കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. എട്ടാഴ്ചത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തത്. മാലിന്യപ്രശ്നത്തില്‍ ഹൈക്കോടതി നിരീക്ഷണം തുടരും. കോർപറേഷന്‍റെ ആവശ്യം പരിഗണിച്ചാണ് പിഴ തുക അടയ്ക്കാൻ രണ്ട് മാസത്തെ കാലാവധി നീട്ടി നൽകിയത്.
തീപിടിത്തതിന് പിന്നാലെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ വീഴ്ചകൾ ബോദ്ധ്യമായതിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ, കൊച്ചി കോർപ്പറേഷന് നൂറ് കോടി രൂപ പിഴ ചുമത്തിയത്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ വൈകിയതോടെ റോഡുകൾ മാലിന്യകൂമ്പാരമായെന്ന് ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാലിന്യ സംസ്കരണത്തിൽ പ്രശ്നങ്ങൾ തുടങ്ങിയതോടെ കൊച്ചിയിലെ റോഡുകൾ ബ്രഹ്മപുരത്തിന് തുല്ല്യമായെന്നും കോടതി നിരീക്ഷിച്ചു.
പ്ലാസ്റ്റിക് വേർതിരിക്കാതെ എല്ലാ തരം മാലിന്യവും കൂട്ടിക്കലർത്തി ജനങ്ങൾ പൊതുനിരത്തിൽ തള്ളുന്നതാണ് വെല്ലുവിളിയെന്ന് കൊച്ചിൻ കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. 210-230 ടണ്‍ ജൈവമാലിന്യങ്ങൾ പ്രതിദിനം ശേഖരിക്കുന്നുണ്ട്. ഏപ്രിൽ നാല് മുതൽ ലെഗസി വേസ്റ്റും സ്വീകരിക്കുന്നുണ്ടെങ്കിലും കൂട്ടികലർന്ന രീതിയിൽ മാലിന്യം പൊതുനിരത്തിൽ എത്തുന്നത് പ്രതിസന്ധിയെന്നാണ് കോർപറേഷന്‍റെ വിശദീകരണം.
Also Read- കേരളത്തിൽ സിപിഐക്ക് പുതിയ ആസ്ഥാന മന്ദിരം; എം എൻ സ്മാരകം ഉയരുക 10 കോടി ചെലവിൽ
മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ ജലസ്രോതസുകളിലെ സാംപിളുകളിൽ ഇ- കോളി ബാക്ടിരിയയുടെ സാന്നിധ്യം ഉണ്ടെന്ന് ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു. ഈ വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നതെന്ന് ജസ്റ്റിസുമാരായ എസ് വി ഭാട്ടി, ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു. ബ്രഹ്മപുരം വിഷയത്തിൽ നിരീക്ഷണം തുടരുമെന്ന് വ്യക്തമാക്കിയ കോടതി മെയ് രണ്ടിന് തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് ജില്ല കളക്ടർക്കും കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്കും നിർദ്ദേശം നൽകി. കേസ് മെയ് 23 ന് വീണ്ടും പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Brahmapuram, Brahmapuram fire, Brahmapuram fire break out, Brahmapuram plant, Kerala high court, National Green Tribunal