തിരുവനന്തപുരം: കിളിമാനൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞ് നിർത്തി പീഡിപ്പിയ്ക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ തൊളിക്കുഴി സ്വദേശി സന്തോഷ് ബാബു (38) ആണ് അറസ്റ്റിലായത്.
ഇന്നലെ വൈകുന്നേരം 5 മണിയ്ക്ക് കിളിമാനൂർ പുതിയകാവ് പൊതു മാർക്കറ്റിന് സമീപമുള്ള റോഡിൽ വച്ചായിരുന്നു സംഭവം. സ്കൂളിൽ നിന്ന് പഠനം കഴിഞ്ഞ് വിദ്യാർത്ഥിനി വീട്ടിലേയ്ക്ക് മടങ്ങുന്നതിനായി ബസ്റ്റാൻഡിലേക്ക് ഒറ്റയ്ക്ക് നടന്നു വരുമ്പോഴാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.
കുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി പ്രതിയുടെ കൈയിലുള്ള മൊബൈൽ ഫോണിലെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിയ്ക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്നും അഞ്ഞൂറിലധികം അശ്ലീല ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. ഫോൺ കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേയ്ക്ക് കൈമാറി.
Also Read- തൃശ്ശൂരിൽ സ്വകാര്യ ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
ബസ്റ്റാൻഡ് പരിസരത്ത് സ്ഥിരമായി കറങ്ങി നടക്കാറുള്ള പ്രതി മറ്റു പെൺകുട്ടികളോട് സമാനരീതിയിലുള്ള കൃത്യം ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ശിൽപയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനു കിളിമാനൂർ ഐഎസ്എച്ച് ഒ എസ്. സനൂജ് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ വിജിത്ത് കെ നായർ, എസ് സി പി ഒ മാരായ ഷിജു, ബിനു, സിപിഒ മാരായ വിനയചന്ദ്രൻ ഡബ്ലിയു സി പി ഒ ശ്രീക്കുട്ടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.