ഭാര്യയ്ക്ക് പാചകം അറിയാത്തത് വിവാഹമോചനത്തിന് കാരണമല്ല; ക്രൂരതയായി കണക്കാക്കാനാകില്ല: ഹൈക്കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
ഏറെക്കാലമായി ഒന്നിച്ചു കഴിയാത്തതുകൊണ്ട് പ്രായോഗികമായും വൈകാരികമായും വിവാഹബന്ധം ഇല്ലാതായെന്നുള്ള ഭർത്താവിന്റെ വാദം കോടതി തള്ളി
കൊച്ചി: ഭാര്യയ്ക്ക് പാചകം അറിയാത്തതും ഭർത്താവിന് ഭക്ഷണം ഉണ്ടാക്കി നൽകാത്തതും വിവാഹമോചനത്തിന് കാരണമായ ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഏറെക്കാലമായി ഒന്നിച്ചു കഴിയാത്തതുകൊണ്ട് പ്രായോഗികമായും വൈകാരികമായും വിവാഹബന്ധം ഇല്ലാതായെന്നുള്ള ഭർത്താവിന്റെ വാദം തള്ളിയ കോടതി, ഒരു കക്ഷിക്ക് ഏകപക്ഷീയമായി വിവാഹമോചന തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.
Also Read- ‘ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എല്ലാ പൗരന്മാർക്കും; വിവേചനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം’
തൃശൂർ കുടുംബക്കോടതി വിവാഹമോചന ഹർജി അനുവദിക്കാത്തതിനെതിരെ അയ്യന്തോൾ സ്വദേശിയായ ഭർത്താവ് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 10 വർഷമായി അകന്നു കഴിയുന്നതിനാൽ പ്രായോഗികമായി വിവാഹം ഇല്ലാതായെന്ന വാദം അംഗീകരിക്കാനാവില്ലെന്നും സ്വയം സൃഷ്ടിച്ച സാഹചര്യത്തെ പഴിചാരി നേട്ടമെടുക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
advertisement
Also Read- ഒരുമിച്ച് താമസിച്ചാൽ ഭാര്യാഭർത്താക്കന്മാരാകില്ല; യുവതി ജീവനൊടുക്കിയ കേസിൽ ശിക്ഷ ഹൈക്കോടതി റദ്ദാക്കി
2012ലായിരുന്നു വിവാഹം. ഭാര്യയ്ക്ക് ബഹുമാനമില്ല, ബന്ധുക്കളുടെ മുന്നിൽ അപമാനിച്ചു, പാചകമറിയില്ല, ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ല, തന്റെ ജോലികളയാനായി വിദേശത്തുള്ള തൊഴിലുടമയ്ക്ക് കത്തെഴുതി, തന്റെ ശരീരത്തിൽ തുപ്പി തുടങ്ങിയ ആരോപണങ്ങളാണ് ഭർത്താവ് ഉന്നയിച്ചത്.
എന്നാൽ ഭർത്താവിന് മാനസിക പ്രശ്നങ്ങളും പെരുമാറ്റ വൈകല്യവുമുണ്ടെന്ന് ഭാര്യ ആരോപിച്ചു. ഒന്നിച്ചുതാമസിക്കാനുള്ള ആഗ്രഹത്തിന്റെ പേരിലാണ് തൊഴിലുടമയ്ക്കടക്കം കത്തയച്ചതെന്നും മാനസികപ്രശ്നങ്ങൾക്ക് ഭർത്താവ് ചികിത്സതേടിയിട്ടുണ്ടെന്നും ഭാര്യ ചൂണ്ടിക്കാട്ടി. മനോരോഗവിദഗ്ധനെ കണ്ടതായി ഭർത്താവ് തന്നെ സമ്മതിക്കുന്നുണ്ടെന്ന് വിലയിരുത്തിയ കോടതി വിവാഹമോചനം നിരസിച്ച കുടുംബക്കോടതി വിധിയിൽ ഇടപെടാൻ കാരണമില്ലെന്ന് വ്യക്തമാക്കി. തുടർന്നാണ് ഹർജി തള്ളിക്കൊണ്ട് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
Location :
Kochi,Ernakulam,Kerala
First Published :
October 19, 2023 7:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ഭാര്യയ്ക്ക് പാചകം അറിയാത്തത് വിവാഹമോചനത്തിന് കാരണമല്ല; ക്രൂരതയായി കണക്കാക്കാനാകില്ല: ഹൈക്കോടതി