വാഹന ഉടമകളിൽ നിന്ന് ട്രാഫിക് പിരിച്ച 16 ലക്ഷം അടിച്ചുമാറ്റിയ സീനിയർ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
2018 മുതൽ 2022 വരെ ട്രാഫിക് പോലീസ് പിഴ അടപ്പിച്ച് പിരിച്ചെടുത്ത തുക തട്ടിയെടുത്തു എന്നാണ് മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനിൽ റൈറ്റർ ആയിരുന്ന ശാന്തി കൃഷ്ണനെതിരെയുള്ള കേസ്.
നാലുവർഷക്കാലം ട്രാഫിക് പെറ്റി കേസുകളിൽ ഈടാക്കിയ പിഴത്തുകയിൽ നിന്ന് 16 ലക്ഷത്തിലേറെ (16,76,650) രൂപയുടെ ക്രമക്കേട് നടത്തിയ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനിൽ റൈറ്റർ ആയിരുന്ന ശാന്തി കൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. 2018 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ 31 വരെ ട്രാഫിക് പോലീസ് പിഴ അടപ്പിച്ച് പിരിച്ചെടുത്ത തുക മുഴുവൻ ബാങ്കിൽ അടയ്ക്കാതെ രേഖകളിൽ കൃത്രിമം കാട്ടി തട്ടിയെടുത്തു എന്നാണ് കേസ്. നിലവിൽ മൂവാറ്റുപുഴ വാഴക്കുളം പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായി ഇരിക്കെയാണ് സസ്പെൻഷൻ.
ജില്ലാ പോലീസ് മേധാവി ഇതുസംബന്ധിച്ച് മൂവാറ്റുപുഴ ട്രാഫിക് എസ് ഐ ടി സിദ്ദിഖി നോട് വിശദീകരണം ചോദിച്ചിരുന്നു. തുടർന്ന് ജൂലൈ 21ന് എസ്ഐ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി കേസെടുത്തു. തുടർന്നാണ് സസ്പെൻഡ് ചെയ്തത്.
വനിതയുടെ തട്ടിപ്പ് എങ്ങനെ ?
ട്രാഫിക് കേസുകളിൽ പോലീസ് ഉദ്യോഗസ്ഥർ പിഴയായി ഈടാക്കുന്ന തുക അതത് ദിവസം റൈറ്ററെ ഏൽപ്പിക്കുകയാണ് ഇ പോസ് (E-POSE )യന്ത്രം വരുന്നതിനു മുൻപ് ചെയ്തിരുന്നത്. ഈ കണക്കുകൾ പോലീസ് സ്റ്റേഷനിലെ അക്കൗണ്ടുകളിലും, രജിസ്റ്ററുകളിലും ചേർത്തശേഷം ചെല്ലാൻ എഴുതി ബാങ്കിൽ അടയ്ക്കുന്നത് ചുമതലയുള്ള റൈറ്റർ ആണ്. രസീതുകളിലും, രജിസ്റ്ററുകളിലും യഥാർത്ഥ തുക എഴുതുകയും ചെല്ലാനിൽ കുറഞ്ഞ തുക രേഖപ്പെടുത്തി ബാങ്കിൽ അടക്കുകയും ചെയ്ത ശാന്തി കൃഷ്ണൻ പണം അടച്ചശേഷം ബാക്കി ഭാഗം എഴുതി ചേർക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. പലപ്പോഴും ഇരട്ട അക്കങ്ങൾ വരുന്ന ഘട്ടത്തിൽ ആദ്യം അക്കം ഒഴിവാക്കി ബാങ്കിൽ അടച്ചശേഷം തുക എഴുതിച്ചേർക്കും. പലതവണയാണ് ഇത്രയും തുകയുടെ ക്രമക്കേട് നടത്തിയിരിക്കുന്നത്.
advertisement
എന്തുകൊണ്ട് കണ്ടുപിടിക്കാൻ വൈകി
ജില്ലാ പോലീസ് ഓഫീസിലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ രസീതുകളിൽ വ്യത്യാസം കണ്ടെത്തി. തുടർന്ന് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻറ് പരിശോധിച്ചപ്പോഴാണ് വലിയ ക്രമക്കേട് കണ്ടെത്തിയത്. സാധാരണഗതിയിൽ ഡേ ബുക്കും, അക്കൗണ്ട് ബുക്കും രസീതും മാത്രമാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. ബാങ്ക് സ്റ്റേറ്റ്മെൻറ് എടുത്ത് പരിശോധിക്കാറില്ല ത്തതിനാലാണ് ക്രമക്കേട് കണ്ടെത്തുവാൻ വൈകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
July 24, 2025 11:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാഹന ഉടമകളിൽ നിന്ന് ട്രാഫിക് പിരിച്ച 16 ലക്ഷം അടിച്ചുമാറ്റിയ സീനിയർ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