• HOME
 • »
 • NEWS
 • »
 • kerala
 • »
 • ശബരിമല വീണ്ടും ബാലറ്റിൽ കയറുമോ? കഴിഞ്ഞ രണ്ട് ദിവസം നേതാക്കൾ പറഞ്ഞത് എന്ത്?

ശബരിമല വീണ്ടും ബാലറ്റിൽ കയറുമോ? കഴിഞ്ഞ രണ്ട് ദിവസം നേതാക്കൾ പറഞ്ഞത് എന്ത്?

സംസ്ഥാനത്താകെ ശബരിമല വിഷയമുയർത്തി വിശ്വാസികളെ ഇളക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫും ബിജെപിയും. എന്നാൽ സിപിഎം ഇത് ആഗ്രഹിക്കുന്നില്ല.

ശബരിമല

ശബരിമല

 • Share this:
  തിരുവനന്തപുരം: ശബരിമല വിഷയം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രധാന ചർച്ചാ വിഷയമായി മാറുകയാണ്. ശബരിമല വിഷയമുയർത്തി ഇടതിനെ പ്രതിരോധത്തിലാക്കാൻ തെരഞ്ഞെടുപ്പ്ചിത്രം തെളിയുന്നതിന് മുമ്പുതന്നെ യുഡിഎഫ് ഉന്നമിട്ടെങ്കിലും ആ കെണിയിൽ തലവച്ചു കൊടുക്കാതെ സൂക്ഷിച്ച് ചുവടുവച്ച സിപിഎമ്മിനാണ് ഇപ്പോൾ മിണ്ടാതിരിക്കാൻ തരമില്ലെന്നായത്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ കൂടി സ്ഥാനാർഥിയായി എത്തിയതോടെ ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കത്തിക്കയറുകയാണ്.

  നേതാക്കൾ പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ഇതിനുശേഷം നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനകളും പുറത്ത് വന്നിരുന്നു. സിപിഎം സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ  ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി ഖേദപ്രകടനവുമായി എത്തിയതോടെയാണ് പ്രചാരണ രംഗത്തെ ചിത്രം മാറിയത്. മന്ത്രിയുടെ പശ്ചാത്താപം അനവസരത്തിലായെന്ന് പാർട്ടി നേതാക്കളിൽത്തന്നെ അഭിപ്രായം ശക്തമാകുന്നതിനിടെയായിരുന്നു, ഇരട്ടപ്രഹരം പോലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത പ്രതികരണം. സർക്കാർ നിലപാട് ശരിയാണെന്നും കടകംപള്ളിയുടെ ഖേദപ്രകടനം എന്തിനായിരുന്നെന്ന് മനസ്സിലാകുന്നില്ലെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ഇതോടെ വിശദീകരണത്തിന് സർക്കാരും സിപിഎമ്മും നിർബന്ധിതമാവുകയും ചെയ്തു. നേതാക്കളുടെ ഭിന്നാഭിപ്രായങ്ങൾ ചർച്ചയാവുകയും ചെയ്തു.

  Also Read- BJP സ്ഥാനാർഥി ഇ ശ്രീധരന്റെ കാൽ കഴുകി വണങ്ങി വോട്ട‌ർ; വൈറലായി ചിത്രം, ഒപ്പം വിവാദങ്ങളും

  യുവതീപ്രവേശന വിധി നടപ്പാക്കാൻ ശക്തമായി നിലകൊണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, അന്തിമവിധി എല്ലാവരുമായും ആലോചിച്ചു മാത്രമേ നടപ്പാക്കൂ എന്നാണ് ഇന്നലെ പറഞ്ഞത്.  പാർട്ടിയുടെ ചുവടുമാറ്റം അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി. അതിനിടെ ചർച്ച ഒന്നുകൂടി കൊഴുപ്പിച്ച്, സിപിഎം നിലപാടിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തിരിച്ചടിച്ചത് പാർട്ടിയെ ഒന്നുകൂടി പ്രതിരോധത്തിലാക്കി. എങ്ങനെയും തുടർഭരണം ഉറപ്പാക്കാൻ തീവ്രശ്രമം നടത്തുന്ന ഇടതു നേതൃത്വം അതിനു തടസ്സമാകുന്നതൊന്നും ചർച്ചയാക്കാൻ ആഗ്രഹിക്കുന്നില്ല. ഇതു തിരിച്ചറിഞ്ഞുതന്നെ, സംസ്ഥാനത്താകെ ശബരിമല വിഷയമുയർത്തി വിശ്വാസികളെ ഇളക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫും ബിജെപിയും. തൃപ്പൂണിത്തുറയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ. ബാബുവിന് കെട്ടിവയ്‌ക്കാനുള്ള കാശു നൽകാൻ ശബരിമല മുൻ മേൽശാന്തി എത്തിയത് ഇതിനു സൂചനയാവുകയും ചെയ്തു.

  മന്ത്രി കടകംപള്ളിയുടെ പശ്ചാത്താപം

  2018ലെ ശബരിമല യുവതി പ്രവേശന വിവാദങ്ങളിൽ വിഷമമുണ്ടെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. ശബരിമലയിൽ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. ''2018ലെ സംഭവം നമ്മെയെല്ലാം വേദനിപ്പിച്ച സംഭവം. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവം. എല്ലാവർക്കും വിഷമുണ്ടാക്കി. എനിക്കും വല്ലാതെ വിഷമുണ്ടാക്കി''- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയം അടഞ്ഞ അധ്യായമാണ്. അന്നത്തെ സംഭവത്തിനുശേഷം നിരവധി ഉത്സവങ്ങൾ നടന്നു. നേരത്തെ ഉള്ളതിനെക്കാൾ മനോഹരമായി തന്നെ ഉത്സവം നടത്തി. വിശാല ബെഞ്ചിന്റെ വിധി എന്തായാലും ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ചു കൊണ്ടേ തീരുമാനത്തിലെത്തൂവെന്നും കഴക്കൂട്ടം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി കൂടിയായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

  പശ്ചാത്തപിച്ചതുകൊണ്ട് ഈ പ്രശ്നം അവസാനിക്കില്ലെന്ന് എൻഎസ്എസ്

  ''ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതിയിൽ നിലവിലുള്ള കേസുമായി ബന്ധപ്പെട്ട് 2007ലെ ഇടതുപക്ഷ ഗവൺമെന്റ് യുവതിപ്രവേശനത്തിന് അനുകൂലമായിട്ടാണ് 2007 നവംബര്ഡ‍ 13ന് കോടതി മുൻപാകെ സത്യവാങ്മൂലം നൽകിയത്. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന യുഡിഎഫ് ഗവൺമെന്റ്, വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്നും 2007ൽ അന്നത്തെ ഇടതു സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം Kerala Hindu Places of Public Worship (Authorisation of entry) Rule 1965 Rule 3(b)ക്ക് എതിരാണെന്നും, സംസ്ഥാന സർക്കാർ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസിൽ സ്വീകരിച്ച നിലപാടിന് വിരുദ്ധമായി സുപ്രീംകോടതിയിൽ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും ആയതിനാൽ 2007ലെ സത്യവാങ്മൂലം പിൻവലിക്കാൻ അനുവദിക്കണമെന്നും കാണിച്ച് സുപ്രീംകോടതിയിൽ 2016 ഫെബ്രുവരി 4ന് പുതിയ സത്യവാങ്മൂലം സമർപ്പിക്കുകയാണുണ്ടായത്. തുടർന്ന് വീണ്ടും ഇടതുപക്ഷ സർക്കാർ അധികാകരത്തിൽ വന്നപ്പോൾ 2007ലെ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് കാണിച്ച് വീണ്ടും ഒരു സത്യവാങ്മൂലം സമർപ്പിച്ചു. അതിനെ തുടർന്നാണ് 2018 സെപ്റ്റംബർ 28ന് 'എല്ലാ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണ'മെന്ന സുപ്രീംകോടതി വിധിയുണ്ടായത്.

  സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത ഏതൊരു ഗവൺമെന്റിനുമുണ്ട്, അത് ഞങ്ങൾ നടപ്പാക്കും' എന്ന് പ്രഖ്യാപിച്ചുകൊണ്ട്, വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെയും അവരുടെ ആവശ്യം പരിഗണിക്കാതെയും കോടതിവിധിയുടെ അടിസ്ഥാനത്തിൽ വിശ്വാസികൾക്ക് അനുകൂലമായി റിവ്യൂ ഹർജി ഫയൽ ചെയ്യുന്നതിനോ, കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനോ തയാറാകാതെ ഏതു മാർഗവും സ്വീകരിച്ച് കോടതി വിധി പെടുന്നനെ നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. അതിനെ തുടർന്ന് രാജ്യത്തെമ്പാടും ഉണ്ടായ സംഭവവികാസങ്ങൾക്ക് എല്ലാവർക്കും അറിവുള്ളതാണല്ലോ.

  'യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് 2018ൽ ശബരിമലയിൽ ഉണ്ടായ സംഭവങ്ങളിൽ ഖേദം ഉണ്ടെന്നും അന്നത്തെ സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും തനിക്ക് വല്ലാത്ത വിഷമമുണ്ട്' എന്നും ഉള്ള ദേവസ്വം മന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏതു സാഹചര്യത്തിൽ ഉണ്ടായിട്ടുള്ളതാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. മന്ത്രി ഇപ്പറഞ്ഞതിൽ ആത്മാർത്ഥതയുള്ള പക്ഷം, വിശ്വാസികളുടെ ആരാധനാവകാശം സംരക്ഷിക്കുന്നതിന് വേണ്ടി ശബരിമലയിൽ യുവതിപ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ട് കൊണ്ട് സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ മുന്നിൽ ഒരു പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യമായ സത്വര നടപടി സ്വീകരിക്കുകയാണ് വകുപ്പ് മന്ത്രി ചെയ്യേണ്ടത്. ഖേദം പ്രകടിപ്പിച്ചതുകൊണ്ടോ പശ്ചാത്തപിച്ചതുകൊണ്ടോ മാത്രം ഈ പ്രശ്നം അവസാനിക്കുന്നില്ല.''

