തിരുവനന്തപുരം: സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്മാരകം പൊളിച്ച് പുതിയ കെട്ടിടം നിർമിക്കുന്നു. പത്തുകോടി ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന്റെ നിർമാണം ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ കെട്ടിടം നിർമിക്കാൻ ആവശ്യമായ തുക പൊതുജനങ്ങളിൽ നിന്ന് നിന്ന് പരിച്ചെടുക്കും.
നേതാക്കൾക്ക് താമസ സൗകര്യമടക്കം പുതിയ കെട്ടിടത്തിലുണ്ടാകും. 40 കാറുകൾ പാർക്ക് ചെയ്യാനാകും. എന്നാൽ പുറംമോടിയിൽ മാറ്റമുണ്ടാകില്ല. പുതിയ കെട്ടിടം നിർമിക്കുന്നതുവരെ പാർട്ടി ആസ്ഥാനം പട്ടത്തെ പി എസ് ശ്രീനിവാസൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഓഫീസ് മാറ്റവുമായി ഇവിടെ തിരക്കിട്ട് അറ്റകുറ്റ പണികള്‍ നടക്കുകയാണ്. ഈ ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ സംസ്ഥാന കൗണ്‍സില്‍ ഓഫീസ് അവിടേക്ക് മാറ്റാനാണ് ധാരണ.
പൂമുഖവും ലൈബ്രറി മുറിയും അസിസ്റ്റന്റ് സെക്രട്ടറിമാരുടെ മുറിയും നിലനിര്‍ത്തി പിന്നിലേക്കുളള ഭാഗം പൊളിച്ചുമാറ്റും. അവിടെ എല്ലാ അധുനിക സൗകര്യങ്ങളോടും കൂടി ബഹുനില കെട്ടിടം നിർമിക്കാനാണ് പദ്ധതി. ധനസമാഹരണത്തിനായി ഓരോ ജില്ലാ കൗണ്‍സിലുകള്‍ക്കും പിരിച്ചെടുക്കേണ്ട തുക സംബന്ധിച്ച ക്വാട്ട നിശ്ചയിച്ച് നല്‍കി.
പാര്‍ട്ടിക്ക് സ്വാധീനമുള്ള തൃശൂര്‍, കൊല്ലം ജില്ലകള്‍ക്ക് ഒരു കോടി രൂപവീതമാണ് ക്വാട്ട. തലസ്ഥാന ജില്ലയെന്ന നിലയില്‍ തിരുവനന്തപുരം ജില്ലാ കൗണ്‍സിലും ഒരുകോടി രൂപ കണ്ടെത്തി നല്‍കണമെന്നാണ് നിർദേശം. ആലപ്പുഴ, ഇടുക്കി ജില്ലകള്‍ക്ക് 85ലക്ഷം രൂപ വീതമാണ് ക്വാട്ട നിശ്ചയിച്ചത്. കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ‍് ജില്ലകള്‍ 50ലക്ഷം രൂപവീതം കെട്ടിടനിർമാണഫണ്ടിലേക്ക് പിരിവെടുത്ത് കൈമാറണം.
എം എന്‍ സ്മാരക നവീകരണത്തിലേക്ക് മന്ത്രിമാരും എം പിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും ഒരുമാസത്തെ ശമ്പളം നല്‍കണം. പാര്‍ട്ടി അംഗങ്ങളായ സര്‍ക്കാര്‍ ജീവനക്കാരും മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫംഗങ്ങളും ഒരുദിവസത്തെ ശമ്പളം നല്‍കണമെന്നാണ് സംസ്ഥാന കൗണ്‍സില്‍ തീരുമാനം. പാര്‍ട്ടിക്ക് കീഴിലുള്ള സര്‍വീസ് സംഘടനകള്‍ക്കും നിര്‍മാണഫണ്ടിലേക്കുള്ള പിരവിന് ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സര്‍വീസ് സംഘടനകളുടെ പിരിവ് ഏകോപിപ്പിക്കുന്നത്. മെയ് 1 മുതല്‍ 10 വരെ നീളുന്ന ധനസമാഹരണ യജ്ഞത്തിലൂടെ പണപ്പിരിവ് പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
തമ്പാനൂര്‍ മോഡല്‍ സ്കൂൾ ജംഗ്ഷന് സമീപം തലയുയര്‍ത്തിനില്‍ക്കുന്ന എം എന്‍ സമാരകം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇടംപിടിച്ച മന്ദിരമാണ്. സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്റര്‍ നിലവില്‍ വരുന്നതിന് മുൻപ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലത്താണ് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ആസ്ഥാനമായി കെട്ടിടം നിർമിക്കുന്നത്.
Also Read- അയോഗ്യതക്ക് ശേഷം ആദ്യമായി രാഹുലും പ്രിയങ്കയും വയനാട്ടിൽ; വൻ സ്വീകരണം
1957ല്‍ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പാര്‍ട്ടിയെ നയിച്ച എം എന്‍ ഗോവിന്ദന്‍ നായരുടെ നിര്യാണത്തിന് ശേഷം കെട്ടിടം അദ്ദേഹത്തിന്റെ സ്മാരകമാക്കുകയായിരുന്നു. അങ്ങനെയാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസിന് എം എന്‍ സ്മാരകം എന്ന പേരുവന്നത്. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ച രൂപരേഖ അനുസരിച്ചാണ് എം എന്‍ സ്മാരകത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
എം എന്‍ സ്മാരകത്തില്‍ ബഹുനില കെട്ടിടം നിര്‍മിക്കുന്നതിനൊപ്പം, അതിന്റെ വലതുഭാഗത്തുളള ഷെല്‍റ്റര്‍ കെട്ടിടവും പൊളിച്ച് മൂന്ന് നിലയുള്ള പുതിയ മന്ദിരം നിർമിക്കും. പാര്‍ട്ടി എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ക്ക് താമസ സൗകര്യത്തിന് വേണ്ടിയാണ് ഈ നിര്‍മാണം. സിപിഐക്ക് മുന്‍പ് തന്നെ സിപിഎമ്മും പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിന് സമീപത്ത് തന്നെയാണ് 30 കോടിയോളം രൂപ ചെലവിട്ട് പുതിയ കെട്ടിടം നിർമിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpi, Kerala news