ലൈസൻസില്ലാതെ മക്കൾ ഇരുചക്രവാഹനമോടിച്ചു; അമ്മമാർക്ക് 30,000 വീതം പിഴ; വാഹനത്തിന്റെ രജിസ്‌ട്രേഷൻ സസ്പെൻഡ് ചെയ്തു
- Published by:Rajesh V
- news18-malayalam
Last Updated:
കോഴിക്കോട് വടകരയിലും തലശ്ശേരിയിലുമാണ് കോടതികള്‍ അമ്മമാരെ ശിക്ഷിച്ചത്
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ഇരുചക്രവാഹനം ഓടിക്കാന്‍ നല്‍കിയ അമ്മമാര്‍ക്ക് പിഴചുമത്തി കോടതി. കോഴിക്കോട് വടകരയിലും തലശ്ശേരിയിലുമാണ് കോടതികള്‍ അമ്മമാരെ ശിക്ഷിച്ചത്. പതിനാറുകാരനായ മകന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ തലശ്ശേരി ചൊക്ലി കവിയൂര്‍ സ്വദേശിനിക്ക് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 30,000 രൂപ പിഴ വിധിച്ചു.
സ്‌കൂള്‍വിദ്യാര്‍ഥിയായ മകന്‍ ഏപ്രില്‍ മൂന്നിന് കവിയൂര്‍- പെരിങ്ങാടി റോഡില്‍ അപകടകരമായ നിലയില്‍ ബൈക്ക് ഓടിച്ചിരുന്നു. ചൊക്ലി സബ് ഇന്‍സ്‌പെക്ടര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ ബൈക്കോടിച്ച് പോയി. വാഹന ഉടമ ജീവിച്ചിരിപ്പില്ലെന്നും വാഹനം കൈവശംവെച്ച് കുട്ടിക്ക് ഓടിക്കാന്‍ നല്‍കിയത് മാതാവാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. തുടര്‍ന്നാണ് ചൊക്ലി പൊലീസ് കുറ്റപത്രം നല്‍കിയത്.
മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ വടകര മടപ്പള്ളി സ്വദേശിനിക്കാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 30,200 രൂപ പിഴയും കോടതി പിരിയുംവരെ തടവും വിധിച്ചത്. ചോമ്പാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. വാഹന രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.
advertisement
18 വയസില്‍ താഴെയുള്ള കുട്ടികള്‍ വാഹനവുമായി നിരത്തിലിറങ്ങി പിടിയിലായാല്‍ രക്ഷിതാക്കളുടെപേരില്‍ കേസെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ രക്ഷിതാവിന് അല്ലെങ്കിൽ വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കും. വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കും.
വാഹനം ഓടിച്ച കുട്ടിക്ക് ഏഴുവര്‍ഷം കഴിഞ്ഞ് മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ പറ്റൂ. ഇതിനിടയ്ക്ക് 18 വയസായാലും ലൈസന്‍സ് കിട്ടില്ല. മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ 2019ലാണ് പ്രാബല്യത്തിൽ വന്നത്.
Location :
Kozhikode,Kozhikode,Kerala
First Published :
August 23, 2023 1:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ലൈസൻസില്ലാതെ മക്കൾ ഇരുചക്രവാഹനമോടിച്ചു; അമ്മമാർക്ക് 30,000 വീതം പിഴ; വാഹനത്തിന്റെ രജിസ്‌ട്രേഷൻ സസ്പെൻഡ് ചെയ്തു