'ജോജുവിന്റെ കീച്ചി പാപ്പൻ വന്നാലും രോമത്തിൽ തൊടില്ല'; 'പണി' വിവാദത്തിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
സമൂഹ മാധ്യമമായ ഇൻസ്റ്റ ഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയുടെ പ്രതികരണം
പണി സിനിമയുടെ റിവ്യു വിവാദത്തിൽ ജോജു ജോർജിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി രംഗത്ത്.ജോജു അല്ല ജോജുവിന്റെ കീച്ചിപാപ്പൻ വന്നാലും ആദർശ് എന്ന ചെറുപ്പക്കാരന്റെ രോമത്തിൽ തൊടാൻ സാധിക്കില്ലെന്നും അനുവദിക്കുകയും ഇല്ലെന്നും അബിൻ വർക്കി സമൂഹമാധ്യമമായ ഇൻസ്റ്റ ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. താൻ വിമർശനങ്ങൾക്ക് അതീതനായിരിക്കും എന്ന് പറയാൻ ജോജു ഈദി അമീനോ കേരളം ഉഗാണ്ടയോ അല്ല. ജോജു എന്നല്ല ഈ രാജ്യം ഭരിക്കുന്ന ഭരണാധികാരികളെ വരെ മുഖത്ത് വിരൽ ചൂണ്ടി വിമർശിക്കാൻ അനുവദിക്കുന്ന ഭരണഘടനയും നിയമവുമുള്ള ഇന്ത്യ രാജ്യത്ത് ജോജുവിനെ പോലുള്ള അൽപ്പന്മാർ എത്ര ഓലിയിട്ടാലും മുഖത്ത് നോക്കി കൈവിരൽ ചൂണ്ടി വിമർശിക്കുക തന്നെ ചെയ്യുമെന്നും ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറയുന്നു.
ജോജു ജോർജ് സംവിധാനം ചെയ്ത് നായകനായി പുറത്തിറങ്ങിയ ചിത്രം പണിയെ വിമർശിച്ചുകൊണ്ട് ആദർശ് എന്ന യുവാവ് എഴുതിയ റിവ്യുവിനെത്തുടർന്ന് ജോജു ജോർജ് യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. യുവാവ് ഫോൺ സംഭാഷണമടക്കം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വിവാദമാകുകയും തുടർന്ന് ജോജു ജോർജ് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
അബിൻ വർക്കിയുടെ ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പൂർണ രൂപം
പണി എന്ന സിനിമ കണ്ടിട്ടില്ല. ആദർശ് എഴുതിയ നിരൂപണം പോലും വിവാദമായതിനുശേഷമാണ് വായിക്കുന്നത്. പക്ഷെ ഇത് രണ്ടും ആണെങ്കിലും ഒരു കാര്യം വളരെ വ്യക്തമായി പറയാം.
advertisement
ജോജു അല്ല ജോജുവിന്റെ കീച്ചിപാപ്പൻ വന്നാലും ആദർശ് എന്ന ചെറുപ്പക്കാരന്റെ രോമത്തിൽ തൊടാൻ സാധിക്കില്ല. അനുവദിക്കുകയും ഇല്ല.
ആദർശിനെ കാലങ്ങളായി അറിയാം. അക്കാഡമിക്കലി വളരെ മികച്ച ട്രാക്ക് റെക്കോഡുള്ള പ്രിയപ്പെട്ട സുഹൃത്ത്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടുള്ള ചെറുപ്പക്കാരൻ. നിലപാടുകൾ പറയുക മാത്രമല്ല എന്തുകൊണ്ട് താൻ ആ നിലപാടെടുത്തുവെന്ന് കൃത്യമായി വിശദീകരിക്കുകയും ചെയ്യും. അതിപ്പോ നമ്മെ അനുകൂലിക്കുകയാണെങ്കിലും പ്രതികൂലിക്കുകയാണെങ്കിലും. ചരിത്രബോധമുള്ള, നിയമ ബോധമുള്ള ജേണലിസ്റ്റ്. ഇങ്ങനെ പല വിശേഷണങ്ങൾക്കും ഉടമയായ സൗമ്യനായ ആദർശിനെ, താൻ ഇട്ട ഒരു പോസ്റ്റിന്റെ പേരിൽ ജോജുവിനെ പോലെ ഒരു സിനിമാ നടൻ നേരിട്ട് വിളിച്ച് അധിക്ഷേപിക്കുന്നുണ്ടെങ്കിൽ ഒരു കാര്യം ഉറപ്പാണ്, ജോജു തന്നെ കൊട്ടിഘോഷിക്കുന്ന ഈ ചിത്രത്തിന്റെ മികവിൽ അദ്ദേഹത്തിന് തന്നെ ഉറപ്പില്ല എന്നത്.
advertisement
താൻ വിമർശനങ്ങൾക്ക് അതീതനായിരിക്കും എന്ന് പറയാൻ ജോജു ഈദി അമീനോ കേരളം ഉഗാണ്ടയോ അല്ല. ജോജു എന്നല്ല ഈ രാജ്യം ഭരിക്കുന്ന ഭരണാധികാരികളെ വരെ മുഖത്ത് വിരൽ ചൂണ്ടി വിമർശിക്കാൻ അനുവദിക്കുന്ന ഭരണഘടനയും നിയമവുമുള്ള ഇന്ത്യ രാജ്യത്ത് ജോജുവിനെ പോലുള്ള അൽപ്പന്മാർ എത്ര ഓലിയിട്ടാലും മുഖത്ത് നോക്കി കൈവിരൽ ചൂണ്ടി വിമർശിക്കുക തന്നെ ചെയ്യും. അതിഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും സഹിച്ചേ പറ്റൂ. അതല്ല എന്നുണ്ടെങ്കിൽ നിത്യാനന്ദയെ പോലെ ജോജു സ്വന്തമായി കൈലാസ രാജ്യം ഉണ്ടാക്കി സ്വന്തം നിയമങ്ങൾ ഉണ്ടാക്കി ഏകാധിപതിയായി ജീവിക്കാം. ഈ രാജ്യത്ത് മറ്റൊന്നും നടക്കില്ല.. നടത്തുകയും ഇല്ല.
advertisement
അത് കൊണ്ട് ഷോ നിർത്തി മടങ്ങി ജീവിതത്തിലേക്ക് വരൂ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 03, 2024 12:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജോജുവിന്റെ കീച്ചി പാപ്പൻ വന്നാലും രോമത്തിൽ തൊടില്ല'; 'പണി' വിവാദത്തിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ്