റെയിൽവേ ട്രാക്കിലൂടെ നടന്ന 2 യുവതികൾ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു; ഒരാൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
- Published by:Arun krishna
- news18-malayalam
Last Updated:
മഴമൂലം റോഡില്‍ വെള്ളം കയറിയത് കാരണമാണ് ഇവര്‍ റെയില്‍വേ ട്രാക്കിലൂടെ ജോലിക്ക് പോയത്
തൃശൂര്‍ ചാലക്കുടിയില്‍ റെയിൽവേ ട്രാക്കിലൂടെ നടന്ന 2 യുവതികൾ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു. ഇവരില്‍ ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവതി ഗുരതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. വിജയരാഘവപുരത്ത് ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വിജയരാഘവപുരം സ്വദേശികളായ ചെമ്പോത്തുപറമ്പില്‍ മുജീബിന്റെ ഭാര്യ ഫൗസിയ (40), തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28) എന്നിവരാണ് തോട്ടിലേക്ക് വീണത്. ഗുരുതരമായി പരുക്കേറ്റ ദേവീകൃഷ്ണയാണ് മരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തിയായ മഴയും ഡാമുകള്‍ തുറന്നതും കാരണമാണ് റോഡുകളിലും മറ്റും വെള്ളം കയറിയത്. ഇതാണ് ഇവര്‍ ജോലിക്കായി ട്രാക്കിലൂടെ പോകാന്‍ കാരണം. ട്രെയിന്‍ വരുന്നതു കണ്ടു ട്രാക്കില്‍ നിന്നു മാറി വശത്തേയ്ക്കു നീങ്ങി നിന്നെങ്കിലും ട്രെയിന്റെ ശക്തമായ കാറ്റടിച്ച് ഇവര്‍ തോട്ടിലേക്ക് വീഴുകയായിരുന്നു. മൂന്നു പേര്‍ ചേര്‍ന്നാണ് ജോലിക്കായി ട്രാക്കിലൂടെ നടന്നു പോയിരുന്നത്. ഇതില്‍ ഒരാള്‍ വെള്ളക്കെട്ടില്‍ വീഴാതെ രക്ഷപ്പെട്ടു. ഇവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.
advertisement
തോട്ടിലുണ്ടായിരുന്ന കമ്പിയോ മരക്കുറ്റിയോ കാലില്‍ തുളച്ചു കയറിയതാണ് ദേവികൃഷ്ണയ്ക്കു കൂടുതല്‍ പരുക്കേല്‍ക്കാന്‍ കാരണം.മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് പായലും മറ്റും നീക്കി വെള്ളക്കെട്ട് നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നഗരസഭ കൗണ്‍സിലര്‍ ഷിബു വാലപ്പന്‍ അടക്കമുള്ളവര്‍ സംഭവസ്ഥലത്തിന് സമീപത്തുണ്ടായിരുന്നു. ഷിബു വാലപ്പന്റെയും പ്രദേശവാസിയായ പാറളാന്‍ ഉണ്ണിക്കൃഷ്ണന്‍, എന്നിവരുടെയും നേതൃത്വത്തില്‍ ഇരുവരെയും കരയിലെത്തിച്ച് ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 06, 2022 11:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റെയിൽവേ ട്രാക്കിലൂടെ നടന്ന 2 യുവതികൾ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു; ഒരാൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