  സീതാറാം യെച്ചൂരിയുടെ തിരുത്തൽ

  ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളില്‍ കടകംപള്ളി സുരേന്ദ്രൻ മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന് സീതാറാം യെച്ചൂരി. ''കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല. ശബരിമല വിഷയത്തിലെ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണ്. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാർട്ടി നയം''- യെച്ചൂരി പറഞ്ഞു.

  അന്തിമവിധി എല്ലാവരുമായും ആലോചിച്ച ശേഷമേ നടപ്പാക്കൂ: മുഖ്യമന്ത്രി

  ശബരിമല വിഷയത്തിൽ നേരത്തേ ഒരു നിലപാടെടുത്ത സുപ്രീം കോടതി പിന്നീടതിൽ ചില ഇളവുകൾ വരുത്തി. വിശ്വാസികളിൽ പ്രത്യേക അഭിപ്രായങ്ങൾ സൃഷ്ടിക്കുന്നതാണ് അന്തിമ വിധിയെങ്കിൽ എല്ലാവരുമായി ചർച്ച ചെയ്തേ തുടർനടപടി സ്വീകരിക്കൂ. തെരഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമലയിൽ പലർക്കും താത്പര്യം വന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്.

  ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം: കോടിയേരി ബാലകൃഷ്ണൻ

  ശബരിമല വിഷയത്തിൽ സിപിഎം വിശ്വാസികൾക്കൊപ്പമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. വിധി നടപ്പാക്കാൻ സർക്കാറിന് നിയമപരമായ ബാധ്യതയുണ്ട്. ഇക്കാര്യമാണ് സീതാറാം യെച്ചൂരി പറഞ്ഞത്. യുഡിഎഫിന് മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ശബരിമല വിഷയം പറയുന്നത്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് നീക്കം.

  'ശബരിമല അടഞ്ഞ അധ്യായം': കാനം രാജേന്ദ്രൻ

  ശബരിമല വിഷയത്തിൽ കോടതി വിധി വരെ കാത്തിരിക്കുകയാണ് മര്യാദ. ശബരിമല അടഞ്ഞ അധ്യായമാണ്. പ്രശ്നം ഇപ്പോൾ ചിലരുടെ മനസിൽ മാത്രമാണ്. ശബരിമല വിഷയത്തിൽ പ്രയാർ ഗോപാലകൃഷ്ണൻ കൊടുത്ത സത്യവാങ്മൂലത്തെ എതിർക്കുന്ന ഒന്നും ഇടത് സർക്കാർ കൊടുത്തിട്ടില്ല. ശബരിമല കടകംപള്ളി സുരേന്ദ്രൻ അല്ല വിവാദമുണ്ടാക്കിയത്. കോൺഗ്രസാണ് ചർച്ചയാക്കിയത്.

  കാനത്തിന്റേത് പാഴ്ശ്രമം: ജി. സുകുമാരൻ നായർ

  കാനത്തിന്റേത് സർക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമമാണ്. വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത് എല്ലാവരുമായും ആലോചിച്ചു മാത്രമേ നടപ്പാക്കൂ എന്നാണ്. അവരുടെ ജനറൽ സെക്രട്ടറിയുടെ പ്രസ്താവന ഇതിനു വിരുദ്ധമല്ലേ? ഇത് വിശ്വാസികളെ വിഡ്ഢികളാക്കാനാണ്

  ഇടത് ഇരട്ടത്താപ്പ്: കെ. സുരേന്ദ്രൻ

  ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ മനീതി സംഘത്തെയും അവിശ്വാസികളെയും ശബരിമലയിലെത്തിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ്. ആ പാപക്കറയിൽ നിന്ന് പിണറായിക്കോ കടകംപള്ളിക്കോ മോചനമില്ല. ശബരിമല വിഷയത്തിൽ സിപിഎമ്മിന്റേത് ഇരട്ടത്താപ്പാണ്.

  മാപ്പ് പറയണം: ചെന്നിത്തല

  കൂടിയാലോചിച്ചേ തീരുമാനമെടുക്കൂ എന്ന് ഇപ്പോൾ പറയുന്ന മുഖ്യമന്ത്രി നേരത്തേ ഇക്കാര്യത്തിൽ ശബരിമലയെ സംഘർഷ ഭൂമിയാക്കിയതിനും യുവതികളെ പ്രവേശിപ്പിച്ചതിനും പരസ്യമായി മാപ്പു പറയണം. ഖജനാവ് ധൂർത്തടിച്ച് അന്ന് വനിതാമതിൽ കെട്ടിയതും തെറ്റായിപ്പോയെന്ന് തുറന്നു പറയണം.
  Published by:Rajesh V
  First published: