'അഭിഭാഷകന്റെ ചേംബറില്‍വെച്ച് പരസ്പരം മാലയിട്ട് വിവാഹം നടത്താം': സുപ്രീം കോടതി
- Published by:Sarika KP
- news18-malayalam
Last Updated:
സാധുവായ ഒരു വിവാഹത്തിന് ഒരു പുരോഹിതന്റെ സാന്നിധ്യം ആവശ്യമില്ല എന്നതാണ് ഈ വ്യവസ്ഥയിൽ ഊന്നിപ്പറയുന്നത്.
അഭിഭാഷകന്റെ ചേംബറില്‍വെച്ച് വരനും വധുവും പരസ്പരം മാലയും മോതിരവും കൈമാറുന്ന ലളിതമായ ചടങ്ങിലൂടെയും വിവാഹം നടത്താമെന്ന് സുപ്രീം കോടതി. ഹിന്ദു മാരേജ് ആക്ട് പ്രകാരം, അപരിചിതരായ ആളുകളുടെ മുന്നില്‍ വെച്ച് രഹസ്യമായി നടത്തുന്ന വിവാഹം സാധുവല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയിന്മേലാണ് സുപ്രീം കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മാരേജ് ആക്ട് അനുച്ഛേദം 7(എ) പ്രകാരം, സഹൃത്ത്/ബന്ധു/സാമൂഹികപ്രവര്‍ത്തകന്‍ തുടങ്ങിയ നിലയില്‍ അഭിഭാഷകര്‍ക്ക് വിവാഹം നടത്താന്‍ കഴിയുമെന്ന് ജസ്റ്റിസമാരായ എസ്. രവീന്ദ്ര ഭട്ടും അരവിന്ദ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റ് വ്യക്തികളുടെയോ സാന്നിധ്യത്തില്‍, രണ്ട് ഹിന്ദുക്കള്‍ തമ്മില്‍ നടക്കുന്ന ഏത് വിവാഹത്തിനും സാധുതയുണ്ടെന്ന് അനുച്ഛേദം 7-എയില്‍ പറയുന്നു. സാധുവായ ഒരു വിവാഹത്തിന് ഒരു പുരോഹിതന്റെ സാന്നിധ്യം ആവശ്യമില്ല എന്നതാണ് ഈ വ്യവസ്ഥയിൽ ഊന്നിപ്പറയുന്നത്.
advertisement
വിവാഹിതരാകാൻ താത്പര്യപ്പെടുന്ന കക്ഷികള്‍ക്ക് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റ് വ്യക്തികളുടെയോ സാന്നിധ്യത്തില്‍ അത് നടത്താമെന്നും കക്ഷികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഭാര്യയായോ ഭര്‍ത്താവായോ സ്വീകരിക്കുന്നു എന്നു പറയാമെന്നും അനുച്ഛേദത്തില്‍ പറയുന്നു. വരനും വധുവും പരസ്പരം മാല ചാര്‍ത്തുകയോ വിരലില്‍ മോതിരം ഇടുകയോ താലി കെട്ടുകയോ ചെയ്യുന്ന ലളിതമായ ചടങ്ങിലൂടെ വിവാഹം പൂര്‍ത്തിയാകും എന്നും അനുച്ഛേദത്തില്‍ പറയുന്നു. സാധുവായ വിവാഹത്തിന് ഈ ചടങ്ങുകളില്‍ ഏതെങ്കിലും മതിയാകും (പരസ്പരം മാലയിടുന്നതോ,മോതിരം കൈമാറുന്നതോ, താലികെട്ടുന്നതോ)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്ത അഭിഭാഷകര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ച മദ്രാസ് ഹൈക്കോടതിയുടെ 2023 മേയ് അഞ്ചിലെ ഉത്തരവിനെതിരേ നല്‍കിയ ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചു.
advertisement
അഭിഭാഷകരെ സാധുവാക്കി നടത്തുന്ന വിവാഹം സാധുവല്ലെന്ന് 2014-ല്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബാലകൃഷ്ണ പാണ്ഡ്യന്‍ V/s ദ സൂപ്രണ്ട് ഓഫ് പോലീസ് കേസിലാണ് (Balakrishna Pandian vs The Superintendent of Police) ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇപ്പോള്‍ പുതിയ ഉത്തരവിട്ടിരിക്കുന്നത്.
Location :
New Delhi,New Delhi,Delhi
First Published :
August 30, 2023 9:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
'അഭിഭാഷകന്റെ ചേംബറില്‍വെച്ച് പരസ്പരം മാലയിട്ട് വിവാഹം നടത്താം': സുപ്രീം കോടതി