വ്യാജ യൂത്ത് കോണ്‍ഗ്രസ് ID കാര്‍ഡ് : പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും; 4 പ്രവര്‍ത്തകര്‍ അറസ്റ്റില്‍
- Published by:Rajesh V
- news18-malayalam
Last Updated:
അടൂർ സ്വദേശികളായ അഭി വിക്രം, ഫെനി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പുതിയ അധ്യക്ഷനായി സ്ഥാനമേറ്റ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് നോട്ടീസ് നല്‍കും. ശനിയാഴ്ചയാവും രാഹുലിലെ ചോദ്യം ചെയ്യുക. അടൂർ സ്വദേശികളായ അഭി വിക്രം, ഫെനി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.
കേസുമായി ബന്ധപ്പെട്ട് 24 വ്യാജ തിരിച്ചറിയൽ കാർഡുകൾ പൊലീസ് കണ്ടെടുത്തിരുന്നു. ഇത് വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്നാണ് കാർഡുകൾ കണ്ടെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഭിവിക്രമിന്റെ ഫോൺ, ബിനിലിന്റെ ലാപ്ടോപ് എന്നിവിടങ്ങളിൽ നിന്നാണ് കാർഡിന്റെ കോപ്പികൾ ലഭിച്ചത്. പ്രതികൾക്കെതിരെ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
Also Read- യൂത്ത് കോൺഗ്രസ് വ്യാജ ID കാർഡ് കേസിൽ പിടിയിലായവരെല്ലാം രാഹുൽ മാങ്കൂട്ടത്തലിന്റെ വിശ്വസ്തർ; കണ്ടെടുത്തത് 24 കാർഡുകൾ
വ്യാജ കാർഡുകൾ പരസ്പരം കൈമാറിയെന്നതിനും തെളിവ് ലഭിച്ചെന്ന് പൊലീസ് പറയുന്നു. പിടിച്ചെടുത്ത കാർഡുകൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ചശേഷം തുടർനടപടി സ്വീകരിക്കും. അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചു. കേസിൽ അടൂരിലെ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
advertisement
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതി പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. മ്യൂസിയം എസ്എച്ച്ഒ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സൈബര്‍ പൊലീസ് അടക്കം എട്ടംഗ പ്രത്യേക സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. ഡിസിപിയും കന്റോണ്‍മെന്റ് എസിയും മേല്‍നോട്ടം വഹിക്കും.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തവരുടെയും സ്ഥാനാർത്ഥികളുടെയും മൊഴി എടുക്കുന്നുണ്ട്. സംഘടനയില്‍ പരാതി ഉന്നയിച്ചവരുടെയും മൊഴി രേഖപ്പെടുത്തി. വ്യാജ ഐഡി ഉണ്ടാക്കിയ ആപ്ലിക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് സംഘം വെള്ളിയാഴ്ച റിപ്പോർട്ട് നൽകും.
advertisement
അതേസമയം, വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫിസ് യൂത്ത് കോൺഗ്രസിന് വീണ്ടും നോട്ടിസ് നൽകും. നേത്തെ നോട്ടിസ് നൽകിയിട്ടും വിശദീകരണം നൽകാത്ത പശ്ചാത്തലത്തിലാണ് നീക്കം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫിസ് വിശദീകരണം ആവശ്യപ്പെട്ട് 17ന് നോട്ടിസ് നൽകിയിരുന്നു. പൊലീസിന്റെ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഓഫീസ് അറിയിച്ചു.
advertisement
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിവേദനം നൽകിയിരുന്നു. നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ചവർ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം പുറത്തായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 22, 2023 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യാജ യൂത്ത് കോണ്‍ഗ്രസ് ID കാര്‍ഡ് : പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും; 4 പ്രവര്‍ത്തകര്‍ അറസ്റ്റില്‍