കോട്ടയം: ലോക്‌സഭ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ യു.ഡി.എഫ് തീരുമാനിച്ച സാഹചര്യത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് നിഷ ജോസ് കെ.മാണിയുടേത്. ജോസ് കെ. മാണി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് നിഷയുടെ പേര് സജീവമായത്. ജോസ് കെ. മാണിയുടെ ഭാര്യയും കേരള കോണ്‍ഗ്രസ് ലീഡര്‍ കെ.എം മാണിയുടെ മരുമകളുമാണ് നിഷ. ഇതുതന്നെയാണ് നിഷ തന്നെ കോട്ടയത്ത് സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനവും.
ഇതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരും കോട്ടയത്ത് ഉയര്‍ന്നു വന്നിരുണ്ട്. ഉമ്മന്‍ ചാണ്ടി മത്സരിക്കാന്‍ തയാറായാല്‍ കേരള കോണ്‍ഗ്രസിന് എതിര്‍പ്പൊന്നുമില്ലാതെ തന്നെ സീറ്റ് വിട്ടുകൊടുക്കേണ്ടിവരും. എന്നാല്‍ നിലവില്‍ എം.എല്‍.എ ആയതിനാൽ താന്‍ മത്സരത്തിനില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് നിഷയുടെ സാധ്യത വീണ്ടും സജീവമാക്കിയത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് നടത്തുന്ന കേരള യാത്രയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കോട്ടയത്ത് വനിതാ സ്ഥാനാര്‍ഥിയെന്ന സാധ്യത തള്ളാനാകില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ സ്ത്രീ-പുരുഷ തുല്യതയ്ക്കുവേണ്ടിയല്ലേ എല്ലാവരും സംസാരിക്കുന്നതെന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി. ഭാര്യയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിക്കുള്ള ചോദ്യത്തിനായിരുന്നു ഈ പ്രതികരണം.
കോട്ടയത്തെ പൊതുചടങ്ങുകളിലും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും നിഷ സജീവമായിരുന്നു. അതേസമയം താൻ മത്സരിക്കുന്നത് സംബന്ധിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് നിഷയുടെ ന്യൂസ് 18 നോട് പ്രതികരിച്ചു. നിക്ഷിപ്ത താൽപര്യക്കാരാണ് ഇത്തരം വാർത്തകൾക്കു പിന്നിലെന്നും അവർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.