന പ്രോജക്ടിനായി അതിന്റെ കരയിലെ ലാൻഡിംഗിനായി 5 കിലോമീറ്റർ വരുന്ന എയർ സ്ട്രിപ്പിന്റെ നിർമാണ രൂപരേഖയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയതും ഇദ്ദേഹം ആയിരുന്നു.
കെമിക്കൽ എഞ്ചിനീറിങ്ങിൽ ലക്ച്ചറർ ആയി മണിപ്പാൽ എഞ്ചിനീറിങ് കോളേജിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം വിക്രം സാരാഭായ് ബഹിരാകാശകേന്ദ്രത്തിന്റെ ഡയറക്ടറായി വിരമിച്ചു. ബിർള ഇൻസ്റ്റിട്യൂട്ടിൽ നിന്ന് റോക്കറ്റ് പ്രൊപ്പൽഷനിൽ ഡോക്റ്ററേറ്റ് നേടിയ അദ്ദേഹം 43 വർഷം വിക്രം സാരാഭായ് ബഹിരാകാശകേന്ദ്രത്തിൽ സേവനം അനുഷ്ഠിച്ചു. ചന്ദ്രയാൻ, മംഗൾയാൻ വിക്ഷേപണ വിജയങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചു. ചൊവ്വാദൗത്യത്ത്നുള്ള മംഗൾയാനെ നിയന്ത്രിച്ച് നിർത്തുന്നതിനുള്ള ലിക്വിഡ് അപ്പോജി റോക്കറ്റ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചു. ജി എസ് എൽ വി മാർക്ക് – 3, സ്പേസ് ഷട്ടിൽ (ആർഎൽവി-ടിഡി) തുടങ്ങിയ പദ്ധതികളിൽ പങ്കാളിത്തം. 2013ൽ വലിയമല എൽപിഎസ്‌സി ഡയറക്ടറായിരിക്കുമ്പോൾ തിരുവനന്തപുരം വി എസ് എസ് സി. ഡയറക്ടറായി.
advertisement
വർക്കല ഗവൺമെന്റ് ഹൈസ്കൂൾ, വർക്കല എസ് എൻ കോളേജ്, തൃശൂർ ഗവ: എഞ്ചിനീയറിങ്ങ് കോളേജ്, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ പഠിച്ച അദ്ദേഹം 1972ൽ ജോലിയിൽ പ്രവേശിച്ചു. ഭാര്യ: രാധ (റിട്ടയേഡ് സീനിയർ സയന്റിസ്റ്റ്, ഐഎസ്ആർഒ).
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 18, 2023 2:26 PM IST