തൊഴിലാളി 'ചുരുളി' ആയാലും മേലധികാരി സഹിക്കണം; തെറി പറയുന്നത് പിരിച്ചു വിടാൻ പറ്റിയ കുറ്റമല്ലെന്ന് ഹൈക്കോടതി

Last Updated:

ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ് വൈദ്യനാഥനും ജസ്റ്റിസ് ആർ കലൈമതിയും അടങ്ങുന്ന ബെഞ്ചാണ് തെറിവാക്കുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ തെറ്റല്ല എന്ന് നിരീക്ഷിച്ചത്

Madras Highcourt
Madras Highcourt
തെറി പറഞ്ഞതിന്റെ പേരിൽ തൊഴിലാളിയെ ജോലിയിൽ നിന്നും പിരിച്ചുവിടാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് പിരിച്ചുവിടൽ നടപടികളിലേക്ക് കടക്കാൻ മാത്രം ഗുരുതരമായ കുറ്റമായി കണക്കാക്കാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. മേലുദ്യോഗസ്ഥനെ തെറി പറഞ്ഞതിൻ്റെ പേരിൽ പരാതിക്കാരനെ ജോലിയിൽ നിന്നും പിരിച്ചു വിട്ട മാനേജ്‌മെന്റ് നടപടി ശരിവച്ചുകൊണ്ടുള്ള ലേബർ കോടതി ഉത്തരവിനെതിരായ അപ്പീലിൽ വാദം കേൾക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ് വൈദ്യനാഥനും ജസ്റ്റിസ് ആർ കലൈമതിയും അടങ്ങുന്ന ബെഞ്ചാണ് തെറിവാക്കുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ തെറ്റല്ല എന്ന് നിരീക്ഷിച്ചത്. ഹിന്ദുസ്ഥാൻ ലെവർ ലിമിറ്റഡ് തേയിലത്തൊഴിലാളി ക്ഷേമ യൂണിയന്റെ സെക്രട്ടറിയാണ് പരാതിക്കാരനായ തൊഴിലാളി. പരാതിക്കാരൻ ഒരു യോഗത്തിൽ പങ്കെടുത്തതായും, യോഗത്തിൽ വച്ച് ടോട്ടൽ പ്രൊഡക്ടീവ് മെയിന്റനൻസിന്റെ ചുമതലയുള്ള സുന്ദരം എന്നയാൾ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് തൊഴിലാളികൾക്കിടയിൽ വലിയ പ്രതിഷേധങ്ങളുയർന്നു.
advertisement
പരാതിക്കാരനായ തൊഴിലാളി മറ്റു തൊഴിലാളികളെ അനുനയിപ്പിച്ച് ജോലി തുടരാൻ അഭ്യർത്ഥിക്കുകയും, ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥനോട് യൂണിയനുമായി വിഷയം ചർച്ച ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പിരിച്ചുവിടലിന് കാരണമായ സംഭവം നടന്നത്. ഇതേത്തുടർന്ന് പരാതിക്കാരനെതിരായി അന്വേഷണ ഉത്തരവ് ഇറക്കുകയും, തെറ്റായ ആരോപണങ്ങൾ എഴുതിച്ചേർത്ത മെമ്മോ നൽകുകയും ചെയ്തതായും പരാതിയുണ്ട്. വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു.
എന്നാൽ, നീതിയുടെ പക്ഷം നിൽക്കാതെ, മാനേജ്‌മെന്റിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള വ്യാജ റിപ്പോർട്ടാണ് ഉദ്യോഗസ്ഥൻ സമർപ്പിച്ചതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. സംഭവത്തിൽ പരാതിക്കാരനായ തൊഴിലാളി മാനേജ്‌മെന്റിന് വിശദീകരണവും നൽകിയിരുന്നു. എന്നാൽ, അത് പരിഗണിക്കാതെ, പേരിനു മാത്രം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ശിക്ഷാ നടപടികളിലേക്ക് മാനേജ്‌മെന്റ് കടക്കുകയായിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. ഇത് കൊടിയ അനീതിയാണെന്നാണ് പരാതിക്കാരന്റെ പക്ഷം.
advertisement
യൂണിയൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനുള്ള പ്രതികാര നടപടിയാണിതെന്നും, മാനേജ്‌മെന്റ് നടപടി തൊഴിൽ നിയമങ്ങൾക്കെതിരാണെന്നും പരാതിക്കാരൻ പറയുന്നു. മോഡൽ സ്റ്റാന്റിംഗ് ഓർഡറിന്റെ 39(c) വകുപ്പും 1947ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്‌സ് ആക്ടും പരിഗണിക്കാതെയാണ് മാനേജ്‌മെന്റ് പിരിച്ചുവിടൽ നീക്കത്തിലേക്ക് കടന്നിരിക്കുന്നത്. പരാതിക്കാരനെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയോ, ചാർജ് ഷീറ്റിന് മറുപടി നൽകാനുള്ള അവസരം നൽകുകയോ ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്.
advertisement
വിശ്വാസവഞ്ചന ഒഴികെയുള്ള സാഹചര്യങ്ങളിലെല്ലാം, ജീവനക്കാരന്റെ മുൻകാല റെക്കോർഡുകൾ കൂടി കണക്കിലെടുത്തുകൊണ്ടു മാത്രമേ ശിക്ഷാ നടപടികളിലേക്ക് കടക്കാവൂ എന്നും ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു. ഇതിനു മുൻപ് 2001ൽ പരാതിക്കാരനായ തൊഴിലാളി ശിക്ഷാ നടപടികൾക്ക് വിധേയനായിട്ടുണ്ടെങ്കിലും, രണ്ടു സംഭവങ്ങൾക്കും ഇടയിലെ ദൈർഘ്യം കണക്കിലെടുത്താൽ അദ്ദേഹം പെരുമാറ്റദൂഷ്യമുള്ളയാളാണെന്ന് കരുതാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഈ കേസിൽ, തൊഴിലാളി തെറിവാക്കുകൾ ഉപയോഗിച്ചു എന്നത് ജോലിയിൽ നിന്നും പിരിച്ചുവിടാൻ തക്ക ഗുരുതര കുറ്റമായി കരുതേണ്ടതില്ലെന്നും ഹൈക്കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.
advertisement
ഫാക്ടറിയുടെയും മാനേജ്‌മെന്റിന്റെയും സമാധാനാന്തരീക്ഷത്തിന് കോട്ടം തട്ടുന്ന വിധത്തിൽ തൊഴിലാളികൾ പെരുമാറാൻ പാടില്ലെങ്കിലും, ടിപിഎം എക്‌സിക്യൂട്ടീവായ സുന്ദരത്തെ പരാതിക്കാരൻ തെറിവിളിച്ചതിനു പിന്നിലെ കാരണവും പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറയുന്നു. പരാതിക്കാരൻ മേലുദ്യോഗസ്ഥനോട് പെരുമാറിയ രീതി ശരിയായില്ല. എന്നാൽ, മേലുദ്യോഗസ്ഥന്റെ കോളറിൽ പിടിക്കാനും അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ച കാരണം കണ്ടെത്തണം. താഴേത്തട്ടിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളി യേശുവിനെപ്പോലെ മറുകരണം കാണിച്ചു കൊടുക്കും എന്നു കരുതുന്നതിൽ അർത്ഥമില്ലെന്നും കോടതി നിരീക്ഷിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Law/
തൊഴിലാളി 'ചുരുളി' ആയാലും മേലധികാരി സഹിക്കണം; തെറി പറയുന്നത് പിരിച്ചു വിടാൻ പറ്റിയ കുറ്റമല്ലെന്ന് ഹൈക്കോടതി
Next Article
advertisement
'വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു'; ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ
'വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു'; ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ
  • ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ രാജീവ് ചന്ദ്രശേഖർ വീണ് പരിക്കേറ്റു.

  • 'വേദനയോടെയാണെങ്കിലും വിലപ്പെട്ട പാഠം പഠിക്കാൻ കഴിഞ്ഞു' എന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

  • ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക എന്ന ഗുണപാഠം അദ്ദേഹം പങ്കുവച്ചു.

View All
advertisement