HOME /NEWS /Kerala / ആലപ്പുഴയിൽ ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; രണ്ടു ദിവസത്തിനുള്ളിൽ സമാനമായ അഞ്ചാം മരണം

ആലപ്പുഴയിൽ ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; രണ്ടു ദിവസത്തിനുള്ളിൽ സമാനമായ അഞ്ചാം മരണം

ആലപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഖില

ആലപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഖില

ആലപ്പുഴ ജില്ലയില്‍ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്. ഇന്നലെ ഉച്ചയ്ക്ക് വള്ളികുന്നത്ത് നവവധുവായ 19കാരി തൂങ്ങിമരിച്ചിരുന്നു. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ സമാനമായ രീതിയിലുള്ള അഞ്ചാമത്തെ മരണമാണിത്.

  • Share this:

    ആലപ്പുഴ: പുന്നപ്രയില്‍ ഭര്‍തൃ ഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വാടയ്ക്കല്‍ സ്വദേശി ഗോഡ്‌സന്റെ ഭാര്യ അഖിലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നാളുകളായി സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു അഖിലയെന്ന് വീട്ടുകാര്‍ പറഞ്ഞു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് കുട്ടികളുടെ അമ്മയാണ് അഖില.

    ആലപ്പുഴ ജില്ലയില്‍ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്. ഇന്നലെ ഉച്ചയ്ക്ക് വള്ളികുന്നത്ത് നവവധു സുചിത്ര തൂങ്ങിമരിച്ചിരുന്നു. രണ്ട് ദിവസത്തിനിടെ സമാനമായ രീതിയിലുള്ള അഞ്ചാമത്തെ മരണമാണിത്. കൊല്ലത്ത് ബാങ്ക് മാനേജരായ ശ്രീജ, പുനലൂരിൽ നഴ്സായ ലിജി ജോൺ, തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനി അർച്ചന എന്നിവരാണ് ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച ശാസ്താംകോട്ടയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയയെ മരിച്ച നിലയിൽ കണ്ട സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേയാണ് അഞ്ചു മരണം കൂടി സംഭവിച്ചത്.

    കൊല്ലത്ത് ബാങ്ക് മാനേജരായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    ബാങ്ക് മാനേജരായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉമയനല്ലൂർ പേരയം വൃന്ദാവനത്തിൽ വി എസ് ഗോപുവിന്റെ ഭാര്യ എസ് എസ് ശ്രീജ (32)യാണ് മരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ് ബി ഐയിൽ ഡെപ്യൂട്ടി മാനേജരായിരുന്നു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ശ്രീജയെ കണ്ടത്. ഭര്‍ത്താവ് ഗോപു ഏഴുമണിയോടെ പാല്‍ വാങ്ങാന്‍ പുറത്തു പോയ സമയത്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന് നല്‍കിയ മൊഴി. തിരിച്ചു വന്നപ്പോഴാണ് ശ്രീജയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അടുക്കളയോടു ചേര്‍ന്നുള്ള വർക്ക് ഏരിയയിലായിരുന്നു തൂങ്ങിനിൽക്കുന്നത് കണ്ടത്.

    ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണ സമയത്ത് ഗോപുവിന്റെ പ്രായംചെന്ന അച്ഛൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ച ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മൂന്നുമാസം മുൻപാണ് ശ്രീജ കോവിഡ് മുക്തയായത്.

    പുനലൂരിൽ നഴ്സായ യുവതി തീ കൊളുത്തി മരിച്ചു

    പുനലൂരിൽ യുവതി വീട്ടിൽ തീ കൊളുത്തി മരിച്ചു. മഞ്ഞമൺകാലായിൽ ലിജി ജോൺ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ലിജി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സംഭവ സമയത്ത് കുട്ടികൾ ട്യൂഷന് പോയിരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പുനലൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു. ഭർത്താവും കൊല്ലത്തെ ആശുപത്രിയിലെ നഴ്സാണ്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണ് ലിജിയുടേത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിനി അർച്ചന, ആലപ്പുഴ കായംകുളം സ്വദേശിനി സുചിത്ര എന്നിവരാണ് ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്. ഇന്നലെ ശാസ്താംകോട്ടയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തിരുന്നു.

