താമരശ്ശേരിയിൽ കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
- Published by:Sarath Mohanan
- news18-malayalam
Last Updated:
പന്നിക്ക് ഏകദേശം 85 കിലോഗ്രാം തൂക്കം വരും. പുലർച്ചെ കിണറ്റിൽ നിന്നും അസ്വഭാവിക ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ എത്തി നോക്കുമ്പോഴാണ് കിണറിനുള്ളിൽ പന്നിയെ കണ്ടത്.
കോഴിക്കോട്: താമരശ്ശേരിയിലാണ് കിണറ്റിൽ ചാടിയ കാട്ടു പന്നിയെ വെടിവെച്ച് കൊന്നത്. താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്തെ റോഡരികിലുള്ള കയ്യേലിക്കുന്ന് മുഹമ്മദിൻ്റെ പറമ്പിലെ കിണറ്റിൽ ഇന്നലെ രാത്രിയിൽ ചാടിയ കാട്ടു പന്നിയെയാണ് കരക്ക് എത്തിച്ച ശേഷം വെടിവെച്ചു കൊന്നത്. വനം വകുപ്പ് ആർ ആർ ടി യുടെ നേതൃത്വത്തിൽ കരക്ക് കയറ്റിയ ശേഷം കാട്ടു പന്നികളെ വെടിവെക്കാൻ അനുമതി ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ട തങ്കച്ചനാണ് വെടിവെച്ചത്.
പന്നിക്ക് ഏകദേശം 85 കിലോഗ്രാം തൂക്കം വരും. പുലർച്ചെ കിണറ്റിൽ നിന്നും അസ്വഭാവിക ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ എത്തി നോക്കുമ്പോഴാണ് കിണറിനുള്ളിൽ പന്നിയെ കണ്ടത്. തുടന്ന് രാവിലെ കയറിൽ കെട്ടി പന്നിയെ കരക്കു കയറ്റിയത്. ജില്ലയിൽ കാട്ടുപന്നികളെ കൊല്ലുവാൻ അനുമതി ലഭിച്ച പന്ത്രണ്ട് പേരിൽ ഉൾപ്പെട്ട ഒരാളാണ് തങ്കച്ചൻ. കോടതിയുടെ പ്രത്യേക ഉത്തരവിലൂടെയാണ് ജില്ലയിലെ പന്ത്രണ്ട് പേർക്ക് പന്നിയെ കൊലപ്പെടുത്താൻ അനുമതി കിട്ടിയത്. ജഡം സംസ്കരിക്കാനായി വനം വകുപ്പ് പുതുപ്പാടി സെക്ഷന് ഓഫീസിലേക്ക് മാറ്റി.
advertisement
പ്രദേശത്ത് കഴിഞ്ഞ ഏതാനും നാളുകളായി കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണ്. താമരശ്ശേരി കട്ടിപ്പാറ പുലോട് ബാർബർ തൊഴിലാളിയായ ജാഫറിന്റെ വീട്ടിൽ കാട്ടുപന്നികളുടെ ആക്രമണമുണ്ടായിരുന്നു. കാട്ടുപന്നികൾ വീടിനകത്ത് കയറി സോഫയും, ബെഡും കുത്തി കീറി നശിപ്പിച്ചു.വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ കോണിപ്പടി കയറി മുകൾ ഭാഗത്തേക്ക് പോകുകയും അയൽക്കാരൻ സമയോചിതമായി ഇടപെടുകയും ചെയ്തതു കാരണം കുട്ടികൾ പരിക്കേൽക്കാതെ അന്ന് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം ജില്ലയിലെ കാരശ്ശേരിയിലും കാട്ടു പന്നിയെ വെടിവെച്ചു കൊന്നിരുന്നു. തടപ്പറമ്പ് അബ്ബാസിന്റെ വീട്ടിലെ കിണറ്റിൽ കുടുങ്ങിയ കാട്ടു പന്നിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിവെച്ചുകൊന്നത്. കോഴിക്കോട് ജില്ലയിൽ കാട്ടുപന്നി ശല്യം ഏറ്റവും കൂടുതലുള്ള പ്രദേശമാണ് കാരശ്ശേരി.
advertisement
ഇവിടെ കാലങ്ങളായി കാട്ടുപന്നികൾ ഇറങ്ങി വ്യാപകമായി കൃഷിനാശം വരുത്താറുണ്ട്. കൃഷിയിടങ്ങളിൽ രാത്രി കാലങ്ങളിൽ കാവലിരുന്നാണ് കർഷകർ കാട്ടുപന്നികളെ തുരത്തുന്നത്. ഇത്തരത്തിൽ മറ്റു ജില്ലകളിലും വ്യാപകമായ രീതിയിൽ പന്നിശല്യം മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടങ്ങളിൽ പരാതികൾ വർധിച്ചതോടെയാണ് കാട്ടുപന്നികളെവെടിവെച്ചു കൊല്ലാനുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായത്.
കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ എത്തിയ കാട്ടുപന്നിയെ ഭിന്നശേഷിക്കാരനായ കർഷകൻ കെണിവെച്ച് കൊന്നതും വാർത്തയായിരുന്നു. കോഴിക്കോട് മുതുകാട് സ്വദേശി ജോൺസനാണ് സോളാർ സഹായത്താൽ പന്നിയെ കെണിയിൽ വീഴ്ത്തിയത്. ക്യഷിടത്തിൽ സ്ഥാപിച്ച ബാറ്ററികൾ സോളാർ സഹായത്താലാണ് ചാർജ് ചെയ്ത്. തുടർന്ന് വേലികളിലൂടെ വൈദ്യുതി കടത്തി വിട്ടാണ് പന്നിയെ കൊലപ്പെടുത്തിയത്. പന്നിയെ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റെടുക്കുകയായിരുന്നു.
advertisement
ക്യഷിയിടത്തിൽ എത്തുന്ന പന്നിയെ കൊല്ലുവാൻ അനുമതി ലഭിച്ചതോടെ കാടിറങ്ങുന്ന കാട്ടുപന്നികളെ കർഷകർ കൊലപ്പെടുത്തിയശേഷം വനം വകുപ്പിനെ അറിയിക്കുകയാണ് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2021 3:28 PM IST