    ആലപ്പുഴയി‍‍ൽ​ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    ആലപ്പുഴ വള്ളിക്കുന്നത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ലക്ഷ്മി ഭവനത്തില്‍ വിഷ്ണുവി​ന്റെ ഭാര്യ സുചിത്രയാണ് (19) മരിച്ചത്. ചൊവ്വാഴ്​ച രാവിലെ 11.30ന്​ മുറിയില്‍ തൂങ്ങിയനിലയില്‍ വിഷ്ണുവിന്റെ അമ്മയാണ്​ ആദ്യം കണ്ടത്​. തുടർന്ന്​ സമീപവാസികളെ വിളിച്ച് വരുത്തിയ ശേഷം സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    ഓച്ചിറ വലിയകുളങ്ങര സ്വദേശിനിയായ സുചിത്രയും ഉത്തരഖണ്ഡിൽ സൈനികനായ വിഷ്​ണുവും മാർച്ച്​ 21നാണ്​ വിവാഹിതരായത്​. സംഭവസമയത്ത്​ ഭർതൃമാതാവും പിതാവുമാണ് മാത്രമാണ്​​ വീട്ടിലുണ്ടായിരുന്നത്​. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    യുവതിയെ വാടകവീട്ടിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി

    വിഴിഞ്ഞം വെങ്ങാനൂരിൽ യുവതിയെ വാടകവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ സ്വദേശി അർച്ചന (24) ആണ് ഇന്നലെ രാത്രി മരിച്ചത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് സുരേഷ് പിടിയിലായി. വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുകയാണ്. മരണത്തിൽ ദുരൂഹത ആരോപിച്ച് അർച്ചനയുടെ ബന്ധുക്കൾ രംഗത്തെത്തി. ഇന്നലെയാണ് അർച്ചനയെ കുടുംബവീട്ടിൽനിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയിൽ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അർച്ചനയുടെ പിതാവ് അശോകൻ പറഞ്ഞു.

    ഉറുമ്പിനെ കൊല്ലാനാണ് ഡീസൽ എന്നാണ് പറഞ്ഞത്. രാത്രി എട്ടരയ്ക്ക് വീട്ടിൽനിന്ന് ഇറങ്ങി. പന്ത്രണ്ടരയ്ക്കാണ് അർച്ചന മരിച്ചെന്ന് അറിയിച്ചു വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുരേഷിന്റെ വീട്ടുകാർ പണവും ഓഹരിയും ചോദിച്ചിരുന്നതായും ഇതു സംബന്ധിച്ചു തർക്കം ഉണ്ടായിരുന്നതായും അർച്ചനയുടെ അമ്മ മോളി പറഞ്ഞു. ഒരു വർഷം മുൻപായിരുന്നു അർച്ചനയും സുരേഷും തമ്മിലുള്ള വിവാഹം.

    ''അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവൻ ഇടയ്ക്കിടെ വീട്ടിൽനിന്ന് പിണങ്ങി പോകാറുണ്ട്. രണ്ട് ദിവസം കഴിഞ്ഞൊക്കെയാണ് വരാറുള്ളത്. അവന്റെ വീട്ടിൽ പോയി അന്വേഷിച്ചാലും അവരും ഒന്നും പറയില്ല. ഫോൺ സ്വിച്ച് ഓഫ് ആക്കി വെയ്ക്കും. പലയിടത്തും അന്വേഷിച്ചാണ് അവനെ കണ്ടെത്താറുള്ളത്. പിന്നീട് തിരിച്ചെത്തിയാൽ ഇരുവരും വീണ്ടും സഹകരിച്ച് ജീവിക്കും. മരിക്കുന്നതിന്റെ തലേദിവസം അർച്ചനയും സുരേഷും ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. അവന്റെ കൈയിൽ ഒരു ലിറ്ററിന്റെ കുപ്പിയിൽ ഡീസലും ഉണ്ടായിരുന്നു. എന്തിനാണ് ഡീസലെന്ന് ചോദിച്ചപ്പോൾ വീട്ടിൽ ഉറുമ്പിന്റെ ശല്യമുണ്ടെന്നും അതിനാണെന്നും മറുപടി പറഞ്ഞു. ഉപ്പോ മഞ്ഞൾപൊടിയോ ഇട്ടാൽ പോരെയെന്ന് ചോദിച്ചപ്പോൾ അതൊന്നും ഇട്ടിട്ട് പോകുന്നില്ലെന്നായിരുന്നു മറുപടി''- അർച്ചനയുടെ പിതാവ് അശോകൻ പറയുന്നു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    First published:

    Tags: Alappuzha, Dowry death, Kollam, Punalur, Suicide, Vismaya Death